Home rss national malayalam പുതിയ വാർത്ത നേതാക്കള്‍ തീപ്പൊരി വീഴ്ത്തരുത്

നേതാക്കള്‍ തീപ്പൊരി വീഴ്ത്തരുത്

6
0

Source :- SIRAJLIVE NEWS

സി പി എം നേതാവും മുന്‍ എം എല്‍ എയുമായ മധുസൂദനന്റെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും പ്രകോപനപരമായ പ്രസംഗങ്ങള്‍ വിവാദമായിരിക്കുകയാണ്. കണ്ണൂരില്‍ ഇന്ത്യാ മൂവ്മെന്റ് മാര്‍ച്ചിന്റെ സമാപന സമ്മേളനത്തിലാണ് “കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ചിന്തിയ ഓരോ തുള്ളി ചോരക്കും എണ്ണിയെണ്ണി പകരം ചോദിക്കു’മെന്ന് മുഖ്യമന്ത്രി സതീശന്‍ പ്രസംഗിച്ചത്. പയ്യന്നൂരില്‍ ഡി വൈ എഫ് ഐ പരിപാടിയിലായിരുന്നു “കണക്ക് പറയേണ്ടത് പാര്‍ട്ടി പറഞ്ഞു തന്നെ തീര്‍ക്കും. ചീമേനിയില്‍ അഞ്ച് പേരെ ചുട്ടുകൊന്നവരെ കോടതി വെറുതെവിട്ടു. പക്ഷേ അവരാരും ഇന്ന് ജീവനോടെ ഇല്ലെ’ന്ന് ഓര്‍ക്കണമെന്ന മധുസൂദനന്റെ ഭീഷണസ്വരം.

കാലങ്ങളായി തുടര്‍ന്നുവന്നിരുന്ന അക്രമ രാഷ്ട്രീയത്തില്‍ നിന്ന് സംസ്ഥാനത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പിന്മാറിക്കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ നേതാക്കളുടെ നാവുകളില്‍ നിന്ന് വീണ്ടും രാഷ്ട്രീയ എതിരാളികളെ കായികമായി നേരിടാന്‍ അണികള്‍ക്ക് പ്രചോദനമേകുന്ന, പ്രതികാരത്തിന്റെയും പകരംവീട്ടലിന്റെയും ഭാഷ ഉയരുന്നത് ആശങ്കാജനകമാണ്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെയും സംഘര്‍ഷങ്ങളുടെയും ചരിത്രം നാടിനു നല്‍കിയ മുറിവുകള്‍ ചെറുതല്ല. ഒരു ആക്രമണത്തിനു പകരം മറ്റൊരു ആക്രമണം, ഒരു കൊലക്കു പകരം മറ്റൊരു കൊല എന്ന രീതിയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം മുന്നോട്ടുപോയ ആ കാലത്തിന്റെ ദുരന്തങ്ങള്‍ ഇന്നും പല കുടുംബങ്ങളെയും വേട്ടയാടുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ സംയമനത്തിന്റെയും സമാധാനത്തിന്റെയും ഭാഷയാണ് നേതാക്കള്‍ പ്രയോഗിക്കേണ്ടത്.

ജനാധിപത്യ രാഷ്ട്രീയത്തില്‍ അഭിപ്രായവ്യത്യാസങ്ങളും വാക്‌പോരുകളും സ്വാഭാവികമാണ്. രാഷ്ട്രീയ എതിരാളികളെ വിമര്‍ശിക്കാനും അവരുടെ നിലപാടുകളെ ചോദ്യം ചെയ്യാനും നേതാക്കള്‍ക്ക് അവകാശമുണ്ട്. ഭരണപക്ഷത്തന്റെ വീഴ്ചകളെ പ്രതിപക്ഷത്തിനും പ്രതിപക്ഷത്തിന്റെ നിലപാടുകളെ ഭരണപക്ഷത്തിനും വിമര്‍ശിക്കാം. എന്നാല്‍ വിമര്‍ശനവും പ്രകോപനവും തമ്മില്‍ വ്യക്തമായ അതിര്‍വരമ്പുകളുണ്ടെന്ന കാര്യം വിസ്മരിക്കരുത്. വ്യക്തിവൈരാഗ്യത്തിലേക്കും പ്രതികാര ആഹ്വാനത്തിലേക്കും അത് വഴിമാറുമ്പോള്‍ ജനാധിപത്യത്തിന്റെ ആരോഗ്യകരമായ അന്തരീക്ഷം തകരും. അണികളുടെ വികാരങ്ങളെ സ്വാധീനിക്കാന്‍ കഴിവുള്ള ഉത്തരവാദപ്പെട്ട നേതാക്കള്‍ സംസാരിക്കുമ്പോള്‍ പ്രത്യേകിച്ചും വാക്കുകളുടെ തിരഞ്ഞെടുപ്പില്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്.

സംസ്ഥാനത്തിന്റെ ഭരണസാരഥ്യം വഹിക്കുന്ന മുഖ്യമന്ത്രിയെ പോലെയുള്ള ഒരു വ്യക്തി ഉപയോഗിക്കുന്ന ഭാഷ സമൂഹത്തില്‍ സമാധാനവും നിയമവാഴ്ചയും ഉറപ്പുവരുത്താന്‍ സഹായിക്കുന്നതാകണം. ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയവരുടെ വാക്കുകളില്‍ അനുയായികളെ നിയമം കൈയിലെടുക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുള്ള ധ്വനികള്‍ വരുന്നത് ഭൂഷണമല്ല. കണ്ണൂരിലെ പ്രമുഖ നേതാവും മുൻ എം എൽ എയുമായ മധുസൂദനില്‍ നിന്ന് പകരത്തിനു പകരമെന്ന രീതിയുള്ള ഭീഷണിസ്വരം ഉയരുന്നതും ഗൗരവതരമാണ്. അണികളുടെ വികാരം ഇളക്കിവിടുകയല്ല, അവരെ ക്രിയാത്മക രാഷ്ട്രീയത്തിന് പ്രചോദിതരാക്കുകയാണ് നേതാക്കള്‍ വേണ്ടത്. അക്രമത്തിനു പകരം സമാധാനം, പ്രതികാരത്തിനു പകരം നീതി, വിദ്വേഷത്തിനു പകരം സഹിഷ്ണുത എന്നതായിരിക്കണം രാഷ്ട്രീയത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍. അണികളുടെ കൈകളില്‍ നിന്ന് ആയുധങ്ങള്‍ താഴെ വെപ്പിക്കാനുള്ള ആഹ്വാനങ്ങളായിരിക്കണം നേതാക്കളില്‍ നിന്നുണ്ടാകേണ്ടത്.

പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഷ എത്രത്തോളം അപകടകരമാണെന്ന് ചരിത്രം കാണിച്ചു തന്നിട്ടുണ്ട്. പ്രകോപനപരമായ പ്രസംഗങ്ങള്‍ കേട്ട് അണികള്‍ ആവേശഭരിതരാകുമ്പോള്‍, പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത് സാധാരണക്കാരായ കുടുംബങ്ങളാണ്. കേസുകളിലും ജയില്‍വാസത്തിലും ജീവിതം തകരുന്നത് താഴെത്തട്ടിലുള്ള പ്രവര്‍ത്തകരുടേതാണ്. രാഷ്ട്രീയ പകപോക്കലില്‍ മക്കള്‍ക്ക് മാതാപിതാക്കളെയും ഭാര്യമാര്‍ക്ക് ഭര്‍ത്താക്കന്മാരെയും നഷ്ടപ്പെട്ട കറുത്ത ദിനങ്ങള്‍ സംസ്ഥാനത്ത് ഇന്നും ഉണങ്ങാത്ത മുറിവുകളായി അവശേഷിക്കുന്നു. രാഷ്ട്രീയ കൊലപാതകങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കേണ്ടത് പുതിയ കൊലപാതകങ്ങള്‍ക്ക് വഴിയൊരുക്കുന്ന പ്രസംഗങ്ങളിലൂടെയല്ല; ഇനിയൊരു കുടുംബത്തിനും അത്തരം ദുരന്തം ഉണ്ടാകരുതെന്ന ഉറച്ച നിലപാടിലൂടെയാണ്.

ധൻരാജ് വധക്കേസിലെ കോടതി വിധി സി പി എമ്മിന് രാഷ്ട്രീയമായോ ധാര്‍മികമായോ അംഗീകരിക്കാനാകാത്തതാണെങ്കില്‍ അതിനെതിരെ നിയമപരമായ മാര്‍ഗങ്ങള്‍ തേടാവുന്നതാണ്. വിധിയിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടാം. അപ്പീല്‍ നല്‍കാം. എന്നല്ലാതെ കോടതി വിധിയോടുള്ള വിയോജിപ്പ് പ്രതികാര പ്രഖ്യാപനമായി മാറരുത്. നിയമ വ്യവസ്ഥക്കതീതമായി പാര്‍ട്ടി തന്നെ കണക്ക് തീര്‍ക്കുമെന്നു പ്രഖ്യാപിക്കുന്നത് അപകടകരമാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയും രാജ്യത്തെ നിയമവ്യവസ്ഥക്ക് മുകളിലല്ല. സി പി എം ജില്ലാ- സംസ്ഥാന നേതൃത്വങ്ങള്‍ മധുസൂദനന്റെ പ്രസ്താവനയെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നതിനു പകരം അതിലെ തെറ്റായ സന്ദേശം തിരുത്താന്‍ സന്നദ്ധമാകണം. ഒരു നേതാവിന്റെ പ്രസംഗം പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടല്ലെങ്കില്‍ അക്കാര്യം തുറന്നു പറയാനുള്ള ആര്‍ജവം നേതൃത്വത്തിനുണ്ടാകണം.

അക്രമ രാഷ്ട്രീയത്തിന്റെയും ഹര്‍ത്താലിന്റെയും സ്വരങ്ങളല്ല, വികസനം, സാമൂഹിക സുരക്ഷ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള ക്രിയാത്മക ചര്‍ച്ചകളാണ് ഇന്നത്തെ തലമുറ ആഗ്രഹിക്കുന്നത്. രാഷ്ട്രീയ നേതൃത്വങ്ങള്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിക്കുമ്പോഴാണ് ജനപിന്തുണ കൈവരുന്നത്. ഭീഷണ സ്വരത്തിലൂടെയും അക്രമത്തിലൂടെയും എതിരാളികളെ നിശബ്ദരാക്കാമെന്ന ചിന്ത മൗഢ്യവും ജനാധിപത്യ രാഷ്ട്രീയത്തിന്റെ പരാജയവുമാണ്.

The piece cautions against retaliatory and provocative political rhetoric following the Dhanaraj murder case verdict amid Kannur’s history of political violence. It stresses that disagreements with court rulings belong in legal appeals rather than threats of extrajudicial retaliation or party-level reckoning. Leaders are urged to promote restraint, peace, and constructive issues over violence and hostility.