Source :- SIRAJLIVE NEWS
തിരുവനന്തപുരം | എല്‍ പി എസ് ടി സമരസമിതി നേതാവ് എസ് വളര്‍മതിയുടെ ആരോഗ്യനില ഗുരുതരമെന്ന് ആശുപത്രി അധികൃതര്‍. ശരീരത്തിലെ മഗ്നീഷ്യം, സോഡിയം എന്നിവയുടെ അളവ് കുറഞ്ഞതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ആശുപത്രിയിലേക്ക് മാറ്റിയിട്ടും വളര്‍മതി നിരാഹാരസമരം തുടരുകയാണ്. നിരാഹാരം അവസാനിപ്പിക്കാതെ ചികിത്സ നല്‍കിയിട്ട് കാര്യമില്ലെന്ന് ജനറല്‍ ആശുപത്രി ആര് എം ഒ വ്യക്തമാക്കി. വളര്‍മതിയുടെ നിരാഹാരം ഇന്ന് 20-ാം ദിവസത്തിലേക്ക് കടന്നു.
യു ഡി എഫ് സര്‍ക്കാരിന്റെ വാഗ്ദാനലംഘനത്തിനെതിരെ എല്‍ പി എസ് ടി സമരസമിതി ആരംഭിച്ച സമരം 132 ദിവസം പിന്നിട്ടു. എല്‍ പി എസ് ടി റാങ്ക് ഹോള്‍ഡര്‍ ജയകൃഷ്ണന്റെയും സി ജെ പിയുടെയും നിരാഹാരസമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വളര്‍മതിയെ വീണ്ടും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും സമരത്തില്‍ നിന്ന് പിന്മാറാന് തയ്യാറായിട്ടില്ല. അതേസമയം, വിദ്യാര്‍ഥി-അധ്യാപക അനുപാതം കുറയ്ക്കുന്നത് പ്രായോഗികമല്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.
സമരപ്പന്തല്‍ പൊളിച്ചതിന് പിന്നാലെ ഉദ്യോഗാര്‍ഥികള്‍ക്ക് രാഷ്ട്രീയ പിന്തുണയേറുകയാണ്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും യുവജന സംഘടനകളും സമരത്തിന് പിന്തുണയുമായി രംഗത്തെത്തി. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും റാങ്ക് ഹോള്‍ഡര്‍മാര്‍ വ്യക്തമാക്കി.
പ്രതിപക്ഷത്തായിരുന്നപ്പോള്‍ അംഗീകരിച്ച നിലപാട് ഭരണപക്ഷത്തെത്തിയപ്പോള്‍ മുഖ്യമന്ത്രി വി.ഡി. സതീശനും സര്‍ക്കാരും മറന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം.
Content Highlights: LPST protest leader S Valarmathi’s health has turned critical on the 20th day of her hunger strike due to low magnesium and sodium levels. Despite being hospitalized, she refuses to end the fast as the agitation crosses 132 days. Meanwhile, political support is growing for the rank holders demanding teacher appointments.




