Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

കൊച്ചി മെട്രോയുടെ മൂന്നാംഘട്ട വികസന പദ്ധതിക്ക് നിർണായക മുന്നേറ്റം. നെടുമ്പാശ്ശേരി വിമാനത്താവളം വഴി അങ്കമാലിയിലേക്ക് മെട്രോ സർവീസ് നീട്ടുന്നതിനുള്ള വിശദ പദ്ധതി റിപ്പോർട്ട് (ഡിപിആർ) കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) സംസ്ഥാന സർക്കാരിന് സമർപ്പിച്ചു.
ഏകദേശം 18 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ പാതയാണ് മൂന്നാംഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന സർക്കാർ പദ്ധതി കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന് കൈമാറി അനുമതി തേടും. കേന്ദ്രത്തിന്റെ അംഗീകാരം ലഭിക്കുന്നതോടെ പദ്ധതിയുടെ തുടർനടപടികളിലേക്ക് കടക്കും.
നിലവിൽ ആലുവ മുതൽ തൃപ്പൂണിത്തുറ വരെ 27 കിലോമീറ്റർ ദൈർഘ്യത്തിലാണ് കൊച്ചി മെട്രോ സർവീസ് നടത്തുന്നത്. അതേസമയം, കലൂർ മുതൽ ഇൻഫോപാർക്ക് വരെ മെട്രോ നീട്ടുന്ന രണ്ടാംഘട്ട പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഈ പാത അടുത്ത വർഷം ഓഗസ്റ്റോടെ കമ്മീഷൻ ചെയ്യാൻ കഴിയുമെന്നാണ് കെഎംആർഎല്ലിന്റെ വിലയിരുത്തൽ.
കൊച്ചി മെട്രോ ആരംഭിച്ച കാലം മുതൽ തന്നെ നെടുമ്പാശ്ശേരി വിമാനത്താവളത്തെയും അങ്കമാലിയെയും മെട്രോ ശൃംഖലയുമായി ബന്ധിപ്പിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതിന്റെ സാധ്യതകൾ പരിശോധിക്കാൻ കെഎംആർഎൽ നേരത്തെ വിശദമായ പഠനം നടത്തിയിരുന്നു. ആ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഡിപിആർ തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചിരിക്കുന്നത്.
കരിയാട്, നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന രീതിയിലാണ് പുതിയ പാതയുടെ രൂപരേഖ തയ്യാറാക്കിയിരിക്കുന്നതെന്നാണ് സൂചന. പദ്ധതി യാഥാർഥ്യമായാൽ വിമാനത്താവളത്തിലേക്കും അങ്കമാലിയിലേക്കും കൂടുതൽ വേഗത്തിലും സൗകര്യപ്രദമായും യാത്ര ചെയ്യാൻ കഴിയുകയും കൊച്ചി നഗരത്തിന്റെ പൊതുഗതാഗത ശൃംഖലക്ക് വലിയ കരുത്താകുകയും ചെയ്യും.


