Home LATEST NEWS malyalam പുതിയ വാർത്ത Weather Alert | സംസ്ഥാനത്ത് എട്ട് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട്; മിന്നൽ പ്രളയത്തിനും ഉരുൾപൊട്ടലിനും...

Weather Alert | സംസ്ഥാനത്ത് എട്ട് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട്; മിന്നൽ പ്രളയത്തിനും ഉരുൾപൊട്ടലിനും സാധ്യത

4
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് (India Meteorological Department) വൻ ജാഗ്രതാ നിർദ്ദേശം നൽകി. കനത്ത മഴ ഭീഷണി കണക്കിലെടുത്ത് വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് ഓഗസ്റ്റ് ഒന്നിന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ എട്ട് ജില്ലകളിൽ കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് (Red Alert) പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ അതിതീവ്രമായ മഴയ്ക്കുള്ള (Extremely Heavy Rainfall) സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് അതിതീവ്രമായ മഴ എന്ന് വിശേഷിപ്പിക്കുന്നത്.

നാളെ ഓഗസ്റ്റ് ഒന്നിന് എറണാകുളം, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള (Very Heavy Rainfall) സാധ്യതയാണ് ഉള്ളത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ ഇതിലൂടെ സാധ്യതയുണ്ട്.

ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലും ഓഗസ്റ്റ് രണ്ടിന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലും മഞ്ഞ അലേർട്ടാണ് നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള (Heavy Rainfall) സാധ്യതയാണ് ഈ പ്രദേശങ്ങളിൽ പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണിത്.

അതിതീവ്ര മഴ വൻ അപകടങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്. ഇത് മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയങ്ങൾക്കും വഴിതുറന്നേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം വലിയ തോതിലുള്ള മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. ആയതിനാൽ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

Content Highlights:
IMD issued a Red Alert for 8 districts in Kerala predicting extremely heavy rainfall over 204.4 mm. Orange and Yellow alerts were also declared across other districts. High risks of flash floods, landslides, and waterlogging exist, prompting authorities and the public to stay on high alert.