Home rss business malayalam അമേരിക്കൻ സഖ്യസൈനിക അഭ്യാസത്തിന് മറുപടി; ആണവായുധ ശേഷിയുള്ള അത്യാധുനിക യുദ്ധക്കപ്പൽ നാവികസേനയിൽ ഉൾപ്പെടുത്തി കിം ജോങ്...

അമേരിക്കൻ സഖ്യസൈനിക അഭ്യാസത്തിന് മറുപടി; ആണവായുധ ശേഷിയുള്ള അത്യാധുനിക യുദ്ധക്കപ്പൽ നാവികസേനയിൽ ഉൾപ്പെടുത്തി കിം ജോങ് ഉൻ

5
0

Source :- EVARTHA NEWS

സമുദ്രാതിർത്തികളിൽ അമേരിക്കയും സഖ്യരാജ്യങ്ങളും സംയുക്ത സൈനിക അഭ്യാസങ്ങൾ ശക്തമാക്കുന്നതിനിടെ വൻ സൈനിക നീക്കവുമായി വടക്കൻ കൊറിയ. രാജ്യത്തിന്റെ രണ്ടാമത്തെ അത്യാധുനിക ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ യുദ്ധക്കപ്പലായ ‘കാങ് കോൺ’ ഔദ്യോഗികമായി നാവികസേനയിൽ ഉൾപ്പെടുത്തി. ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ളതായി വിശേഷിപ്പിക്കപ്പെടുന്ന കപ്പൽ സേനയിൽ ഉൾപ്പെടുത്തുന്ന ചടങ്ങിൽ വടക്കൻ കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ നേരിട്ട് പങ്കെടുത്തു.

കിഴക്കൻ തുറമുഖ നഗരമായ വോൺസാനിലാണ് അത്യാധുനിക സംവിധാനങ്ങളുള്ള ‘കാങ് കോൺ’ നാവികസേനയുടെ ഭാഗമായത്. കിം ജോങ് ഉന്നിനൊപ്പം അദ്ദേഹത്തിന്റെ മകളും ചടങ്ങിൽ പങ്കെടുത്തു. ജൂണിൽ നാവികസേനയിൽ ഉൾപ്പെടുത്തിയ ‘ചോയ് ഹിയോൺ’ എന്ന യുദ്ധക്കപ്പലിന് പിന്നാലെയാണ് ഏകദേശം 5,000 ടൺ ശേഷിയുള്ള രണ്ടാമത്തെ വലിയ യുദ്ധക്കപ്പലും വടക്കൻ കൊറിയ രംഗത്തിറക്കുന്നത്.

ശത്രുരാജ്യങ്ങളുടെ ഭീഷണി നേരിടാൻ ആണവായുധ അധിഷ്ഠിത സമുദ്ര പ്രതിരോധ ശേഷി ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് കിം ജോങ് ഉൻ പറഞ്ഞു. തുടർച്ചയായി രണ്ട് വലിയ യുദ്ധക്കപ്പലുകൾ നാവികസേനയ്ക്ക് നൽകാൻ കഴിഞ്ഞത് രാജ്യത്തിന്റെ ആണവ പ്രതിരോധശേഷി കൂടുതൽ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊറിയൻ ഉപദ്വീപിലെ എതിരാളികൾക്കിടയിൽ ആശങ്ക വർധിപ്പിക്കുന്ന നീക്കമായിരിക്കും ഇതെന്നും കിം പ്രതികരിച്ചു.

അമേരിക്ക, ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾ ജെജു ദ്വീപിന് സമീപം ‘ഫ്രീഡം എഡ്ജ്’ എന്ന പേരിൽ സംയുക്ത സൈനിക പരിശീലനം ആരംഭിച്ച സാഹചര്യത്തിലാണ് പ്യോങ്യാങിന്റെ പുതിയ നീക്കം. പരിശീലനം തങ്ങളുടെ രാജ്യത്തിന്റെ സുരക്ഷയ്ക്ക് നേരിട്ടുള്ള ഭീഷണിയാണെന്നാണ് വടക്കൻ കൊറിയയുടെ ആരോപണം.

ദക്ഷിണ കൊറിയയുമായുള്ള സംയുക്ത സൈനിക പരിശീലനങ്ങളുടെ ദൈർഘ്യം കുറയ്ക്കുന്നതുൾപ്പെടെയുള്ള അനുരഞ്ജന നീക്കങ്ങൾ അമേരിക്കയുടെ ഭാഗത്തുനിന്ന് നേരത്തെ ഉണ്ടായിരുന്നെങ്കിലും, ഇത്തരം താൽക്കാലിക നടപടികൾ അമേരിക്കയുടെ സമീപനത്തിൽ അടിസ്ഥാനപരമായ മാറ്റമുണ്ടാക്കില്ലെന്ന് കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് വ്യക്തമാക്കിയിരുന്നു. പ്രതിരോധ മേഖലയിലെ തടസ്സങ്ങൾ പൂർണമായി നീക്കാതെ അമേരിക്കയുമായി ചർച്ചകൾക്ക് സാധ്യതയില്ലെന്ന നിലപാടിലാണ് പ്യോങ്യാങ്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി ബാലിസ്റ്റിക് മിസൈൽ വികസനത്തിന് മുൻഗണന നൽകിയിരുന്ന വടക്കൻ കൊറിയ ഇപ്പോൾ നാവികസേനയുടെ നവീകരണത്തിനും കൂടുതൽ പ്രാധാന്യം നൽകുകയാണ്. പുതിയ ഡിസ്ട്രോയറുകളിൽ ആധുനിക റഡാറുകളും ക്രൂയിസ് മിസൈലുകളും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഘടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇത് രാജ്യത്തിന്റെ സമുദ്ര ആക്രമണശേഷി വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ. അടുത്ത എട്ട് മാസത്തിനുള്ളിൽ നാവികസേനയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന മറ്റൊരു നിർണായക പദ്ധതിയും പ്രഖ്യാപിക്കുമെന്ന് കിം സൂചന നൽകി.

റഷ്യയുടെ പരോക്ഷ സഹായത്തോടെയാണ് വടക്കൻ കൊറിയ പുതിയ സൈനിക സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതെന്ന നിരീക്ഷണങ്ങളും ഉയരുന്നുണ്ട്. അന്താരാഷ്ട്ര ഉപരോധങ്ങൾ നിലനിൽക്കുന്നതിനിടയിലും ആയുധശേഷി അതിവേഗം വികസിപ്പിക്കുന്ന പ്യോങ്യാങിന്റെ നീക്കങ്ങൾ ആഗോളതലത്തിൽ ആശങ്ക വർധിപ്പിക്കുന്നതാണ്.

സമുദ്രാതിർത്തികളിലെ എതിരാളികളുടെ സാന്നിധ്യം നിരീക്ഷിച്ച് അതിവേഗം പ്രതികരിക്കാൻ കഴിയുന്ന സംവിധാനങ്ങളാണ് പുതിയ യുദ്ധക്കപ്പലുകളിൽ ഒരുക്കിയിരിക്കുന്നതെന്നാണ് വടക്കൻ കൊറിയയുടെ അവകാശവാദം. പുതിയ സൈനിക നീക്കങ്ങൾ കൊറിയൻ ഉപദ്വീപിലെ സംഘർഷസാധ്യത വീണ്ടും ഉയർത്തുന്നതിനിടെ, അമേരിക്കയും സഖ്യരാജ്യങ്ങളും പ്രതിരോധ തന്ത്രങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ്.