Home rss national malayalam പുതിയ വാർത്ത അല്‍ബേനിയയില്‍ വിദ്യാര്‍ഥികളുടെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അക്രമാസക്തമായി; വിദ്യാഭ്യാസ മന്ത്രാലയത്തിന് തീയിട്ടു

അല്‍ബേനിയയില്‍ വിദ്യാര്‍ഥികളുടെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അക്രമാസക്തമായി; വിദ്യാഭ്യാസ മന്ത്രാലയത്തിന് തീയിട്ടു

6
0

Source :- SIRAJLIVE NEWS

ടിരാന| യൂറോപ്യന്‍ രാജ്യമായ അല്‍ബേനിയയില്‍ വിദ്യാര്‍ഥികളുടെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അക്രമാസക്തമായി. വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന് തീയിട്ടു. നിരവധി വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കി. പോലീസും വിദ്യാര്‍ഥികളും ഏറ്റമുട്ടി. തലസ്ഥാന നഗരമായ ടിരാനയില്‍ ബുധനാഴ്ച നടന്ന പ്രതിഷേധമാണ് വന്‍ സംഘര്‍ഷത്തില്‍ കലാശിച്ചത്. തുടര്‍ന്ന് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചാണ് പോലീസ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്.

വിദ്യാര്‍ഥികള്‍ അക്രമങ്ങളില്‍നിന്ന് പിന്മാറണമെന്ന് ഉപപ്രധാനമന്ത്രി അല്‍ബാന കൊസിയു അഭ്യര്‍ഥിച്ചു. കല്ലെറിയുന്നതും പൊതുമുതല്‍ നശിപ്പിക്കുന്നതും അപലപനീയമാണ്. പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. അക്രമം ഒന്നിനും പരിഹാരമല്ല. വിദ്യാര്‍ഥികള്‍ അക്രമങ്ങളില്‍നിന്ന് പിന്തിരിയണമെന്നും ഉപപ്രധാനമന്ത്രി പറഞ്ഞു. അല്‍ബേനിയയിലെ സര്‍ക്കാര്‍ വിരുദ്ധ പ്രസ്ഥാനമായ ഫ്‌ളമിങോയുടെ നേതൃത്വത്തിലാണ് ആദ്യം പ്രതിഷേധം ആരംഭിച്ചത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് 23 പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. സംഘര്‍ഷത്തില്‍ ആറ് പോലീസുകാര്‍ക്കും ഒരു മാധ്യമപ്രവര്‍ത്തകനും പരിക്കേറ്റിട്ടുണ്ട്.

രാജ്യത്തെ വിദ്യാഭ്യാസ ചെലവുകള്‍ കുത്തനെ ഉയര്‍ന്നതും സര്‍വകലാശാലകളിലെ ശോചനീയാവസ്ഥയും സര്‍ക്കാരിന്റെ അഴിമതിയും ഉയര്‍ത്തിക്കാട്ടിയാണ് വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങിയത്. പ്രധാനമന്ത്രി എഡി റമാ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടു കറുത്ത വസ്ത്രങ്ങളണിഞ്ഞ് ടിരാനയില്‍ കൂറ്റന്‍ പ്രതിഷേധ റാലി സംഘടിപ്പിച്ച ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് അക്രമാസക്തരായത്. വിദ്യാഭ്യാസ മന്ത്രാലയത്തിന് നേരേ കല്ലെറിഞ്ഞ പ്രതിഷേധക്കാര്‍ റോഡില്‍ തീയിടുകയുംചെയ്തു. ഇതിനിടെയാണ് വാഹനങ്ങളും അഗ്‌നിക്കിരയായത്. വിദ്യാഭ്യാസ മന്ത്രാലയത്തിനും തീയിട്ടതിനു പിന്നാലെ സമീപത്തെ ബാങ്കിലും തീപ്പിടിത്തമുണ്ടായി.

ഫ്‌ളമിങോ തുടങ്ങിവെച്ച സമരത്തില്‍ പിന്നീട് വലിയൊരു വിഭാഗം വിദ്യാര്‍ഥികളും പങ്കാളികളാവുകയായിരുന്നു. തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ രാജി അടക്കമുള്ള ആവശ്യങ്ങളും ഉയര്‍ന്നുവന്നത്.

ചൊവ്വാഴ്ചയും വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. തെരുവുകളില്‍ സ്ഥാപിച്ച ബാരിക്കേഡുകളടക്കം ചൊവ്വാഴ്ച രാത്രി വിദ്യാര്‍ഥികള്‍ തള്ളിമാറ്റി. ഇതിനുപിന്നാലെയാണ് ബുധനാഴ്ചയും സംഘര്‍ഷം അരങ്ങേറിയത്.

Content Highlights:
Anti-government student protests in Tirana, Albania turned violent as demonstrators set fire to the Education Ministry and vehicles. Police used water cannons and tear gas to disperse the crowd demanding Prime Minister Edi Rama’s resignation over rising education costs and corruption.