Home rss national malayalam പുതിയ വാർത്ത അലിഗഢിലെ വെളിച്ചം

അലിഗഢിലെ വെളിച്ചം

5
0

Source :- SIRAJLIVE NEWS

പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ സംബന്ധിച്ചിടത്തോളം കേവലമൊരു അധികാരക്കൈമാറ്റത്തിന്റെ സന്ദര്‍ഭമായിരുന്നില്ല, മറിച്ച് ഒരു ജനതയുടെ സാംസ്‌കാരികവും രാഷ്ട്രീയവുമായ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ട വിപല്‍ഘട്ടമായിരുന്നു. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ പരാജയം മുഗള്‍ സാമ്രാജ്യത്തിന്റെ പൂര്‍ണമായ അസ്തമയത്തിലേക്കും ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ നിന്ന് ബ്രിട്ടീഷ് കിരീടത്തിലേക്കുള്ള പരമാധികാര മാറ്റത്തിലേക്കും വഴിതുറന്നു.

വിപ്ലവത്തിന്റെ മുഖ്യ ഉത്തരവാദികളായി കൊളോണിയല്‍ ഭരണകൂടം അടയാളപ്പെടുത്തിയത് മുസ്‌ലിംകളെയായിരുന്നു. ഡല്‍ഹിയിലും അവധിലും രോഹില്‍ഖണ്ഡിലും നടന്ന കൂട്ടക്കൊലകളും സ്വത്തുക്കള്‍ കണ്ടുകെട്ടലുകളും മുസ്‌ലിം സമൂഹത്തെ അഭൂതപൂര്‍വമായ സാമ്പത്തിക തകര്‍ച്ചയിലേക്കും രാഷ്ട്രീയ അനാഥത്വത്തിലേക്കും തള്ളിവിട്ടു. ഫാഴ്‌സിയും ഉര്‍ദുവും ഔദ്യോഗിക ഭാഷയെന്ന സ്ഥാനത്തുനിന്ന് നീക്കം ചെയ്യപ്പെടുകയും പകരം ഇംഗ്ലീഷ് നിര്‍ബന്ധമാക്കപ്പെടുകയും ചെയ്തതോടെ, പരമ്പരാഗത വിദ്യാഭ്യാസത്തില്‍ അഭയം കണ്ടെത്തിയിരുന്ന വലിയൊരു സമൂഹം ഭരണസിരാ കേന്ദ്രങ്ങളില്‍ നിന്നും തൊഴില്‍ മേഖലകളില്‍ നിന്നും ഒറ്റയടിക്ക് നിഷ്‌കാസിതരായി. പാരമ്പര്യ പണ്ഡിത നേതൃത്വങ്ങള്‍ തങ്ങളുടെ ആത്മീയതയും സാംസ്‌കാരിക തനിമയും സംരക്ഷിക്കുന്നതിനായി കൊളോണിയലിസത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പ്രതിരോധം തീര്‍ത്തുനിന്ന അതേ കാലഘട്ടത്തില്‍ത്തന്നെയാണ്, സര്‍ സയ്യിദ് അഹ്്മദ് ഖാന്‍ പൊതുരംഗത്ത് സജീവമാകുന്നത്.

1817ല്‍ ഡല്‍ഹിയിലെ പ്രഭുകുടുംബത്തില്‍ ജനിച്ച സര്‍ സയ്യിദ്, മുഗള്‍ ദര്‍ബാറിന്റെ പ്രതാപവും അതിന്റെ ദയനീയമായ പതനവും ഒരേപോലെ കണ്ടറിഞ്ഞ വ്യക്തിയായിരുന്നു. 1857ലെ ചോരച്ചൊരിച്ചിലുകള്‍ക്ക് സാക്ഷിയായ അദ്ദേഹം ബിജ്നോറില്‍ സബ് ജഡ്ജിയായി സേവനമനുഷ്ഠിക്കവെ, തന്റെ മാതാവുള്‍പ്പെടെയുള്ള ഉറ്റബന്ധുക്കള്‍ നേരിട്ട ദുരന്തങ്ങള്‍ക്ക് മൂകസാക്ഷിയായി.

പ്രതികാരദാഹികളായ ബ്രിട്ടീഷുകാരുടെ മുന്‍വിധികളെ തിരുത്താനും വിപ്ലവത്തിന്റെ യഥാര്‍ഥ കാരണങ്ങള്‍ തുറന്നുകാട്ടാനും അദ്ദേഹം രചിച്ച “അസ്ബാബ്-ഇ-ബഗാവത്-ഇ-ഹിന്ദ്’ (ഇന്ത്യന്‍ കലാപത്തിന്റെ കാരണങ്ങള്‍) എന്ന പുസ്തകം ചരിത്രപരമായ വലിയൊരു രാഷ്ട്രീയ ഇടപെടലായിരുന്നു. ബ്രിട്ടീഷ് ഭരണകൂടത്തിന് ഇന്ത്യന്‍ ജനതയുടെ പള്‍സ് അറിയാത്തതും ലെജിസ്ലേറ്റീവ് കൗണ്‍സിലുകളില്‍ ഇന്ത്യക്കാര്‍ക്ക് പ്രാതിനിധ്യം നല്‍കാത്തതുമാണ് വിപ്ലവത്തിലേക്ക് നയിച്ചതെന്ന് ഭരണാധികാരികളുടെ മുഖത്തുനോക്കി പറയാന്‍ അദ്ദേഹം ധൈര്യം കാട്ടി. സമുദായം ഒരു വശത്ത് വേട്ടയാടപ്പെടുകയും മറുവശത്ത് ആധുനിക ലോകത്തില്‍ നിന്ന് ഉള്‍വലിഞ്ഞ് സ്വയം ശിക്ഷിക്കുകയും ചെയ്യുന്ന ദുരവസ്ഥക്ക് അറുതി വരുത്താന്‍ വിദ്യാഭ്യാസ ശാക്തീകരണമല്ലാതെ മറ്റൊരു വഴിയുമില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.

വിജ്ഞാനം ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റെ കുത്തകയല്ലെന്നും, അത് മാനവരാശിയുടെ പൊതുസമ്പത്താണെന്നുമുള്ള തിരിച്ചറിവാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ കാതല്‍. ഇതിന്റെ ആദ്യ പടിയായി 1859ല്‍ മുറാദാബാദിലും 1863ല്‍ ഗാസിപൂരിലും ആധുനിക വിദ്യാലയങ്ങള്‍ സ്ഥാപിച്ച അദ്ദേഹം, 1864ല്‍ ചരിത്രപ്രസിദ്ധമായ “സയന്റിഫിക് സൊസൈറ്റി’ക്ക് രൂപം നല്‍കി. സര്‍ ഐസക് ന്യൂട്ടന്റെയും ജോണ്‍ സ്റ്റുവര്‍ട്ട് മില്ലിന്റെയും രചനകളുള്‍പ്പെടെയുള്ള പാശ്ചാത്യ ശാസ്ത്ര-സാങ്കേതിക ഗ്രന്ഥങ്ങള്‍, ചരിത്ര-സാമ്പത്തിക ശാസ്ത്ര കൃതികള്‍ എന്നിവ ഉര്‍ദുവിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുകയായിരുന്നു സൊസൈറ്റിയുടെ പ്രധാന ദൗത്യം. തുടര്‍ന്ന് 1866ല്‍ ആരംഭിച്ച “അലിഗഢ് ഇന്‍സ്റ്റിറ്റ്യൂട്ട് ഗസറ്റ്’ എന്ന ദ്വിഭാഷാ പത്രം കൊളോണിയല്‍ നയങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്താനും ജനങ്ങളില്‍ പൗരബോധം വളര്‍ത്താനുമുള്ള ശക്തമായ മാധ്യമമായി മാറി.

1869ല്‍ മകന്‍ സയ്യിദ് മഹ്്മൂദിനൊപ്പം ഇംഗ്ലണ്ടിലേക്ക് നടത്തിയ പതിനേഴ് മാസത്തെ യാത്ര സര്‍ സയ്യിദിന്റെ ദര്‍ശനങ്ങളില്‍ ഗുണപരമായ വലിയ മാറ്റങ്ങള്‍ വരുത്തി. കേംബ്രിഡ്ജ്, ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലകളുടെ പ്രവര്‍ത്തനരീതിയും റസിഡന്‍ഷ്യല്‍ സംവിധാനങ്ങളും നേരില്‍ കണ്ട അദ്ദേഹം, തന്റെ നാട്ടില്‍ സ്ഥാപിക്കേണ്ടത് കേവലം ക്ലാസ്സ് മുറികളുള്ള സ്‌കൂളുകളല്ല, മറിച്ച് ധാര്‍മിക സംസ്‌കരണവും ഉന്നത ബൗദ്ധിക നിലവാരവും ഒത്തിണങ്ങിയ സര്‍വകലാശാലയാണെന്ന് ഉറപ്പിച്ചു.

ദീര്‍ഘനാളത്തെ ആസൂത്രണങ്ങള്‍ക്കൊടുവില്‍ 1875 മേയ് 24ന് അലിഗഢില്‍ “മദ്‌റസത്തുല്‍ ഉലൂം’ എന്ന പേരില്‍ ഒരു ചെറിയ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചു. തുടര്‍ന്ന് 1877 ജനുവരി എട്ടിന് വൈസ്രോയി ലിറ്റണ്‍ പ്രഭു തറക്കല്ലിട്ടതോടെ അത് “മുഹമ്മദന്‍ ആംഗ്ലോ-ഓറിയന്റല്‍ കോളജ്’ (എം എ ഒ കോളജ്) ആയി മാറി. പാരമ്പര്യ പൗരസ്ത്യ വിജ്ഞാനത്തോടൊപ്പം പാശ്ചാത്യ ശാസ്ത്രവും ഇംഗ്ലീഷ് സാഹിത്യവും സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു പുതിയ സിലബസാണ് അവിടെ രൂപപ്പെടുത്തിയത്.

കോളജിന്റെ വികസനത്തിനായി നാട്ടുരാജാക്കന്മാരെയും പ്രഭുക്കന്മാരെയും സാധാരണക്കാരെയും അദ്ദേഹം സമീപിച്ചു. പട്യാല മഹാരാജാവ് മഹീന്ദര്‍ സിംഗ്, കാശി നരേഷ്, ദര്‍ഭംഗ രാജാവ് തുടങ്ങിയ ഹൈന്ദവ ഭരണാധികാരികളും ഹൈദരാബാദ് നിസാമും ഭോപ്പാല്‍ നവാബും അടക്കമുള്ള മുസ്‌ലിം ഭരണാധികാരികളും ഈ വിദ്യാഭ്യാസ യജ്ഞത്തിന് അകമഴിഞ്ഞ സാമ്പത്തിക പിന്തുണ നല്‍കി. കോളജിലെ ആദ്യ ബിരുദധാരി ഈശ്വരി പ്രസാദ് എന്ന ഹൈന്ദവ വിദ്യാര്‍ഥിയായിരുന്നു എന്നതും കോളേജിലെ സുപ്രധാനമായ ഗണിതശാസ്ത്ര വിഭാഗത്തിന് നേതൃത്വം നല്‍കിയത് പ്രൊഫ. ജെ സി ചക്രവര്‍ത്തിയെപ്പോലുള്ള പണ്ഡിതരായിരുന്നു എന്നതും സര്‍ സയ്യിദിന്റെ വിശാലമായ കാഴ്ചപ്പാടിന് മാറ്റുകൂട്ടുന്നു. ഇന്ത്യയെ ഹിന്ദുക്കളും മുസ്‌ലിംകളുമാകുന്ന രണ്ട് മനോഹരമായ കണ്ണുകളുള്ള ഒരു വധുവിനോട് ഉപമിച്ച അദ്ദേഹം, ഏതെങ്കിലും ഒരു കണ്ണിന് ക്ഷതമേറ്റാല്‍ ആ സൗന്ദര്യം നഷ്ടപ്പെടുമെന്ന് നിരന്തരം ഓര്‍മിപ്പിച്ചു.

1898ല്‍ സര്‍ സയ്യിദ് വിടവാങ്ങിയെങ്കിലും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും അനുയായികളും ചേര്‍ന്ന് ആ സ്വപ്‌നത്തെ ഒരു ജനകീയ മുന്നേറ്റമായി നിലനിര്‍ത്തി. നവാബ് മുഹ്‌സിനുല്‍ മുല്‍ക്ക്, നവാബ് വഖാറുല്‍ മുല്‍ക്ക് തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന നിരന്തര ശ്രമങ്ങളുടെ ഫലമായി, 1920ല്‍ കേന്ദ്ര നിയമ നിര്‍മാണ സഭ പാസാക്കിയ എട്ടാം നമ്പര്‍ നിയമത്തിലൂടെ എം എ ഒ കോളജ് “അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി’ (എ എം യു) എന്ന പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. രാജാ മഹേന്ദ്രപ്രതാപ് സര്‍വകലാശാലക്കായി നല്‍കിയ ഭൂമിയടക്കം ഈ സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ സുപ്രധാന പങ്കുവഹിച്ചു.

സ്വതന്ത്ര ഇന്ത്യയുടെ രാഷ്ടീയ, സാമൂഹിക, സാംസ്‌കാരിക ഭൂപടത്തില്‍ അലിഗഢ് ചെലുത്തിയ സ്വാധീനം അളവറ്റതാണ്. ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിമാരായ ഡോ. സാക്കിര്‍ ഹുസൈന്‍, ഫഖ്‌റുദ്ദീന്‍ അലി അഹ്്മദ്, അതിര്‍ത്തി ഗാന്ധി ഖാന്‍ അബ്ദുല്‍ ഗഫാര്‍ ഖാന്‍, വിഖ്യാത ശാസ്ത്രജ്ഞന്മാര്‍, സാഹിത്യകാരന്മാര്‍, നയതന്ത്രജ്ഞര്‍ എന്നിവരെയെല്ലാം വാര്‍ത്തെടുത്തത് ഈ മണ്ണാണ്. സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ആവേശകരമായ നേതൃത്വം നല്‍കിയ മൗലാനാ മുഹമ്മദലി, ശൗക്കത്തലി, “ഇങ്ക്വിലാബ് സിന്ദാബാദ്’ എന്ന അനശ്വര മുദ്രാവാക്യം സമ്മാനിച്ച ഹസ്്റത് മൊഹാനി, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ വിശ്വസ്തനായിരുന്ന ജനറല്‍ ഷാനവാസ് ഖാന്‍ തുടങ്ങിയവര്‍ അലിഗഢിന്റെ മണ്ണില്‍ നിന്ന് പോരാട്ടവീര്യം ഉള്‍ക്കൊണ്ടവരാണ്.

സമകാലിക ഇന്ത്യയുടെ സങ്കീര്‍ണമായ രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളിലേക്ക് കണ്ണോടിക്കുമ്പോള്‍ സര്‍ സയ്യിദിന്റെ പ്രസക്തി ഇരട്ടിക്കുകയാണ്. ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ-ഭരണഘടനാ അവകാശങ്ങള്‍ പലവിധ വെല്ലുവിളികള്‍ നേരിടുന്ന വര്‍ത്തമാനകാലത്ത്, അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയുടെ സ്വയംഭരണാധികാരവും ന്യൂനപക്ഷ പദവിയും സംരക്ഷിക്കപ്പെടേണ്ടത് രാജ്യത്തിന്റെ ജനാധിപത്യപരമായ ബാധ്യതയാണ്.

വിദ്വേഷത്തിന്റെയും അപരവത്കരണത്തിന്റെയും അന്ധകാരങ്ങളെ പ്രതിരോധിക്കാന്‍ സര്‍ സയ്യിദ് കാട്ടിത്തന്ന അറിവിന്റെയും സംവാദത്തിന്റെയും മാര്‍ഗം മാത്രമേ സഹായത്തിനെത്തൂ. ശാസ്ത്രീയ വിദ്യാഭ്യാസത്തിലൂടെ ആത്മവിശ്വാസമുള്ള ഒരു യുവതലമുറയെ വളര്‍ത്തിയെടുക്കുകയും അവരിലൂടെ രാഷ്ട്രനിര്‍മാണത്തിന് കരുത്തുപകരുകയും ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ആ മഹത്തായ ലക്ഷ്യത്തിന്റെ പ്രകാശഗോപുരമായി അലിഗഢ് ഇന്നും നിലകൊള്ളുമ്പോള്‍, അത് ഒരു സര്‍വകലാശാല മാത്രമല്ല, മറിച്ച് പ്രതിസന്ധികളോട് കലഹിച്ചുജയിച്ച ഒരു ജനതയുടെ ആത്മാഭിമാനത്തിന്റെയും രാഷ്ട്രസ്‌നേഹത്തിന്റെയും ജ്വലിക്കുന്ന അടയാളം കൂടിയാണ്.

(അലിഗഢ് മുസ്്ലിം യൂനിവേഴ്‌സിറ്റി അസ്സി. പ്രൊഫസറാണ് ലേഖകന്‍)

Content Highlights:
Sir Syed Ahmad Khan played a pivotal role in empowering Indian society through modern education following the 1857 revolt. He established the Scientific Society and the MAO College, which later evolved into the iconic Aligarh Muslim University in 1920. His vision continues to inspire unity, scientific learning, and social progress across the nation.