Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

കെഎസ്ആർടിസി ബസിൽ ദിലീപ് അഭിനയിച്ച സിനിമ പ്രദർശിപ്പിച്ചതിനെ തുടർന്ന് തർക്കവും പ്രതിഷേധവും. തിരുവനന്തപുരം–തൊട്ടിൽപാലം കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലായിരുന്നു സംഭവം. പത്തനംതിട്ട സ്വദേശിനിയായ ലക്ഷ്മി ആർ. ശേഖർ ആണ് ബസിനുള്ളിൽ ആദ്യം പ്രതിഷേധം അറിയിച്ചത്. തുടർന്ന് ഭൂരിഭാഗം യാത്രക്കാരും ഇവരുടെ നിലപാടിനെ പിന്തുണച്ചു. ഇതോടെ കണ്ടക്ടർ സിനിമ ഓഫ് ചെയ്യേണ്ടിവന്നതായും ലക്ഷ്മി പറഞ്ഞു. എന്നാൽ ചില യാത്രക്കാർ ദിലീപിനെ അനുകൂലിച്ച് നിലപാട് സ്വീകരിച്ചതോടെ ബസിനുള്ളിൽ വാക്കേറ്റം ഉണ്ടായി.

ബസിൽ ഇരുന്നപ്പോഴാണ് മകൻ ‘അമ്മേ, ഇതിനകത്ത് ആ വഷളന്റെ സിനിമയാണല്ലോ’ എന്ന് പറഞ്ഞതെന്ന് ലക്ഷ്മി ആർ. ശേഖർ പറഞ്ഞു. ദിലീപിന്റെ പറക്കും തളിക എന്ന സിനിമയായിരുന്നു പ്രദർശിപ്പിച്ചിരുന്നത്. നിലവിലെ സാഹചര്യത്തിൽ ആ സിനിമ കാണാൻ ബുദ്ധിമുട്ടുണ്ടായതിനാൽ കണ്ടക്ടറോട് സിനിമ നിർത്തുകയോ അല്ലെങ്കിൽ അടുത്ത സ്റ്റോപ്പിൽ താൻ ഇറങ്ങിക്കോളാമെന്നും അറിയിച്ചുവെന്നും അവർ പറഞ്ഞു. അതിജീവിതയുടെ പക്ഷത്ത് നിൽക്കുന്നതിനാൽ ആ സിനിമ കാണാൻ കഴിയില്ലെന്നതാണ് തന്റെ നിലപാടെന്നും ലക്ഷ്മി വ്യക്തമാക്കി.

ബസിലുണ്ടായിരുന്ന എല്ലാവരോടും സിനിമ കാണാൻ താൽപര്യമുണ്ടോയെന്ന് ചോദിച്ചപ്പോൾ ഭൂരിഭാഗം യാത്രക്കാരും താൽപര്യമില്ലെന്ന നിലപാടാണ് അറിയിച്ചതെന്നും, ഇതിന്റെ അടിസ്ഥാനത്തിലാണ് കണ്ടക്ടർ സിനിമ നിർത്തിവെച്ചതെന്നും ലക്ഷ്മി പറഞ്ഞു. എന്നാൽ കോടതി വിധി വന്നിട്ടും എന്തിനാണ് ഇത്തരത്തിൽ പ്രതിഷേധിക്കുന്നതെന്ന ചോദ്യമുയർത്തി ചിലർ വാദിച്ചതോടെ തർക്കം രൂക്ഷമായതായും അവർ കൂട്ടിച്ചേർത്തു.