Source :- SIRAJLIVE NEWS
കുമമോട്ടോ (ജപ്പാന്) | ജപ്പാന് മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ 2026 പുരുഷ സിംഗിള്‍സ് കിരീടം ഇന്ത്യയുടെ ലക്ഷ്യ സെന്നിന്. ഇന്ന് കുമമോട്ടോ പ്രിഫെക്ചറല്‍ ജിംനേഷ്യത്തില്‍ നടന്ന ഫൈനലില്‍ ജപ്പാന്റെ കോക്കി വതനാബെയെ പരാജയപ്പെടുത്തിയാണ് ലക്ഷ്യ കിരീടം നേടിയത്. മികച്ച തിരിച്ചുവരവ് നടത്തിയാണ് ലോക റാങ്കിംഗില്‍ 13-ാം സ്ഥാനത്തുള്ള താരത്തിന്റെ വിജയം.
ആദ്യ ഗെയിം 13-21 എന്ന സ്കോറിന് നഷ്ടപ്പെടുത്തിയെങ്കിലും, തുടര്‍ന്നുള്ള രണ്ട് ഗെയിമുകള്‍ 21-18, 21-14 എന്നിങ്ങനെ സ്വന്തമാക്കിയ ലക്ഷ്യ ഒരു മണിക്കൂറും നാലു മിനുട്ടും നീണ്ട പോരാട്ടത്തിനൊടുവില്‍ കിരീടം ഉറപ്പിച്ചു. നിര്‍ണായകമായ മൂന്നാം ഗെയിമില്‍ 11-7 എന്ന ലീഡ് നേടിയ ലക്ഷ്യ, പിന്നീട് ആധിപത്യം തുടര്‍ന്ന് ഒമ്പത് പോയിന്റോടെ ലീഡ് വരെ എത്തിച്ചു. അതിനുശേഷം എതിരാളിക്ക് തിരിച്ചുവരാനുള്ള ഒരു അവസരവും സെന്‍ നല്‍കിയില്ല.
ജര്‍മനിയില്‍ നടന്ന ഹൈലോ ഓപണ്‍ കിരീടം നേടിയതിന് പിന്നാലെയാണ് ലക്ഷ്യ ഈ വിജയം സ്വന്തമാക്കുന്നത്. ലോക ചാമ്പ്യന്‍ഷിപ്പിലും ഏഷ്യന്‍ ഗെയിംസിലും മോശം പ്രകടനം കാഴ്ചവെച്ച ശേഷം, താരം തന്റെ മികച്ച ഫോമിലേക്ക് തിരിച്ചെത്തുകയാണ്.
ആദ്യ ഗെയിമില്‍ സാവധാനം തുടങ്ങിയ ലക്ഷ്യ, വതനാബെക്ക് വലിയ ലീഡ് വഴങ്ങുകയും ഒടുവില്‍ 13-21 എന്ന സ്കോറിന് ഗെയിം കൈവിടുകയും ചെയ്തു. എന്നാല്‍ രണ്ടാം ഗെയിമില്‍ ക്രോസ്-കോര്‍ട്ട് സ്മാഷുകളിലൂടെ ശക്തമായി തിരിച്ചുവന്ന അദ്ദേഹം മത്സരം 1-1 എന്ന നിലയിലാക്കി. രണ്ടാം ഗെയിം 21-18 ന് വിജയിച്ചതോടെ കാര്യങ്ങള്‍ ലക്ഷ്യക്ക് അനുകൂലമായി. ക്ഷീണിതനായ വതനാബെക്ക് കോര്‍ട്ടിന്റെ അതിരുകള്‍ കൃത്യമായി കണക്കാക്കാന്‍ കഴിയാതെ വന്നതോടെ പല പിഴവുകളും വരുത്തി. പ്രതിരോധത്തില്‍ ഉറച്ചുനിന്ന ലക്ഷ്യ, മൂന്നാം ഗെയിം 21-14 എന്ന സ്കോറിന് ആധികാരിക വിജയം നേടി കിരീടം സ്വന്തമാക്കി.
Content Highlights:Indian badminton star Lakshya Sen clinched the Kumamoto Japan Masters 2026 title after a thrilling comeback victory. He defeated home favorite Koki Watanabe 13-21, 21-18, 21-14 in a gripping three-game final. With this historic triumph, Sen became the first Indian shuttler to win the prestigious Super 500 tournament.




