Home rss national malayalam പുതിയ വാർത്ത അയ്യായിരത്തിലേറെ വര്‍ഷത്തെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നവ; കുവൈത്തിലെ സുബിയ്യയില്‍ ആയിരത്തോളം പുരാതന ശവകുടീരങ്ങള്‍ കണ്ടെത്തി

അയ്യായിരത്തിലേറെ വര്‍ഷത്തെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നവ; കുവൈത്തിലെ സുബിയ്യയില്‍ ആയിരത്തോളം പുരാതന ശവകുടീരങ്ങള്‍ കണ്ടെത്തി

4
0

Source :- SIRAJLIVE NEWS

കുവൈത്ത് സിറ്റി | കുവൈത്തിലെ സുബിയാ പ്രദേശത്ത് ആയിരത്തോളം പുരാതന ശവകുടീരങ്ങള്‍ കണ്ടെത്തിയതായി റിപോര്‍ട്ട്. രാജ്യത്തിന്റെ സമ്പന്നമായ ചരിത്രത്തിലേക്കും പുരാതന ജനസമൂഹങ്ങളുടെ ജീവിതത്തിലേക്കും വെളിച്ചം വീശുന്നതാണ് പുതിയ കണ്ടെത്തലെന്ന് പുരാവസ്തു ഗവേഷകന്‍ ഡോക്ടര്‍ സുല്‍ത്താന്‍ അല്‍ ദുവയിഷ് വ്യക്തമാക്കി. ശവകുടീരങ്ങളില്‍ ചിലതിന് അയ്യായിരത്തിലേറെ വര്‍ഷങ്ങള്‍ പഴക്കമുണ്ടെന്നും വിവിധ കാലഘട്ടങ്ങളില്‍ ജീവിച്ചിരുന്ന പുരാതന സമൂഹങ്ങളുടെ സംസ്‌കാര രീതികളും മതവിശ്വാസങ്ങളും സാമൂഹിക ജീവിതവും വ്യക്തമാക്കുന്ന വിലപ്പെട്ട തെളിവുകളാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

കണ്ടെത്തിയ ശവകുടീരങ്ങള്‍ക്ക് നിര്‍മാണ രീതിയിലും വാസ്തുവിദ്യയിലും വളരെ പ്രകടമായ വൈവിധ്യങ്ങളുണ്ടെന്നും ചിലതിന് മധ്യഭാഗത്തുള്ള ഓവല്‍ ആകൃതിയിലുള്ള ശവസംസ്‌കാര മുറിക്ക് ചുറ്റും വൃത്താകൃതിയിലുള്ള മതില്‍ നിര്‍മിച്ചിട്ടുണ്ടെന്നും ഇവക്ക് ഏകദേശം 15 മീറ്ററില്‍ അധികം വ്യാസമുണ്ടന്നും മണല്‍ കാറ്റില്‍ നിന്നും മോഷണങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ ആയിരിക്കാം ഇതെന്നും ഗവേഷകന്മാര്‍ വിലയിരുത്തുന്നു. വലിപ്പമേറിയ ശവകുടീരങ്ങള്‍ അക്കാലത്തെ പ്രമാണികളുടേതായിരിക്കാം എന്നും കരുതപ്പെടുന്നു. ഇവയില്‍ പലതും ക്രിസ്തുവിനും മുമ്പ് 2,500 മുതല്‍ 1,500 വരെയുള്ള വെങ്കല യുഗത്തില്‍ ഉപയോഗിച്ചിരുന്നവയാണ്. എന്നാല്‍, ചില പുരാവസ്തു അവശിഷ്ടങ്ങള്‍ക്ക് അതിനേക്കാളേറെ പഴക്കമുണ്ട്.

ഉബൈദ് സംസ്‌കാര കാലത്തെ ഉള്‍പ്പെടെയുള്ള കണ്ടെത്തലുകളും ഇവിടങ്ങളില്‍ നിന്നും ലഭിച്ചിട്ടുണ്ട്. പുരാതന ജനങ്ങളുടെ മതവിശ്വാസങ്ങളും സാമൂഹിക ജീവിതവും വ്യക്തമാക്കുന്ന വിലപിടിപ്പുള്ള ആഭരണങ്ങളും ശവകുടീരങ്ങള്‍ക്കുള്ളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പ് കുവൈത്തില്‍ വ്യാപാരത്തിലും സംസ്‌കാരത്തിലും പുരോഗതി കൈവരിച്ച മനുഷ്യ സമൂഹങ്ങള്‍ ജീവിച്ചിരുന്നു എന്നതിന് വ്യക്തമായ ചരിത്ര രേഖകളാണ് ഇവയെന്നും അല്‍ ദുവയിഷ് പറയുന്നു. പ്രത്യേക പ്രാധാന്യമുള്ള എട്ട് ശവകുടീരങ്ങളും കുട്ടികളുടേതാണെന്ന് കരുതപ്പെടുന്ന മറ്റൊരു ശവകുടീരവും ഇതില്‍ പെടും. പുരാതന കര-കടല്‍ വ്യാപാര പാതകളുടെ സമീപത്താണ് ഈ ശവകുടീരങ്ങള്‍ എല്ലാം സ്ഥിതിചെയ്യുന്നത്. കുവൈത്ത് ഉള്‍ക്കടലിന്റെ തീരപ്രദേശങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ജലസ്രോതസ്സുകളും കിണറുകളും ഈ മേഖലയില്‍ മനുഷ്യവാസ കേന്ദ്രങ്ങള്‍ രൂപപ്പെട്ടതിന് സഹായകമായിരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: Archaeologists in Kuwait have discovered around 1,000 ancient tombs in the Subiya region. The site offers significant insights into more than 5,000 years of human history and cultural development in the region. Researchers believe the findings will greatly advance the study of Gulf archaeology.