Source :- SIRAJLIVE NEWS
കോഴിക്കോട് | സംസ്ഥാന വഖഫ് ബോർഡ് പുനസംഘടിപ്പിച്ചപ്പോൾ സുന്നികളെ തഴഞ്ഞതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇതിനെതിരെ പ്രത്യക്ഷ സമരത്തിന് ഇറങ്ങാൻ ഒരുങ്ങുകയാണ് സുന്നി സംഘടനകൾ. ഇക്കാര്യം വ്യക്തമാക്കാൻ സുന്നി നേതാക്കൾ ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് മാധ്യമങ്ങളെ കാണും.
കെ എസ് ഹംസ ചെയർമാനായ വഖഫ് ബോർഡ് പിരിച്ചുവിട്ടാണ് സർക്കാർ പുതിയ ബോർഡിനെ തിരഞ്ഞെടുത്തത്. ലീഗ് നേതാവ് എം സി മായിൻ ഹാജിയാണ് ബോർഡ് ചെയർമാൻ. 11 അംഗ വഖഫ് ബോർഡിൽ രണ്ട് അമുസ്ലിം അംഗങ്ങൾ ഒഴികെ ഒൻപത് അംഗങ്ങളെയാണ് പുതുതായി തിരഞ്ഞെടുത്തത്. ഇതിൽ, 99 ശതമാനം വഖഫ് സ്വത്തുക്കളും കൈകാര്യം ചെയ്യുന്ന ഇരു വിഭാഗം സുന്നികൾക്കും പ്രാതിനിധ്യം നൽകിയിട്ടില്ല. ഇകെ വിഭാഗം സമസ്തയിൽ നിന്ന് പുറത്താക്കിയ മുസ്ഥഫൽ ഫൈസിക്കും ഒരു ശതമാനം വഖഫുകൾ പോലും കൈകാര്യം ചെയ്യാത്ത മുജാഹിദ്, ജമാഅത്ത് വിഭാഗങ്ങൾക്കും ബോർഡിൽ അംഗത്വം നൽകിയിട്ടുണ്ട്. ഇതിനെതിരെ സുന്നി സംഘടനകൾ രംഗത്ത് വന്നുകഴിഞ്ഞു.
എം സി മായിൻ ഹാജി
ബഹുഭൂരിപക്ഷം വഖഫുകളും നൽകുകയും അവ സംരക്ഷിക്കുകയും ചെയ്യുന്ന സുന്നികളെ തഴഞ്ഞത് വഞ്ചനയാണെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് പറഞ്ഞു. കേരളത്തിലെ 99 ശതമാനം വഖഫുകളും കൈകാര്യം ചെയ്യുന്ന ഇരു സമസ്തയെയും വെട്ടി നിരത്തി വഖഫ് ബോർഡ് പുന:സംഘടന അനീതിയാണ്. ഒരു ശതമാനം വഖഫുകൾ പോലും കൈകാര്യം ചെയ്യാത്ത മുജാഹിദ് ജമാഅത്തെ ഇസ്ലാമി വിഭാഗങ്ങൾക്ക് ബോർഡിൽ പ്രാതിനിധ്യം നൽകി. ഭരണകർത്താക്കൾ നാളെ മറുപടി പറയേണ്ടി വരുമെന്നും ഈ വഞ്ചനാ നിലപാടിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സർകാർ നിലപാട് അനീതിയും അന്യായവുമാണെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം പറഞ്ഞു. ഇരു സമസ്തകളും ചേർന്ന് നടത്തുന്നത് ഇരുപതിനായിരത്തിൽ പരം മദ്രസകളും ആയിരത്തോളം ഉന്നത മത വിദ്യാഭ്യാസ സ്ഥാപനങ്ങളും ആയിരക്കണക്കിന് മഹല്ലുകളുമാണ്. കേരളത്തിലെ വഖ്ഫ് സ്വത്തുക്കളുടെ ഭൂരിഭാഗവും നിയന്ത്രിക്കുന്നതും ഇരു സമസ്തകളും തന്നെ. എന്നിട്ടും പുതുതായി രൂപീകരിച്ച വഖ്ഫ് ബോർഡിൽ ഇരു സമസ്തകൾക്കും പ്രതിനിധികളില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Content Highlights:
Sunni organizations in Kerala are launching protests over the new Waqf Board reconstitution. Leaders allege that communities managing 99 percent of Waqf properties were ignored. A press meet is scheduled today to announce direct agitations.




