Source :- SIRAJLIVE NEWS
ദുബൈ|ദുബൈയിലേക്ക് സ്ഥിരമായി യാത്ര ചെയ്യുന്ന സന്ദർശകർക്ക് ആശ്വാസമേകുന്ന അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയുടെ യോഗ്യതകളും അപേക്ഷാ നടപടികളും വിശദീകരിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി ഡി ആർ എഫ് എ) ദുബൈ. നടപടിക്രമങ്ങൾ ലളിതമായി വ്യക്തമാക്കുന്ന പ്രത്യേക ബോധവത്കരണ വീഡിയോ അധികൃതർ പുറത്തുവിട്ടു. അഞ്ച് വർഷ കാലാവധിയുള്ള ഈ വിസ ഉപയോഗിച്ച് എത്ര തവണ വേണമെങ്കിലും യു എ ഇയിലേക്ക് യാത്ര ചെയ്യാം. ഓരോ സന്ദർശനത്തിലും പരമാവധി 90 ദിവസം വരെ രാജ്യത്ത് തങ്ങാൻ സാധിക്കും. നിബന്ധനകൾക്ക് വിധേയമായി താമസം വീണ്ടും 90 ദിവസത്തേക്ക് കൂടി നീട്ടാമെങ്കിലും ഒരു വർഷത്തിൽ പരമാവധി താമസിക്കാവുന്ന ആകെ കാലാവധി 180 ദിവസത്തിൽ കൂടാൻ പാടില്ല.
കുറഞ്ഞത് ആറ് മാസത്തെ കാലാവധിയുള്ള പാസ്പോർട്ടാണ് അപേക്ഷകർക്ക് ഉണ്ടായിരിക്കേണ്ടത്. കഴിഞ്ഞ ആറ് മാസത്തിനിടെ അക്കൗണ്ടിൽ കുറഞ്ഞത് 4,000 യു എസ് ഡോളറോ (ഏകദേശം 14,700 ദിർഹം) തത്തുല്യമായ മറ്റ് കറൻസിയോ ഉള്ളതായി കാണിക്കുന്ന ബേങ്ക് സ്റ്റേറ്റ്മെന്റാണ് പ്രധാന യോഗ്യത. ഇതിനുപുറമെ പാസ്പോർട്ട് സൈസ് ഫോട്ടോ, സാധുവായ ആരോഗ്യ ഇൻഷ്വറൻസ്, റിട്ടേൺ വിമാന ടിക്കറ്റ്, യു എ ഇയിലെ താമസസ്ഥലം സംബന്ധിച്ച രേഖ എന്നിവയും സമർപ്പിക്കേണ്ടതുണ്ട്.
ജി ഡി ആർ എഫ് എയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ആപ്ലിക്കേഷൻ വഴിയോ യു എ ഇ പാസ് ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഡിജിറ്റലായി വിസക്ക് അപേക്ഷിക്കാം. വിവരങ്ങൾ പൂരിപ്പിച്ച് രേഖകൾ അപ്്ലോഡ് ചെയ്ത് ഫീസ് അടച്ചാൽ നടപടികൾ പൂർത്തിയാകും. അംഗീകാരം ലഭിച്ച ഇ-വിസ ഇമെയിൽ വഴി ലഭിക്കും. ഡിജിറ്റൽ സംവിധാനങ്ങൾക്ക് പുറമെ ആമർ സർവീസ് സെന്ററുകൾ വഴിയും അപേക്ഷ സമർപ്പിക്കാം. അപേക്ഷ നൽകി 48 മണിക്കൂറിനകം വിസ നടപടികൾ പൂർത്തിയാകും. പതിവായി കുടുംബങ്ങളെ സന്ദർശിക്കുന്നവർക്കും വ്യാപാരികൾക്കും വിനോദസഞ്ചാരികൾക്കും ഓരോ തവണയും പുതിയ വിസ എടുക്കുന്നതിന്റെ ഭാരമൊഴിവാക്കാൻ ഈ ദീർഘകാല മൾട്ടിപ്പിൾ വിസ സംവിധാനം സഹായകമാകും.
Content Highlights:
GDRFA Dubai announced the guidelines and application steps for the 5-year multiple entry tourist visa. Applicants need a valid passport, proof of 4000 USD bank balance, insurance, and travel documents. Applications can be submitted digitally via the GDRFA website, app, or Amer service centers.




