Home rss national malayalam പുതിയ വാർത്ത ദുബൈ വിമാനത്താവളത്തില്‍ ഈ വര്‍ഷം ആദ്യ ഒമ്പത് മാസത്തിനിടെ എത്തിയത് 5.04 കോടി യാത്രക്കാര്‍

ദുബൈ വിമാനത്താവളത്തില്‍ ഈ വര്‍ഷം ആദ്യ ഒമ്പത് മാസത്തിനിടെ എത്തിയത് 5.04 കോടി യാത്രക്കാര്‍

5
0

Source :- SIRAJLIVE NEWS

ദുബൈ | അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഈ വര്‍ഷം ആദ്യ ഒമ്പത് മാസത്തിനിടെ എത്തിയത് 5.04 കോടി യാത്രക്കാര്‍. പ്രാദേശിക സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വ്യോമഗതാഗതത്തില്‍ പ്രകടമായ കുറവുണ്ടായിട്ടുണ്ടെങ്കിലും വേനല്‍ക്കാല യാത്രാ സീസണിലെ തിരക്ക് മൂന്നാം പാദത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാക്കാന്‍ സഹായിച്ചു. ഈ വര്‍ഷം മുഴുവന്‍ പരിശോധിക്കുമ്പോള്‍ യാത്രക്കാരുടെ എണ്ണം ഏഴ് കോടി കവിയുമെന്നാണ് ദുബൈ എയര്‍പോര്‍ട്‌സ് അധികൃതരുടെ വിലയിരുത്തല്‍.

മൂന്നാം പാദത്തില്‍ മാത്രം 1.88 കോടി യാത്രക്കാരാണ് വിമാനത്താവളം വഴി യാത്ര ചെയ്തത്. ഇതില്‍ ആഗസ്റ്റ് മാസത്തിലാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടത്. 66 ലക്ഷം യാത്രക്കാരാണ് ആഗസ്റ്റില്‍ മാത്രം വിമാനത്താവളം ഉപയോഗിച്ചത്. രണ്ടാം പാദത്തില്‍ 1.3 കോടി യാത്രക്കാരുണ്ടായിരുന്ന സ്ഥാനത്താണ് മൂന്നാം പാദത്തില്‍ വലിയ മുന്നേറ്റമുണ്ടായത്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ആദ്യ ഒമ്പത് മാസത്തെ കണക്കുകളില്‍ 28.1 ശതമാനത്തിന്റെയും മൂന്നാം പാദത്തില്‍ 22.1 ശതമാനത്തിന്റെയും കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എങ്കിലും വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നതും ശീതകാലത്തോടനുബന്ധിച്ച് വിനോദസഞ്ചാരികളുടെ വരവ് വര്‍ധിക്കുന്നതും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്തുപകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുന്നില്‍ ഇന്ത്യ
ഈ വര്‍ഷത്തെ ആദ്യ ഒമ്പത് മാസങ്ങളില്‍ 57 അന്താരാഷ്ട്ര വിമാനക്കമ്പനികളാണ് 101 രാജ്യങ്ങളിലെ 235 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ദുബൈയില്‍ നിന്ന് സര്‍വീസ് നടത്തിയത്. ഇന്ത്യ തന്നെയാണ് യാത്രക്കാരുടെ കണക്കില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. മൂന്നാം പാദത്തില്‍ മാത്രം 26 ലക്ഷം യാത്രക്കാരാണ് ഇന്ത്യയില്‍ നിന്നും അവിടേക്കും യാത്ര ചെയ്തത്. സഊദി അറേബ്യ (14 ലക്ഷം), യു കെ (13 ലക്ഷം), പാകിസ്താന്‍ (8 ലക്ഷം) എന്നിങ്ങനെയാണ് മറ്റു രാജ്യക്കാരുടെ കണക്ക്.

Content Highlights:Dubai International Airport welcomed 50.4 million passengers during the first nine months of 2026. India remained the top source market for the airport, followed by Saudi Arabia and the UK. Authorities expect total annual passenger traffic to cross 70 million by the end of the year.