Source :- SIRAJLIVE NEWS
ഇന്ത്യയിൽ അഭിഭാഷകനായി എൻറോൾ ചെയ്ത് പ്രാക്ടീസ് ആരംഭിക്കാൻ ആഗ്രഹിക്കുന്ന നിയമ ബിരുദധാരികൾക്കായി ബാർ കൗൺസിൽ ഓഫ് ഇന്ത്യ (ബി സി ഐ) നടത്തുന്ന ദേശീയതല സർട്ടിഫിക്കേഷൻ പരീക്ഷയാണ് ആൾ ഇന്ത്യ ബാർ എക്‌സാമിനേഷൻ (എ ഐ ബി ഇ).
1961ലെ അഡ്വക്കേറ്റ്‌സ് ആക്ട് പ്രകാരം രൂപവത്കൃതമായ നിയമപരമായ പ്രസ്ഥാനമാണ് ബാർ കൗൺസിൽ ഓഫ് ഇന്ത്യ (ബി സി ഐ). രാജ്യത്തെ നിയമ വിദ്യാഭ്യാസത്തിന്റെ നിലവാരം നിശ്ചയിക്കുക, ലോ കോളജുകളുടെയും സർവകലാശാലകളുടെയും അംഗീകാരവും മേൽനോട്ടവും നിർവഹിക്കുക, അഭിഭാഷകരുടെ പ്രൊഫഷനൽ പെരുമാറ്റച്ചട്ടങ്ങൾ രൂപവത്കരിക്കുക തുടങ്ങിയവ ബി സി ഐയുടെ പ്രധാന ചുമതലകളാണ്. അഡ്വക്കേറ്റ്‌സ് ആക്ട് സെക്ഷൻ ഏഴ്, 49 എന്നിവ പ്രകാരം അഭിഭാഷക വൃത്തിയുടെ അന്തസ്സും ഗുണനിലവാരം ഉറപ്പുവരുത്താനും ബി സി ഐക്ക് വിപുലമായ അധികാരങ്ങളുണ്ട്.
എ ഐ ബി ഇ പരീക്ഷയുടെ പ്രാധാന്യം
നിയമ തൊഴിൽ മേഖലയിലെ അക്കാദമികവും പ്രായോഗികവുമായ നിലവാരം ഉയർത്തുന്നതിനായി സുപ്രീം കോടതിയുടെ നിർദേശപ്രകാരമാണ് എ ഐ ബി ഇ പരീക്ഷ നിർബന്ധമാക്കിയത്. നിയമ ബിരുദം നേടിയവർക്ക് അടിസ്ഥാനപരമായ നിയമപരിജ്ഞാനവും അപഗ്രഥന ശേഷിയുമുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ഈ പരീക്ഷയുടെ പ്രധാന ലക്ഷ്യം.
യോഗ്യതാ മാനദണ്ഡങ്ങൾ
സുപ്രീം കോടതിയുടെയും ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെയും പുതിയ ഉത്തരവ് പ്രകാരം താഴെ പറയുന്ന വിഭാഗങ്ങളിൽപ്പെടുന്നവർക്ക് ഉയർന്ന പ്രായപരിധിയില്ലാതെ എ ഐ ബി ഇക്ക് അപേക്ഷിക്കാം.
അവസാന വർഷ നിയമ വിദ്യാർഥികൾ: ബി സി ഐ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ മൂന്ന് വർഷ അല്ലെങ്കിൽ അഞ്ച് വർഷ എൽ എൽ ബി കോഴ്സിൽ അവസാന സെമസ്റ്ററിൽ പഠിക്കുന്ന, മുൻ സെമസ്റ്ററുകളിൽ ബാക്ക്‌ലോഗുകൾ ഇല്ലാത്ത വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
ബിരുദ സർട്ടിഫിക്കറ്റ് ലഭിക്കാത്തവർ: എൽ എൽ ബി കോഴ്സ് വിജയകരമായി പൂർത്തിയാക്കി ഫലം വരികയോ ബിരുദ സർട്ടിഫിക്കറ്റിനായി കാത്തിരിക്കുകയോ ചെയ്യുന്നവർ.
എൻറോൾ ചെയ്യാത്തവരും സർട്ടിഫിക്കറ്റ് തിരികെ നൽകിയവരും: എൽ എൽ ബി പാസ്സായി സംസ്ഥാന ബാർ കൗൺസിലുകളിൽ ഇതുവരെ എൻറോൾ ചെയ്യാത്തവർക്കും മറ്റ് തൊഴിലുകളിൽ ഏർപ്പെട്ടതുമൂലം എൻറോൾമെന്റ് സർട്ടിഫിക്കറ്റ് തിരികെ സമർപ്പിച്ചവർക്കും അപേക്ഷിക്കാം. (ശ്രദ്ധിക്കുക: ബി സി ഐ അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിൽ പഠിച്ചവർക്ക് അപേക്ഷിക്കാൻ അർഹതയില്ല. അപേക്ഷയോടൊപ്പം കൃത്യമായ അണ്ടർടേക്കിംഗും അക്കാദമിക രേഖകളും സമർപ്പിക്കണം).
പരീക്ഷാ രീതിയും സിലബസ്സും
ആൾ ഇന്ത്യ ബാർ പരീക്ഷ പൂർണമായും ഒഫ്‌ലൈനായി പേപ്പർ-പെൻസിൽ (ഒ എം ആർ) മാതൃകയിലാണ് സംഘടിപ്പിക്കുന്നത്. 100 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ (എം സി ക്യു) അടങ്ങിയ ഒബ്ജക്റ്റീവ് ശൈലിയിലുള്ള ഈ പരീക്ഷ എഴുതി പൂർത്തിയാക്കാൻ മൂന്ന് മണിക്കൂറും 30 മിനിട്ടുമാണ് സമയം ലഭിക്കുന്നത്. തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്ക് ഇല്ലാ എന്നത് ഉദ്യോഗാർഥികൾക്ക് ആശ്വാസകരമാണ്. കൂടാതെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗാർഥികളുടെ സൗകര്യാർഥം ഇംഗ്ലീഷിന് പുറമെ മലയാളം ഉൾപ്പെടെ 11 ഓളം പ്രാദേശിക ഭാഷകളിൽ പരീക്ഷ എഴുതാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യ സൗകര്യമൊരുക്കിയിട്ടുണ്ട്.
നിയമ വിഷയങ്ങളിലെ പ്രായോഗികവും അടിസ്ഥാനപരവുമായ അറിവുകൾ അളക്കുന്നതിനായി വിപുലമായ പാഠ്യപദ്ധതിയാണ് പരീക്ഷക്കായി തയ്യാറാക്കിയിട്ടുള്ളത്. 100 മാർക്കിന്റെ ചോദ്യപേപ്പറിൽ ഭരണഘടനാ നിയമം, ക്രിമിനൽ നടപടി നിയമം (സി ആർ പി സി), സിവിൽ നടപടി നിയമം (സി പി സി) എന്നിവയിൽ നിന്ന് 10 മാർക്ക് വീതമുള്ള ചോദ്യങ്ങളാണുണ്ടാകുക. കൂടാതെ ഇന്ത്യൻ ശിക്ഷാ നിയമം (ഐ പി സി), തെളിവു നിയമം, കുടുംബ നിയമം, കരാർ-സ്വത്ത് കൈമാറ്റ നിയമങ്ങൾ എന്നിവയിൽ നിന്ന് എട്ട് മാർക്ക് വീതവും ഉൾപ്പെടുത്തിയിരിക്കുന്നു.
ലോ ഓഫ് ടോർട്‌സ് ആൻഡ് മോട്ടോർ വെഹിക്കിൾ ആക്ട് എന്നിവയിൽ നിന്ന് അഞ്ച് മാർക്കിന്റെ ചോദ്യങ്ങളും പ്രൊഫഷനൽ എത്തിക്സ് , ആൾട്ടർനേറ്റീവ് ഡിസ്പ്യൂട്ട് റെസല്യൂഷൻ (എ ഡി ആർ), പൊതുതാത്പര്യ ഹരജി (പി ഐ എൽ) എന്നിവയിൽ നിന്ന് നാല് മാർക്ക് വീതവും പരീക്ഷക്ക് ഉണ്ടാകും. ഇവക്ക് പുറമെ തൊഴിൽ നിയമം, കമ്പനി നിയമം, ടാക്‌സേഷൻ, സൈബർ നിയമം, പരിസ്ഥിതി നിയമം തുടങ്ങിയ പ്രധാന ഉപവിഷയങ്ങളിൽ നിന്ന് രണ്ട് മുതൽ നാല് മാർക്ക് വരെയുള്ള ചോദ്യങ്ങളും ഉൾപ്പെടുത്തിയാണ് വിജ്ഞാനപ്രദമായ ചോദ്യപേപ്പർ ഘടന പൂർത്തിയാക്കുന്നത്.
പരീക്ഷ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ബാർ കൗൺസിൽ ഓഫ് ഇന്ത്യ “സർട്ടിഫിക്കറ്റ് ഓഫ് പ്രാക്ടീസ്’ (സി ഒ പി) നൽകുന്നു. ഇത് ലഭിക്കുന്നതോടെ ഇന്ത്യയിലെ ഏത് കോടതികളിലും ട്രൈബ്യൂണലുകളിലും സ്വതന്ത്രമായി പ്രാക്ടീസ് ചെയ്യാനും വാദിക്കാനുമുള്ള നിയമപരമായ അധികാരം ഉദ്യോഗാർഥിക്ക് ലഭിക്കുന്നു.
അപേക്ഷാ ഫീസും പരീക്ഷാ കേന്ദ്രങ്ങളും
ആൾ ഇന്ത്യ ബാർ പരീക്ഷക്കുള്ള അപേക്ഷാ ഫീസ് ജനറൽ, ഒ ബി സി, ഇ ഡബ്ല്യു എസ് വിഭാഗങ്ങളിൽപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ബേങ്ക് ചാർജ് ഉൾപ്പെടെ 3,560 രൂപയാണ്. എന്നാൽ പട്ടികജാതി, പട്ടികവർഗം, ഭിന്നശേഷി വിഭാഗങ്ങളിലുള്ള അപേക്ഷകർക്ക് 2,560 രൂപയുമാണ് ഫീസ് നിരക്ക്. രാജ്യത്തൊട്ടാകെയുള്ള 68 പ്രധാന നഗരങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ കേന്ദ്രങ്ങളുണ്ട്. കൂടാതെ, അയൽ സംസ്ഥാനങ്ങളിലെ കോയമ്പത്തൂർ, ബെംഗളൂരു തുടങ്ങിയ പരീക്ഷാ കേന്ദ്രങ്ങളും കേരളത്തിൽ നിന്നുള്ള ഉദ്യോഗാർഥികൾക്ക് സൗകര്യപ്രദമായി തിരഞ്ഞെടുക്കാവുന്നതാണ്.
അപേക്ഷിക്കേണ്ട രീതിയും പ്രധാന തീയതികളും
എ ഐ ബി ഇ പരീക്ഷക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ നടപടികൾ ഒക്ടോബർ 27ന് അവസാനിക്കും. സമർപ്പിച്ച അപേക്ഷകളിൽ എന്തെങ്കിലും തിരുത്തലുകൾ വരുത്താനുണ്ടെങ്കിൽ അതിനായി 30 വരെ സമയം അനുവദിച്ചിട്ടുണ്ട്. പരീക്ഷാർഥികൾക്കുള്ള അഡ്മിറ്റ് കാർഡുകൾ നവംബർ 14 മുതൽ ലഭ്യമാകും. പരീക്ഷ നവംബർ 29ന് നടക്കും. അവസാന വർഷ നിയമ വിദ്യാർഥികളും എൽ എൽ ബി പൂർത്തിയാക്കി ബിരുദ സർട്ടിഫിക്കറ്റിനായി കാത്തിരിക്കുന്നവരും അപേക്ഷ സമർപ്പിക്കുന്ന ഘട്ടത്തിൽ നിശ്ചിത മാതൃകയിലുള്ള അണ്ടർടേക്കിംഗും സ്വയം സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റുകളും കൃത്യമായി സമർപ്പിക്കേണ്ടതാണ്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റുകളായ www.allindiabarexamination.comഅല്ലെങ്കിൽ www.barco uncilofindia.org വഴി ഓൺലൈനായി രജിസ്‌ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്.
Content Highlights:
The Bar Council of India has released the notification for the All India Bar Examination. Final year law students and graduates can apply online through the official portal before the deadline. The exam will be conducted offline in 11 languages to award the Certificate of Practice.




