Source :- SIRAJLIVE NEWS
അബൂദബി| അബൂദബി അന്താരാഷ്ട്ര പുസ്തകമേളയുടെ 35-ാം പതിപ്പിന് അബൂദബി നാഷണൽ എക്‌സിബിഷൻ സെന്ററിൽ (അഡ്‌നെക്) പ്രൗഢഗംഭീരമായ തുടക്കമായി. യു എ ഇ പ്രസിഡന്റ്ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്്യാന്റെ രക്ഷാകർതൃത്വത്തിലാണ് ഇത്തവണത്തെ മേള അരങ്ങേറുന്നത്. സെപ്തംബർ 13 മുതൽ 18 വരെ നീളുന്ന സാംസ്‌കാരികോത്സവത്തിൽ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള പ്രസാധകരും എഴുത്തുകാരും ചിന്തകരും ഗവേഷകരും അണിനിരക്കുന്നുണ്ട്.
ലോകത്തെ 95 രാജ്യങ്ങളിൽ നിന്നുള്ള പ്രസാധകരാണ് ഇത്തവണ മേളയിൽ അണിനിരന്നിട്ടുള്ളത്. ഇതിൽ അർജന്റീന, വെനസ്വേല, കൊളംബിയ, പെറു, കൊസോവോ, ക്യൂബ, നോർത്ത് മാസിഡോണിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങൾ ആദ്യമായാണ് പുസ്തകോത്സവത്തിന്റെ ഭാഗമാകുന്നത്. പുസ്തകപ്രദർശനത്തോടൊപ്പം വിവിധ വിഷയങ്ങളിലായി 1,500-ലധികം സാംസ്‌കാരിക-വിജ്ഞാന പരിപാടികളും ആറ് ദിവസങ്ങളിലായി അരങ്ങേറും.
“താളുകൾ മറിക്കുക, ലോകത്തെ വായിക്കുക’ എന്ന പ്രമേയത്തിൽ നടക്കുന്ന മേളയിൽ ബാൾക്കൻ സംസ്‌കാരത്തിനാണ് ഇത്തവണ ഫോക്കസ് രാജ്യം അഥവാ അതിഥി പദവി നൽകിയിട്ടുള്ളത്. നോർത്ത് മാസിഡോണിയയുമായി സഹകരിച്ചാണ് ഇതിന്റെ ഭാഗമായ സാംസ്‌കാരിക പരിപാടികൾ ഏകോപിപ്പിക്കുന്നത്. വ്യത്യസ്ത ഭാഷകളിലെ സാഹിത്യം, പുസ്തക പ്രസാധനം, ബൗദ്ധിക സ്വത്തവകാശം, രചയിതാക്കളുടെ അവകാശ സംരക്ഷണം, ആഗോള പ്രസാധന രംഗത്തെ പുത്തൻ പ്രവണതകൾ എന്നിവയെ അടിസ്ഥാനമാക്കി വിപുലമായ ചർച്ചകളും സെമിനാറുകളും ശിൽപ്പശാലകളും നടക്കും.
അബൂദബി സാംസ്‌കാരിക-വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള അബൂദബി അറബിക് ലാംഗ്വേജ് സെന്ററാണ് പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. പുസ്തകവായനയെയും സാംസ്‌കാരിക വിനിമയങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ആഗോള പ്രസാധക സമൂഹത്തിന് മുന്നിൽ യു എ ഇയുടെ സാംസ്‌കാരിക നേതൃത്വം ഉറപ്പിച്ചുനിർത്താൻ മേള വഴിയൊരുക്കും.
Content Highlights:
The 35th edition of the Abu Dhabi International Book Fair has commenced at ADNEC under the patronage of Sheikh Mohamed bin Zayed Al Nahyan. Running until September 18, the event gathers publishers from 95 countries. It features over 1,500 cultural programs focusing on Balkan culture.



