Home rss national malayalam പുതിയ വാർത്ത അമരക്കാരനെ തേടി ലോകം

അമരക്കാരനെ തേടി ലോകം

5
0

Source :- SIRAJLIVE NEWS

ആഗോള പ്രതിസന്ധികളിലും ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളിലും സമാധാനത്തിന്റെ നിഷ്പക്ഷ ശബ്ദമായി നിലകൊള്ളുന്ന ഐക്യരാഷ്ട്ര സഭ, പുതിയ അമരക്കാരനെ കണ്ടെത്താനുള്ള നിര്‍ണായകമായ തിരഞ്ഞെടുപ്പ് ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. നിലവിലെ സെക്രട്ടറി ജനറലും മുന്‍ പോര്‍ച്ചുഗല്‍ പ്രധാനമന്ത്രിയുമായ അന്റോണിയോ ഗുട്ടറസിന്റെ രണ്ടാം ഊഴത്തിലെ അഞ്ച് വര്‍ഷ കാലാവധി 2026 ഡിസംബര്‍ 31ന് അവസാനിക്കുകയാണ്. തുടര്‍ന്ന് 2027 ജനുവരി ഒന്നിനാണ് പുതിയ പത്താമത് സെക്രട്ടറി ജനറല്‍ ചുമതലയേല്‍ക്കുന്നത്.
സുതാര്യവും ജനാധിപത്യപരവുമായ രീതിയില്‍ മുന്നേറുന്ന ഈ തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ യു എന്‍ ജനറല്‍ അസംബ്ലി പ്രസിഡന്റ് വ്യക്തമാക്കുകയുണ്ടായി. അടുത്ത ഒരു പതിറ്റാണ്ടിലെ ആഗോള പ്രതിസന്ധികളെയും നയതന്ത്രങ്ങളെയും പുതിയ യു എന്‍ മേധാവിയുടെ വ്യക്തിമുദ്രയും നേതൃത്വവും എങ്ങനെ സ്വാധീനിക്കുമെന്ന ചര്‍ച്ചയിലാണ് നിലവില്‍ അന്താരാഷ്ട്ര നയതന്ത്ര ലോകം.

തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍
യു എന്‍ ചാപ്റ്റര്‍ 15, ആര്‍ട്ടിക്കിള്‍ 97 വ്യവസ്ഥകളും ഐക്യരാഷ്ട്രസഭയുടെ കീഴ്വഴക്കങ്ങളും അനുസരിച്ച് തികച്ചും നയതന്ത്രപരമായ ഘട്ടങ്ങളിലൂടെയാണ് തിരഞ്ഞെടുപ്പ് പ്രക്രിയ രൂപപ്പെടുന്നത്. നേരിട്ടുള്ള ജനകീയ വോട്ടെടുപ്പിന് പകരം സുരക്ഷാ കൗണ്‍സിലിന്റെയും പൊതുസഭയുടെയും നിര്‍ദേശങ്ങള്‍ മുന്‍നിര്‍ത്തിയാണ് നിയമനം നടത്തുന്നത്.

യു എന്‍ പൊതുസഭാ പ്രസിഡന്റും സെക്യൂരിറ്റി കൗണ്‍സില്‍ പ്രസിഡന്റും സംയുക്തമായി അംഗരാജ്യങ്ങള്‍ക്ക് ഔദ്യോഗിക കത്തയക്കുകയും യോഗ്യരായ വ്യക്തികളെ ഈ പദവിയിലേക്ക് നാമനിര്‍ദേശം ചെയ്യാന്‍ ക്ഷണിക്കുകയും ചെയ്യുന്നു. നാമനിര്‍ദേശം ചെയ്യപ്പെടുന്ന സ്ഥാനാര്‍ഥികള്‍ തങ്ങളുടെ നയങ്ങളും ലക്ഷ്യങ്ങളും വ്യക്തമാക്കി “വിഷന്‍ സ്റ്റേറ്റ്മെന്റ്’ സമര്‍പ്പിക്കണം. തുടര്‍ന്ന്, യു എന്‍ ജനറല്‍ അസംബ്ലിയില്‍ 193 അംഗരാജ്യങ്ങളുടെ പ്രതിനിധികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടതുണ്ട്. കൂടാതെ സിവില്‍ സൊസൈറ്റിയുടെയും പൊതുജനങ്ങളുടെയും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്ന തത്സമയ പൊതു സംവാദങ്ങളും ഐക്യരാഷ്ട്രസഭയില്‍ സംഘടിപ്പിക്കപ്പെടുന്നു. സ്ഥാനാര്‍ഥികളുടെ യോഗ്യതയും പ്രകടനവും വിലയിരുത്തിയാണ് തിരഞ്ഞെടുപ്പ് നടപടികള്‍ പുരോഗമിക്കുന്നത്.

സുരക്ഷാ കൗണ്‍സിലിന്റെ വോട്ടെടുപ്പുകള്‍
യഥാര്‍ഥ തീരുമാനങ്ങളും അന്തിമ തിരഞ്ഞെടുപ്പും നടക്കുന്നത് 15 അംഗങ്ങളുള്ള യു എന്‍ സുരക്ഷാ കൗണ്‍സിലിലാണ്. കൗണ്‍സില്‍ അംഗങ്ങള്‍ രഹസ്യ വോട്ടെടുപ്പുകളിലൂടെ സ്ഥാനാര്‍ഥികളെ വിലയിരുത്തുന്നു. സുരക്ഷാ കൗണ്‍സിലിലെ വീറ്റോ അധികാരമുള്ള അഞ്ച് സ്ഥിരം അംഗരാജ്യങ്ങളായ അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ, ചൈന എന്നിവരുടെ നിലപാട് ഈ പ്രക്രിയയില്‍ അത്യന്തം നിര്‍ണായകമാണ്. ഏതെങ്കിലും സ്ഥാനാര്‍ഥിയെ മേല്‍പറയപ്പെട്ട രാജ്യങ്ങളില്‍ നിന്ന് ഒരു രാജ്യം എതിര്‍ത്താല്‍ അവര്‍ മത്സരത്തില്‍ നിന്ന് പുറത്താകും. ഒരു സ്ഥാനാര്‍ഥിക്ക് കൗണ്‍സിലില്‍ കുറഞ്ഞത് ഒമ്പത് വോട്ടുകള്‍ ലഭിക്കുകയും സ്ഥിരം അംഗരാജ്യങ്ങളുടെ എതിര്‍പ്പുകള്‍ ഇല്ലാതിരിക്കുകയും ചെയ്യുന്നത് വരെ ഈ വോട്ടെടുപ്പുകള്‍ തുടരും.
പൊതുസഭയുടെ

ഔദ്യോഗിക നിയമനം
സുരക്ഷാ കൗണ്‍സില്‍ ഏകകണ്ഠമായി ശിപാര്‍ശ ചെയ്യുന്ന സ്ഥാനാര്‍ഥിയുടെ പേര് യു എന്‍ പൊതുസഭക്ക് അയച്ചുനല്‍കുകയും, 193 അംഗരാജ്യങ്ങള്‍ വോട്ട് ചെയ്ത് പുതിയ സെക്രട്ടറി ജനറലിനെ ഔദ്യോഗികമായി നിയമിക്കുകയും ചെയ്യുന്നു. പ്രവൃത്തിപരിചയവും നയതന്ത്ര മികവും അടിസ്ഥാനമാക്കിയാണ് പൊതുസഭ നിയമനത്തിന് അംഗീകാരം നല്‍കുന്നത്.

ഒരു ജനറല്‍ സെക്രട്ടറിക്ക് അഞ്ച് വര്‍ഷമാണ് കാലാവധി. പരമാവധി രണ്ട് തവണ (10 വര്‍ഷം) വരെ സേവനമനുഷ്ഠിക്കാം. ലോകത്തിലെ വിവിധ ഭൂഖണ്ഡങ്ങള്‍ക്ക് ഊഴമനുസരിച്ച് പദവി നല്‍കുന്ന അലിഖിത കീഴ്വഴക്കവുമുണ്ട്. സുരക്ഷാ കൗണ്‍സില്‍ നല്‍കുന്ന ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ യു എന്‍ പൊതുസഭ പുതിയ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറലിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.

അതോടൊപ്പം, സെക്യൂരിറ്റി കൗണ്‍സിലിലെ അഞ്ച് സ്ഥിരം അംഗരാജ്യങ്ങളില്‍ നിന്നുള്ള വ്യക്തികളെ പൊതുവെ സെക്രട്ടറി ജനറല്‍ പദവിയിലേക്ക് തിരഞ്ഞെടുക്കാറില്ല എന്നതും പ്രധാനപ്പെട്ട ഒരു രീതിയാണ്.
ആര്‍ക്കാണ്

കൂടുതല്‍ സാധ്യത?
സുരക്ഷാ കൗണ്‍സില്‍ നടത്തുന്ന സ്‌ട്രോ പോളുകളില്‍ റെബേക്ക ഗ്രീന്‍സ്പാന്‍ ആണ് നിലവില്‍ ഒന്നാമത് നില്‍ക്കുന്നത്. ആദ്യ വനിതാ മേധാവിയാകാനുള്ള സാധ്യതയും ലാറ്റിന്‍ അമേരിക്കന്‍ മേഖലക്കുള്ള മുന്‍ഗണനയും സാമ്പത്തിക- നയതന്ത്ര രംഗങ്ങളിലെ വിപുലമായ പശ്ചാത്തലവുമാണ് ഗ്രീന്‍സ്പാനെ മുന്‍പന്തിയിലെത്തിക്കുന്നത്. തൊട്ടുപിന്നില്‍ ഗയാനയുടെ കരോളിന്‍ റോഡ്രിഗ്‌സ് ബിര്‍ക്കറ്റും ശക്തമായ പ്രകടനം കാഴ്ചവെക്കുന്നു. അതേസമയം വികസ്വര രാജ്യങ്ങളില്‍ നിന്നുള്ള ഒരു പ്രതിനിധി വരണമെന്നാണ് ചൈനയുടെയും റഷ്യയുടെയും താത്പര്യം. എന്നാല്‍ പാശ്ചാത്യ രാജ്യങ്ങളോട് അമിത അടുപ്പവും ആഭിമുഖ്യവും കാണിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കെതിരെ ഇവര്‍ വീറ്റോ അധികാരം പ്രയോഗിച്ചേക്കാം.

യുദ്ധങ്ങള്‍, കാലാവസ്ഥാ വ്യതിയാനങ്ങള്‍, അന്താരാഷ്ട്ര സാമ്പത്തിക തര്‍ക്കങ്ങള്‍ എന്നിവ ലോകത്തെ അസ്ഥിരപ്പെടുത്തുന്ന ഈ കാലഘട്ടത്തില്‍ യു എന്‍ മേധാവിയുടെ സ്ഥാനം കേവലം ഒരു ഭരണാധികാരിയുടെ പദവിയല്ല, മറിച്ച് ലോകസമാധാനത്തിന്റെ അംബാസഡര്‍ സ്ഥാനം കൂടിയാണ്. വരും പതിറ്റാണ്ടുകളില്‍ ലോകത്തെ പുതിയ ദിശയിലേക്ക് നയിക്കാന്‍ പ്രാപ്തനായ അമരക്കാരനായിരിക്കും ഐക്യരാഷ്ട്രസഭയുടെ പത്താമത്തെ സെക്രട്ടറി ജനറല്‍.

Content Highlights:
The UN has initiated the election process for its 10th Secretary General as Antonio Guterres completes his second term on December 31, 2026. Rebeca Grynspan currently leads the Security Council straw polls, with candidacy support from Latin America. The final appointment requires approval from the UN General Assembly.