Home rss national malayalam പുതിയ വാർത്ത പുരി- എപ്സ്റ്റീൻ കൂടിക്കാഴ്ച; ആയുധമാക്കി പ്രതിപക്ഷം

പുരി- എപ്സ്റ്റീൻ കൂടിക്കാഴ്ച; ആയുധമാക്കി പ്രതിപക്ഷം

4
0

Source :- SIRAJLIVE NEWS

ന്യൂഡൽഹി | യു എസിൽ ശിക്ഷിക്കപ്പെട്ട ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമൊത്ത് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി നടത്തിയ കൂടിക്കാഴ്ചയുടെ പുതിയ ചിത്രങ്ങൾ പുറത്തുവന്നതോടെ കേന്ദ്ര സർക്കാറിനെതിരെ ആയുധമാക്കി പ്രതിപക്ഷം. കോൺഗ്രസ്സ്, മമത വിഭാഗം തൃണമൂൽ, എൻ സി പി- എസ് പി, ശിവസേന തുടങ്ങിയ കക്ഷികളാണ് എപ്സ്റ്റീനുമൊത്തുള്ള സ്വകാര്യ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയിൽ നിന്ന് മറുപടി ആവശ്യപ്പെട്ടത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവരെ വിഷയത്തിൽ കടന്നാക്രമിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത് രംഗത്തെത്തി. എപ്സ്റ്റീനുമായുള്ള ഹർദീപ് സിംഗ് പുരിയുടെ ചിത്രങ്ങൾ വന്നിട്ടുണ്ട്. എന്താണ് ഇതിനർഥം? എന്തിനാണ് ഈ കൂടിക്കാഴ്ച നടത്തിയത്? അദ്ദേഹം ആരുടെ ദൂതനായിരുന്നു? മോദിയുടെ സന്ദേശം എത്തിക്കാനായിരുന്നോ? ഇത് ഒരു തുടക്കം മാത്രമാണ്. ഇനിയും വളരെയധികം കാര്യങ്ങൾ പുറത്തുവരാനുണ്ടെന്നും ഭരണമാറ്റം സംഭവിക്കുമെന്നും റാവത്ത് പറഞ്ഞു.

എപ്സ്റ്റീനുമായി തനിച്ച് കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന ഹർദീപ് സിംഗ് പുരിയുടെ വിശദീകരണം ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ്സ് വക്താവ് സുപ്രിയ ശ്രീനാഥെ രംഗത്തുവന്നത്. ഇത്തരം ആളുകളെയാണോ മോദിക്ക് ചുറ്റും നിർത്താൻ ഇഷ്ടപ്പെടുന്നതെന്ന് ചോദിച്ച അവർ, ആർ എസ് എസിനും വലതുപക്ഷത്തിനും സ്ത്രീകളെ ബഹുമാനിക്കാനും തുല്യരായി കാണാനും കഴിയില്ലെന്നതിന് ഇനി എന്ത് തെളിവാണ് വേണ്ടതെന്നും ചോദിച്ചു. പ്രതിനിധി സംഘത്തിന്റെ ഭാഗമായി മാത്രമാണ് കൂടിക്കാഴ്ചയെങ്കിൽ, ഈ ചിത്രങ്ങളിൽ കൂടെയുള്ള മറ്റു പ്രതിനിധികൾ മേശക്കടിയിൽ ഒളിച്ചിരിക്കുകയാണോ എന്ന് പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമതാ ബാനർജി വിഭാഗം തൃണമൂൽ കോൺഗ്രസ്സ് എം പി മെഹുവ മൊയ്ത്ര പരിഹസിച്ചു. ചിത്രങ്ങൾ ഗൗരവമുള്ളതാണെന്നും തന്റെ നിലപാടിൽ മന്ത്രി വ്യക്തത വരുത്തണമെന്നും എൻ സി പി (എസ് പി) വക്താവ് അനീഷ് ഗവാണ്ടെയും ആവശ്യപ്പെട്ടു.

ഇന്റർനാഷനൽ പീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കീഴിലുള്ള ഇൻഡിപെൻഡന്റ് കമ്മീഷൻ ഓൺ മൾട്ടിലാറ്ററലിസത്തിന്റെ പ്രതിനിധി സംഘത്തിന്റെ ഭാഗമായി ഔദ്യോഗിക ആവശ്യങ്ങൾക്കായാണ് ജെഫ്രി എപ്സ്റ്റീനെ കണ്ടതെന്ന് ഹർദീപ് സിംഗ് പുരി വിശദീകരിക്കുന്നു. മൂന്നോ നാലോ തവണ താൻ അദ്ദേഹത്തെ കണ്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയ കേന്ദ്രമന്ത്രി, 2017ൽ കേന്ദ്ര മന്ത്രിസഭയിൽ ചേരുന്നതിന് മുന്പാണിതെന്നും വിശദീകരിച്ചിരുന്നു.

Content Highlights: Opposition parties launched a fierce attack on the central government after new photos surfaced showing Union Minister Hardeep Singh Puri with Jeffrey Epstein. Leaders like Sanjay Raut and Mahua Moitra demanded clarity on the meeting. Puri stated the interactions were official back in 2017.