Source :- SIRAJLIVE NEWS
കാസര്‍കോട് | വിദ്യാര്‍ഥികളോട് മാപ്പ് പറയാന്‍ ആജ്ഞാപിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രിയും സര്‍ക്കാറും വി സിയും കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളോട് മാപ്പ് പറയണമെന്ന് മുന്‍ മന്ത്രി വി ശിവന്‍കുട്ടി. ഹൈക്കോടതി നിര്‍ദേശം വിദ്യാര്‍ഥികള്‍ നടത്തിയ പോരാട്ടത്തിന്റെ വിജയമാണ്. ഇത് സംഘ്പരിവാര്‍ താത്പര്യങ്ങള്‍ക്ക് ഒത്താശ ചെയ്യുന്ന യു ഡി എഫ് സര്‍ക്കാരിനും വൈസ് ചാന്സലര്ക്കുമേറ്റ കനത്ത തിരിച്ചടിയാണെന്നും ശിവന്‍കുട്ടി പറഞ്ഞു.
നെഹ്റുവിന്റെയല്ല, പകരം ഗീബല്‍സിന്റെ ആശയങ്ങളാണ് ഈ സര്‍ക്കാരിനെ നയിക്കുന്നത്. വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച തെരുവ് നാടകത്തെക്കുറിച്ച് അസത്യമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി തന്നെ നേതൃത്വം നല്കി. വിദ്യാര്‍ഥികള്‍ വി സിയെ ആക്രമിച്ചെന്ന് സര്‍വകലാശാല അധികൃതരും സര്‍ക്കാരും യാതൊരു തെളിവുമില്ലാതെ, ദുഷ്ടലാക്കോടെ പ്രചരിപ്പിച്ചു.
വി സിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും യു ഡി എഫ് സര്‍ക്കാരും ചേര്‍ന്ന് ഈ വിദ്യാര്‍ഥികളുടെ ഭാവിയെ തന്നെ കുരുതി കൊടുക്കാനാണ് നോക്കിയത്. പരീക്ഷയെഴുതാന്‍ നേരത്തെ കോടതി അനുമതി നല്‍കിയിട്ടും അതിന് തടസ്സം സൃഷ്ടിക്കാനാണ് ശ്രമിച്ചത്. തെറ്റൊന്നും ചെയ്യാത്ത വിദ്യാര്‍ഥികളോട് മാപ്പപേക്ഷ എഴുതി നല്‍കണമെന്നാണ് സര്‍ക്കാരും സര്‍വകലാശാലയും ആജ്ഞാപിച്ചിരുന്നതെന്നും ശിവന്‍കുട്ടി പ്രതികരിച്ചു.
Content Highlights: V Sivankutty has stated that both the government and the Vice Chancellor must apologize to students. The remark addresses growing student concerns and administrative disputes in Kerala’s educational sector. Developments surrounding the demand are drawing attention across academic and political circles.




