Source :- SIRAJLIVE NEWS
കാലഹരണം സംഭവിച്ച നിയമങ്ങള്‍ റദ്ദാക്കുകയോ ഭേദഗതി വരുത്തുകയോ വേണമെന്ന കാര്യത്തില്‍ പക്ഷാന്തരമുണ്ടാകാനിടയില്ല. എന്നാല്‍ നിയമ ഭേദഗതിയിലൂടെ അവയുടെ ശക്തി ക്ഷയിപ്പിച്ച് തന്നിഷ്ടം നടപ്പാക്കുന്നതിന് നിയമനിര്‍മാണ സഭയില്‍ ഭൂരിപക്ഷം ലഭിച്ചാലും ഒര്‍ഥത്തില്‍ അമിതാധികാര പ്രയോഗമാണത്. “ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ്’ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി 2023ലാണ് കേന്ദ്ര സര്‍ക്കാര്‍ ജന്‍ വിശ്വാസ് ആക്ട് ആദ്യമായി കൊണ്ടുവന്നത്. അതുവഴി 42 കേന്ദ്ര നിയമങ്ങളിലെ 183 വകുപ്പുകളാണ് ഭേദഗതി വരുത്തിയത്. 2026ലെ രണ്ടാം ജന്‍ വിശ്വാസ് ആക്ടിലൂടെ 79 കേന്ദ്ര നിയമങ്ങളിലെ 784 വകുപ്പുകളും ഭേദഗതി ചെയ്തു.
നിസ്സാര കുറ്റകൃത്യങ്ങള്‍ക്ക് ജയില്‍ ശിക്ഷ നിശ്ചയിച്ചിരുന്ന വകുപ്പുകള്‍ ഡീക്രിമിനലൈസ് ചെയ്ത് പിഴയിലൊതുക്കുക എന്നതാണ് ജന്‍ വിശ്വാസ് ആക്ടുകളുടെ അന്തസ്സത്ത. എന്നാല്‍ രാജ്യത്തെ പരിസ്ഥിതിയിലും പ്രകൃതി വിഭവങ്ങളിലും കോര്‍പറേറ്റ് ഭീമന്മാര്ക്ക് ഭയരഹിതമായി ഇറങ്ങിക്കളിക്കാനുള്ള ഉപായമായി മാറി ജന്‍ വിശ്വാസ് ആക്ടുകള്‍ എന്നത് കാണാതിരുന്നു കൂടാ. പരിസ്ഥിതി നിയമങ്ങളില്‍ വെള്ളം ചേര്‍ത്തുകൊണ്ടുള്ള അപകടകരമായ നീക്കം ജന്‍ വിശ്വാസ് ആക്ടുകളുടെ മറവില്‍ നടന്നപ്പോള്‍ “പൊല്യൂട്ട് ആന്‍ഡ് പേ’ എന്ന സന്ദേശമാണ് കൈമാറ്റം ചെയ്യപ്പെട്ടത്. അതായത് പരിസ്ഥിതിക്ക് വിനാശകരവും മലിനീകരണമുണ്ടാക്കുന്നതുമായ പ്രവൃത്തി നടത്തിയാല്‍ പിഴയൊടുക്കി തടിയെടുക്കാം, അഴിയെണ്ണേണ്ടി വരില്ലെന്ന്. വനവും വെള്ളവും വായുവുമെല്ലാം സംരക്ഷിക്കുന്നതിന് തരക്കേടില്ലാത്ത നിയമ ചട്ടക്കൂടുകളുണ്ടായിട്ടും ശിക്ഷിക്കപ്പെടുന്ന സംഭവങ്ങള്‍ കുറവാണെന്ന യാഥാര്‍ഥ്യം നിലനില്‍ക്കെയാണ് വന്‍കിട കോര്‍പറേറ്റുകള്‍ക്ക് പ്രകൃതി വിഭവങ്ങള്‍ തീറെഴുതിക്കൊടുക്കുന്ന ജന്‍ വിശ്വാസ് ആക്ടുകള്‍ കൂടി കളംപിടിച്ചത്. ജന്‍ വിശ്വാസ് ആക്ടിനോട് സമാനമായ നീക്കമാണ് സരള്‍ നിയമത്തിലൂടെ കേരള സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്.
വ്യവസായ സൗഹൃദമാകണം, പക്ഷേ
ഒരു സംസ്ഥാനം- ഒരു അനുമതി- ഒരു രേഖ എന്ന ലക്ഷ്യത്തില്‍ വലിയ മൂലധന നിക്ഷേപമുള്ള പദ്ധതികള്‍ എളുപ്പം ആരംഭിക്കാനാകും വിധം പുതിയൊരു ചട്ടക്കൂടുണ്ടാക്കിയിരിക്കുകയാണ് സരള്‍ ആക്ട്. 25 കോടി രൂപക്ക് മുകളില്‍ മൂലധന നിക്ഷേപമുള്ള പദ്ധതികളില്‍ അനുമതി നല്‍കുക ജില്ലാ കലക്ടര്‍ അധ്യക്ഷനായ ഡിസ്ട്രിക്ട് ലെവല്‍ അപ്രൂവല്‍ കമ്മിറ്റിയും അമ്പത് കോടി രൂപയിലേറെ നിക്ഷേപമിറക്കുന്ന പദ്ധതികളുടെ പരിശോധന നടത്തി അംഗീകരിക്കുന്നത് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സ്റ്റേറ്റ് ലെവല്‍ അപ്രൂവല്‍ കമ്മിറ്റിയുമാണ്. വിവിധ വകുപ്പുകള്‍ക്കിടയില്‍ ഏകോപനം സാധ്യമാക്കുക വഴി അപേക്ഷ നല്കി 75 ദിവസങ്ങള്‍ക്കകം അനുമതി ലഭ്യമാക്കുമെന്നതാണ് സരള്‍ നിയമത്തിന്റെ പ്രധാന സവിശേഷതയായി സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. പുതിയ നിയമത്തിലൂടെ 19 നിയമങ്ങളിലെ വിവിധ വകുപ്പുകളുടെ ഉള്ളടക്കത്തിലും ഘടനയിലുമാണ് മാറ്റം വരുന്നത്. 2008ലെ കേരള നെല്‍വയല്‍ – തണ്ണീര്‍ത്തട സംരക്ഷണ നിയമം, 2002ലെ ഭൂഗര്‍ഭജല നിയമം, 1994ലെ കേരള പഞ്ചായത്ത് രാജ്, കേരള മുനിസിപ്പാലിറ്റി നിയമങ്ങള്‍ എന്നിവയെല്ലാം ഭേദഗതി വരുന്നവയില്‍ പെട്ടതാണ്.
പരിസ്ഥിതിയില്‍ കൈകടത്തുന്നു
സരള്‍ നിയമം സംസ്ഥാനത്തെ കൃഷിഭൂമിയെയും നെല്‍വയലുകളെയും ജലസ്രോതസ്സുകളെയുമെല്ലാം ദോഷകരമായി ബാധിക്കുമെന്ന ആക്ഷേപം അസ്ഥാനത്തല്ല. 2008ലെ നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം ത്രിതല സമിതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രദേശത്തെ കര്‍ഷകര്‍ ഉള്‍പ്പെടുന്ന പാടശേഖര കമ്മിറ്റികള്‍ക്ക് പ്രാതിനിധ്യമുള്ള പ്രാദേശികതല നിരീക്ഷണ സമിതികളാണ് നെല്‍വയലുകള്‍ക്കും നീര്‍ത്തടങ്ങള്‍ക്കും നേരെയുള്ള അനധികൃത കൈയേറ്റങ്ങള്‍ ഫലപ്രദമായി പ്രതിരോധിക്കുന്നതില്‍ മുന്പന്തിയിലുണ്ടാകാറുള്ളത്. പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും കൃഷി ഓഫീസര്‍ കണ്‍വീനറുമായ പ്രസ്തുത സമിതികളില്‍ വില്ലേജ് ഓഫീസര്‍ ഉള്‍പ്പെടെ അംഗങ്ങളാണ്. പ്രാദേശികതല നിരീക്ഷണ സമിതികള്‍ക്ക് അര്‍ധ ജുഡീഷ്യല്‍ സ്വഭാവത്തിലുള്ള അധികാരമുണ്ടായിട്ടും നെല്‍വയലുകളും നീര്‍ത്തടങ്ങളും നിയമവിരുദ്ധമായി നികത്തുന്നത് വ്യാപകമാണ് നാട്ടില്‍. എന്നിരിക്കെ പ്രാദേശിക നിരീക്ഷണ സമിതികളുടെ അധികാരം റദ്ദാക്കി സരള്‍ ആക്ട് പ്രകാരമുള്ള ഉദ്യോഗസ്ഥ സമിതിയുടെ തീരുമാനങ്ങളിലേക്ക് സംസ്ഥാനത്ത് അവശേഷിക്കുന്ന വയലുകളെയും നീര്‍ത്തടങ്ങളെയും എറിഞ്ഞുകൊടുക്കുന്നതാണ് സര്‍ക്കാറിന്റെ സമീപനം.
ഭേദഗതി വരുത്തുന്ന നിയമങ്ങളില്‍ പറയുന്ന അംഗീകൃത സമിതികളുടെ അധികാരം മേലില്‍ സ്റ്റേറ്റ് ലെവല്‍ അപ്രൂവല്‍ കമ്മിറ്റിക്കായിരിക്കുമെന്ന് സരള്‍ ആക്ടിന്റെ ഏഴാം വകുപ്പില്‍ കാണാം. 50 കോടി രൂപ വരെ മൂലധന നിക്ഷേപമുള്ള പദ്ധതികളില്‍ അതേ അധികാരം ഡിസ്ട്രിക്ട് ലെവല്‍ അപ്രൂവല്‍ കമ്മിറ്റിക്കുമാണെന്ന് 11ാം വകുപ്പിലുമുണ്ട്. അപ്പോള്‍ പിന്നെ പാടശേഖര കമ്മിറ്റികളുടെയും പ്രാദേശികതല നിരീക്ഷണ സമിതികളുടെയുമെല്ലാം ഇടം ചവറ്റുകൊട്ടയിലായിരിക്കുമെന്ന് വേണം മനസ്സിലാക്കാന്‍. ഇത്തരം കാതലായ ആശങ്കകള്‍ നിലനില്‍ക്കെ അങ്ങനെയൊന്നും സംഭവിക്കില്ലെന്ന ആശ്വാസവാക്കല്ല മന്ത്രിയും സര്‍ക്കാറും നല്‍കേണ്ടത്. പകരം നിയമപരിരക്ഷ ഉറപ്പുവരുത്തലാണ് ഭരണകൂടത്തിന്റെ കടമ.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്നുണ്ട് സരള്‍ നിയമം എന്നതും കാണാതിരിക്കാനാകില്ല. ഉത്തമ വിശ്വാസത്തോടെ പ്രവര്‍ത്തിച്ച
ഉദ്യോഗസ്ഥനെതിരെ ഒരു തരത്തിലുമുള്ള നിയമ നടപടിയും സ്വീകരിക്കാനാകാനാകില്ലെന്ന് സരള്‍ ആക്ടിന്റെ 26ാം വകുപ്പില്‍ കാണാം. സംസ്ഥാനത്തെ വ്യവസായ സൗഹൃദമാക്കാന്‍ എങ്ങനെയും പ്രവര്ത്തിക്കാമെന്നോതി ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ അധികാരം നല്കിയാല് ഓരോ പദ്ധതിയും അഴിമതിയുടെ കൂടി ചരിതമായിരിക്കും രചിക്കുക.
Content Highlights: Kerala’s new Saral Act aims to streamline investments but raises serious concerns over weakening environmental safeguards and local governance. Critics argue that bypassing local committees mirrors the Jan Vishwas Act by prioritizing corporate interests over natural resource protection. The legislation amends key acts including the 2008 Paddy Land and Wetland Protection Act.



