Source :- SIRAJLIVE NEWS
പഹല്‍ഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ പാകിസ്താനെതിരെ നടത്തിയ പ്രത്യാക്രമണത്തിനു ശേഷം ഡല്‍ഹിയില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ “ഓപറേഷന് സിന്ദൂര്‍’ തുടരാന്‍ തീരുമാനിക്കുകയുണ്ടായി. ജമ്മു, പത്താന്‍കോട്ട്, ഉദംപൂര്‍ എന്നിവിടങ്ങളില്‍ പാക് സൈന്യം നടത്തിയ അക്രമങ്ങളെ ഇന്ത്യ നിര്‍വീര്യമാക്കിയതായി ഇന്ത്യന്‍ സൈനിക മേധാവികള്‍ വ്യക്തമാക്കുകയും ചെയ്തു. അതായത് ഇന്ത്യയോട് ഏറ്റുമുട്ടാനുള്ള ശേഷി പാകിസ്താനില്ലെന്ന് പകല്‍ വെളിച്ചം പോലെ വ്യക്തമാക്കപ്പെട്ടിരിക്കുകയാണ്. എന്നാല്‍ തങ്ങളുടെ പക്കല്‍ അണുവായുധമുണ്ടെന്ന് വീമ്പു പറയുന്ന പാകിസ്താന് ലോകത്തിനു മുമ്പില്‍ അത്രപെട്ടെന്ന് തോല്‍വി സമ്മതിക്കാന്‍ സാധ്യതയില്ല. ഇന്ത്യയും പാകിസ്താനും തമ്മില്‍ സംഘര്‍ഷം ഇനിയും രൂക്ഷമായാല്‍ അതിന്റെ പ്രത്യാഘാതം അയല്‍ രാജ്യങ്ങളെയും സാരമായി ബാധിക്കും.
ദക്ഷിണേഷ്യയിലെ മിക്ക രാജ്യങ്ങളുമായും ഇന്ത്യക്ക് നല്ല ബന്ധമാണ്. ഈ സംഘര്‍ഷം രൂക്ഷമാകുകയാണെങ്കില്‍ അയല്‍ രാജ്യങ്ങളുടെ ആശങ്കകള്‍ വര്‍ധിക്കും. ഇന്ത്യയുടെ അയല്‍ രാജ്യങ്ങളില്‍ പലതും സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്ക്കുന്ന രാജ്യങ്ങളാണ്. ബംഗ്ലാദേശ്, നേപ്പാള്‍, ഭൂട്ടാന്, മ്യാന്മര്, ശ്രീലങ്ക, മാലദ്വീപ്, അഫ്ഗാനിസ്താന് എന്നീ അയല്‍ രാജ്യങ്ങളെ ഇന്ത്യ- പാകിസ്താന് യുദ്ധം ദോഷകരമായി ബാധിക്കും. ശ്രീലങ്ക, മാല ദ്വീപ്, നേപ്പാള്‍ പോലുള്ള രാജ്യങ്ങള്‍ക്ക് ടൂറിസത്തില്‍ നിന്നുള്ള വരുമാനം വളരെ പ്രധാനമാണ്. ഈ രാജ്യങ്ങള്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പിരിമുറുക്കം ഉടന്‍ അവസാനിച്ചു കാണാന്‍ ആഗ്രഹിക്കുന്നു. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് സാമ്പത്തിക രംഗത്ത് ബുദ്ധിമുട്ട് നേരിട്ട ഈ രാജ്യങ്ങള്‍ക്ക് അയല്‍ രാജ്യങ്ങള്‍ തമ്മില്‍ തുടരുന്ന സംഘര്‍ഷത്തിനു മുമ്പില്‍ കണ്ണടക്കാനാകില്ല. ഇന്ത്യയുടെയും പാകിസ്താന്റെയും മറ്റൊരു അയല്‍രാജ്യം ചൈനയാണ്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം നീണ്ടുനില്‍ക്കുകയാണെങ്കില്‍, അത് അയല്‍രാജ്യങ്ങളിലുണ്ടാക്കുന്ന ചലനങ്ങള്‍ വ്യത്യസ്തമായിരിക്കും. ഇന്ത്യ-പാക് വിഷയത്തില്‍ ചൈനയും അഫ്ഗാനിസ്താനുമൊഴികെയുള്ള രാജ്യങ്ങള്‍ ഏതാണ്ട് നിഷ്പക്ഷമാണ്.
നേപ്പാളിന്റെ വ്യാപാര രംഗത്ത് 60 ശതമാനം ആധിപത്യം ഇന്ത്യക്കാണ്. യുദ്ധം നീണ്ടാല്‍ അത് നേപ്പാളിനെ സാരമായി ബാധിച്ചേക്കാം. നേപ്പാളും ഇന്ത്യയും തമ്മില്‍ നീണ്ട അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളാണ്. യുദ്ധത്തിന്റെ സാഹചര്യം ഇല്ലാതാകണമെന്ന് നേപ്പാള്‍ ആഗ്രഹിക്കുന്നു. അതേസമയം, യുദ്ധ സാഹചര്യം തുടരുകയാണെങ്കില്‍ നേപ്പാളുമായുള്ള വ്യാപാര സാധ്യത മുതലെടുക്കാന്‍ ചൈന ശ്രമിച്ചേക്കാം. നേപ്പാളിന്റെ ടൂറിസം വ്യവസായത്തെയും യുദ്ധം പ്രതിസന്ധിയിലാക്കും. ഭൂട്ടാന്റെ കാര്യത്തിലും സമാനമായ സ്ഥിതിയാണ്. ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാര്‍ നിലവിലുണ്ട്. സമീപകാലത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് ഇന്ത്യ ശ്രീലങ്കയെ വളരെയധികം സഹായിച്ചിട്ടുണ്ട്. അടുത്തിടെ പ്രധാനമന്ത്രി മോദി ശ്രീലങ്ക സന്ദര്‍ശിച്ചിരുന്നു. ബംഗ്ലാദേശും ആശങ്കയിലാണ്. ബംഗ്ലാദേശിലെ നിലവിലെ സര്‍ക്കാര്‍ പാകിസ്താനുമായി കൂടുതല്‍ അടുത്തു കൊണ്ടിരിക്കുകയാണ്. അതേസമയം ഇന്ത്യക്ക് ബംഗ്ലാദേശില്‍ വലിയ നിക്ഷേപമുണ്ട്. നേരത്തേ ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ മികച്ച ബന്ധമായിരുന്നു. കഴിഞ്ഞ വര്‍ഷം മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാറുമായുള്ള ഇന്ത്യയുടെ ബന്ധം പഴയതു പോലെ സുഖകരമല്ല.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം തുടരുന്നതിനിടയില്‍ ചൈനയുടെ നിലപാടറിയാന്‍ ലോകം കാതോര്‍ക്കുകയാണ്. ചൈന പാകിസ്താനുമായി അടുത്ത ബന്ധമുള്ള രാജ്യമാണ്. പാകിസ്താന് അസ്ഥിരമാകാന്‍ ചൈന ഒരിക്കലും ആഗ്രഹിക്കില്ല. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ചൈന പാകിസ്താനില്‍ ഏകദേശം 68 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുകയുണ്ടായി. ഇതിനുപുറമെ, സാമ്പത്തിക ഇടനാഴി (സി പി ഇ സി), ബെല്‍റ്റ് ആന്‍ഡ് റോഡ് എന്നിവക്കായും ചൈന പാകിസ്താനില്‍ വലിയ നിക്ഷേപം നടത്തിവരികയാണ്. എന്നാല്‍ പാകിസ്താനെതിരെ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ ചൈന “ഖേദകരം’ എന്ന് പറഞ്ഞതല്ലാതെ കൂടുതല്‍ അഭിപ്രായം പറയാന്‍ തയ്യാറായിട്ടില്ല. ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ ചൈനക്ക് നിക്ഷേപമുണ്ട്. ചൈനയോട് കൂടുതല്‍ അടുപ്പം കാട്ടിയിരുന്ന മാലദ്വീപ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ വീണ്ടും ഇന്ത്യയുമായി അടുത്തുവരികയാണ്. നിലവില്‍ അമേരിക്കയുമായി താരിഫ് യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ അയല്‍ രാജ്യങ്ങളുമായി ബന്ധം ശക്തമാക്കാന്‍ ചൈന ഈ അവസരം ഉപയോഗപ്പെടുത്തിയേക്കാം.
ഇന്ത്യയുടെ “ഓപറേഷന് സിന്ദൂർ’നെക്കുറിച്ചും പാകിസ്താനുമായി വര്‍ധിച്ചുവരുന്ന പിരിമുറുക്കത്തെക്കുറിച്ചും അഫ്ഗാനിസ്താന് വിദേശകാര്യ മന്ത്രാലയം ആശങ്ക പ്രകടിപ്പിക്കുകയും ഇന്ത്യയും പാകിസ്താനും ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു. അഫ്ഗാനിസ്താനും പാകിസ്താനും തമ്മില്‍ അതിര്‍ത്തിത്തര്‍ക്കം നിലനില്‍ക്കുന്നുണ്ട് എന്ന കാര്യം മറന്നുകൂടാ. പാകിസ്താനുമായുള്ള അതിര്‍ത്തി അതായത് ഡ്യൂറണ്ട് രേഖ അഫ്ഗാനിസ്താന് ഇതുവരെയും അംഗീകരിച്ചിട്ടില്ല. പാകിസ്താനും അഫ്ഗാനിസ്താനും തമ്മിലെ അതിര്‍ത്തിത്തര്‍ക്കം, ഇന്ത്യ-പാകിസ്താന് സംഘര്‍ഷം രൂക്ഷമായാല്‍ ഇന്ത്യക്കൊപ്പം നില്ക്കാന് അഫ്ഗാനിസ്താനെ പ്രേരിപ്പിച്ചേക്കാം. ബിട്ടീഷ് ഭരണകാലം മുതല്ക്കുള്ളതാണ് ഈ തര്‍ക്കം. രണ്ടാം ആംഗ്ലോ-അഫ്ഗാന് യുദ്ധകാലത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തിയായി ഡ്യൂറണ്ട് രേഖ നിശ്ചയിക്കുകയുണ്ടായി. 1893ല്‍ അഫ്ഗാന് രാജാവും ബ്രിട്ടീഷ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയായിരുന്ന സര് മോര്‍ട്ടിമര്‍ ഡ്യൂറണ്ടും തമ്മിലുള്ള കരാറിനെത്തുടര്‍ന്ന്, അഫ്ഗാനിസ്താന്റെ ചില ഭാഗങ്ങള്‍ ബ്രിട്ടീഷ് ഇന്ത്യക്ക് വിട്ടുകൊടുത്തു. 1947ല്‍ പാകിസ്താന് രൂപവത്കൃതമായതിനു ശേഷം അഫ്ഗാന് ഭരണാധികാരികള്‍ ഡ്യൂറണ്ട് കരാറിന്റെ സാധുതയെ ചോദ്യം ചെയ്തുവരികയാണ്.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം തുടരുന്നതിനിടയില്‍, ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി ഈ ആഴ്ച പാകിസ്താനും ഇന്ത്യയും സന്ദര്‍ശിക്കുകയുണ്ടായി. പഹല്‍ഗാം ആക്രമണത്തെ ഇറാന് അപലപിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം കുറക്കുന്നതിന് മാധ്യസ്ഥ്യം വഹിക്കാന്‍ തയ്യാറാണെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ വിഷയത്തില്‍ ഇറാന് പ്രസിഡന്റ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പാകിസ്താന് പ്രധാനമന്ത്രി ശഹബാസ് ശരീഫുമായും ചര്‍ച്ച ചെയ്യുകയുണ്ടായി. ഇറാനും പാകിസ്താനും അയല്‍ രാജ്യങ്ങളാണ്. ഇരു രാജ്യങ്ങളും തമ്മില്‍ നീണ്ട അതിര്‍ത്തി പങ്കിടുന്നു. ഇന്ത്യ-പാകിസ്താന് സംഘര്‍ഷം അവസാനിക്കണമെന്നതിൽ ഇറാനും താത്പര്യമുണ്ട്. മേഖലയിലെ സംഘര്‍ഷം രൂക്ഷമാകുകയാണെങ്കില്‍, പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന കാരണം ഇറാനെയും അത് ബാധിച്ചേക്കാം.
അതേസമയം, ചരിത്രപരവും തന്ത്രപരവും സാമ്പത്തികവുമായ കാരണങ്ങളാല്‍ ഇന്ത്യയും ഇറാനും തമ്മിലുള്ള വ്യാപാര ബന്ധം ശക്തമായി തുടരുകയാണ്. 2022-23 വര്‍ഷത്തില്‍ ഇന്ത്യയും ഇറാനും തമ്മില്‍ 2.5 ബില്യണ്‍ ഡോളറിന്റെ വ്യാപാരം നടക്കുകയുണ്ടായി. ഇന്ത്യ ഇറാനിലേക്ക് 1.9 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി ചെയ്തപ്പോള്‍ ഇറാന് ഇന്ത്യയിലേക്ക് 600 മില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് നടത്തിയത്. ഇറാന്റെ മികച്ച അഞ്ച് വ്യാപാര പങ്കാളികളില്‍ ഒന്ന് ഇന്ത്യയാണ്. ഇറാനിലെ ചബഹാര്‍ തുറമുഖത്ത് ഇന്ത്യ 500 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ട്. ചബഹാര്‍ തുറമുഖം വഴി അഫ്ഗാനിസ്താനിലെയും മധ്യേഷ്യയിലെയും വിപണികളിലേക്ക് പ്രവേശിക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നു. ഇറാന് ഇരു രാജ്യങ്ങളുമായും നല്ല ബന്ധം പുലര്‍ത്തുന്ന രാജ്യമാണ്. അതുകൊണ്ട് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം നീണ്ടുപോകരുതെന്ന് ഇറാനും ആഗ്രഹിക്കുന്നു.