Source :- SIRAJLIVE NEWS
ഞാന്‍ തളര്‍ന്നു വീഴാന്‍ പോകുകയായിരുന്നു. അക്രമി തലങ്ങും വിലങ്ങും ആയുധപ്രയോഗം നടത്തി. ആ സമയത്ത്, വിമാനം താഴേക്ക് പതിക്കുകയാണെന്ന് എനിക്ക് മനസ്സിലായി. ഇനി ഒന്നും ചെയ്യാനില്ല, വാതില്‍ തുറക്കുക തന്നെ. അപ്പോഴും എനിക്ക് പരുക്കുകള്‍ ഏല്‍ക്കുന്നുണ്ടായിരുന്നു. എങ്കിലും ഞാന്‍ വാതില്‍ തുറന്നു, എല്ലാവരും അകത്തേക്ക് വന്നു- ക്യാപ്റ്റന്‍ സ്മിത്ത് മച്ഛര്‍ ആശുപത്രിക്കിടക്കിയില്‍ നിന്ന് വീഡിയോ കോളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പറഞ്ഞു.
ഫ്ലൈ ദുബൈ വിമാനത്തില്‍ എന്താണ് നടന്നത് എന്നതിന്റെ ഏറ്റവും ആധികാരികമായ ആദ്യത്തെ വിവരണമായിരുന്നു അത്. ക്യാപ്റ്റന്‍ മച്ഛര്‍ രക്ഷപ്പെടുത്തിയത് 174 മനുഷ്യരെ മാത്രമല്ല. ആത്യന്തിക ആക്രമണത്തിനായി യുദ്ധക്കൊതിയന്‍മാര്‍ തക്കംപാര്‍ത്തിരിക്കുമ്പോള്‍ മച്ഛര്‍ ഒഴിവാക്കിയത് ആയിക്കണക്കിന് കുഞ്ഞുങ്ങളുടെ ജീവനെടുക്കുമായിരുന്ന ഭീകരയുദ്ധസാധ്യതയാണ്. ആ മനുഷ്യന്റെ ധീരതയും ഒടുങ്ങാത്ത മനസ്സാന്നിധ്യവും സമാധാനത്തിന്റെ വിസ്തൃതാകാശം പണിയുകയായിരുന്നു. മച്ഛറിന്റെ മുറിവുണങ്ങാത്ത നെറ്റിയില്‍ ശൈഖ് ഹംദാന്‍ ചുംബിക്കുന്നത് എത്ര ഹൃയഹാരിയായ കാഴ്ചയാണ്.
ദുബൈയില്‍ നിന്ന് തെല്‍ അവീവിലേക്കുള്ള എഫ് ഇസഡ് 1073 ഫ്ലൈ ദുബൈ വിമാനത്തില്‍ കഴിഞ്ഞ ബുധനാഴ്ച എന്താണ് സംഭവിച്ചത്? ഒമാനി പൗരനായ സഹ പൈലറ്റ് മൂര്‍ച്ചയുള്ള ആയുധംകൊണ്ട് കോക്പിറ്റില്‍ പൈലറ്റിനെ ആക്രമിച്ചുവെന്നും ഗുരുതരമായി പരുക്കേറ്റ ഇന്ത്യക്കാരനായ, ഗുജറാത്തിയായ ക്യാപ്റ്റന്‍ സ്മിത് മച്ഛര്‍ ധീരമായി ചെറുത്തുനിന്നുവെന്നുമുള്ള വിവരമാണ് പുറത്തു വന്നത്. പരിഭ്രാന്തിയുടെ കൊടുമുടിയില്‍ ആ ആകാശയാത്ര അത്യന്തം അപകടകരമായ നിലയിലേക്ക് എടുത്തെറിയപ്പെട്ടു. വിമാനം 17,000 അടി താഴ്ചയിലേക്ക് കൂപ്പുകുത്തി. വിമാനത്തിലുണ്ടായിരുന്ന രണ്ട് ഓഫ് ഡ്യൂട്ടി പൈലറ്റുമാര്‍ ഒരുവിധം വിമാനം നിയന്ത്രിച്ച് തബൂക്കില്‍ സുരക്ഷിതമായി ഇറക്കിയെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. രക്തത്തില്‍ കുളിച്ചിട്ടും, ജീവന്‍ അപകടത്തിലാണെന്ന് ഉറപ്പായിട്ടും മനസ്സാന്നിധ്യം കൈവിടാതെ കോക്പിറ്റ് വാതില്‍ തുറന്നുകൊടുക്കാന്‍ ഇന്ത്യന്‍ വൈമാനികനായ മച്ഛറിന് സാധിച്ചുവെന്നത് ചില്ലറ കാര്യമല്ല. ക്രൂ അംഗങ്ങളും ഓഫ് ഡ്യൂട്ടി പൈലറ്റുമാരും യാത്രക്കാരില്‍ ചിലരും ചേര്‍ന്ന് അക്രമിയെ വരുതിയിലാക്കിയെന്നും റിപോര്‍ട്ടുകളില്‍ പറയുന്നു.
റിപോര്‍ട്ടുണ്ട്, പറയപ്പെടുന്നു, വിലയിരുത്തപ്പെടുന്നു തുടങ്ങിയ പദങ്ങള്‍കൊണ്ട് വാചകങ്ങള്‍ അവസാനിപ്പിക്കേണ്ടിവരുന്നത് എപ്പോഴാണ്? തീര്‍ച്ചപ്പെടുത്താവുന്ന വസ്തുതകള്‍ മുന്നിലില്ലാത്തപ്പോള്‍. ഫ്ലൈ ദുബൈ സംഭവത്തില്‍ ഇത്ര ദിവസം പിന്നിടുമ്പോഴും വാര്‍ത്തകള്‍ മച്ഛറിന്റെ ധീരതയിലും അദ്ദേഹത്തോടുള്ള ആദരവിലും അഭിനന്ദനങ്ങളിലും കറങ്ങുന്നതും അതുകൊണ്ട് തന്നെയാണ്. അക്രമിയുടെ ലക്ഷ്യമെന്തായിരുന്നു? ആരാണ് അയാള്‍ക്ക് പിന്നിലുള്ളത്? എങ്ങനെയാണ് വിമാനത്തിനുള്ളില്‍ ആയുധം കൊണ്ടുപോകാന്‍ സാധിച്ചത്? വിമാനത്തിനുലുള്ളിലെ ക്രാഷ് ആക്‌സ് ആണ് പ്രയോഗിച്ചതെന്ന് പറയുന്നു. ആര്‍ക്കും തീര്‍ച്ചപറയാനാകാത്തവിധം ദുരൂഹമായ എന്തൊക്കെയോ ഈ സംഭവപരമ്പരകളിലുണ്ടോ? ഏതായാലും ഭൂരിപക്ഷം പേരും ഇസ്‌റാഈലികളായ യാത്രാ സംഘവും ക്രൂവും ജീവഹാനിയില്ലാതെ രക്ഷപ്പെട്ടിരിക്കുന്നു. ക്യാപ്റ്റനും ജീവിതത്തിലേക്ക് തിരിച്ചുവന്നിരിക്കുന്നു. ആശ്വസിക്കാന്‍ അതുമതിയല്ലോ.
യു എ ഇയും ഇസ്‌റാഈലും സംയുക്തമായി അന്വേഷിക്കുന്നുണ്ട്. എല്ലാ ചോദ്യങ്ങള്‍ക്കും ഖണ്ഡിതമായ ഉത്തരമേകാന്‍ ആ അന്വേഷണത്തിന് സാധിക്കുമായിരിക്കാം. അപ്പോഴേക്കും, ഒരന്വേഷണവും നടത്താതെ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നല്‍കിയ “ഉത്തരങ്ങള്‍’ അന്തരീക്ഷത്തില്‍ ആഴ്ന്നിറങ്ങിക്കഴിഞ്ഞിരിക്കുന്നു. ശരിയായ വസ്തുതകള്‍ പുറത്തുവന്നാലും നെതന്യാഹു ഇട്ടേച്ചുപോയ രാഷ്ട്രീയ ഉത്തരങ്ങള്‍ നിര്‍വീര്യമാകാതെ കിടക്കുക തന്നെചെയ്യും. ഈ മാസം 27ന് നടക്കാനിരിക്കുന്ന ഇസ്‌റാഈല്‍ പൊതുതിരഞ്ഞെടുപ്പിലേക്കുള്ള ഉഗ്രന്‍ പ്രചാരണവിഷയമാക്കി ഫ്ലൈ ദുബൈയെ മാറ്റാനുള്ള നരേറ്റീവ് ബില്‍ഡിംഗിലായിരുന്നു തുടക്കിത്തിലേ നെതന്യാഹു. സുരക്ഷിതമായി തിരിച്ചെത്തിയ യാത്രക്കാരെ സ്വീകരിച്ച ശേഷം സംസാരിക്കുമ്പോള്‍ തന്നെ നെതന്യാഹുവിന്റെ കൗശലം മറനീക്കി പുറത്തുവന്നു. ഇസ്‌റാഈലിനെ വില്ലൻവത്കരിക്കാന്‍ നടത്തിയ പ്രൊപ്പഗാണ്ടകളുടെ ആത്യന്തിക ഫലമാണ് ഈ ആക്രമണമെന്ന് ധ്വനിപ്പിച്ചാണ് അദ്ദേഹം സംസാരിച്ചതെന്ന് അല്‍ ജസീറയിലെ സൈമണ്‍ സ്പീക്മാന്‍ വിലയിരുത്തുന്നു. സംഭവത്തിന് പിന്നിലെ ലക്ഷ്യം എന്താണെന്ന് ഉറപ്പിച്ചു പറയാന്‍ സമയമായിട്ടില്ലെന്ന് സമ്മതിച്ച നെതന്യാഹു വിദേശത്തുള്ള ഇസ്‌റാഈലികള്‍ക്ക് നേരെ ആക്രമണം ശക്തമാക്കാന്‍ ഇറാനും അവരുടെ പ്രോക്‌സി ഗ്രൂപ്പുകളും ശ്രമിക്കുന്നുണ്ടെന്ന് പറഞ്ഞുവെച്ചു. എന്നാല്‍ ഫ്ലൈ ദുബൈ സംഭവത്തില്‍ ഇറാനിനെ നേരിട്ട് കുറ്റപ്പെടുത്താന്‍ തത്കാലം തയ്യാറല്ലെന്ന് പറഞ്ഞ ഇസ്‌റാഈല്‍ പ്രധാനമന്ത്രി, സഹപൈലറ്റ് “ഇസ്്ലാമിക തീവ്രവാദ ആശയങ്ങള്‍ സ്വീകരിച്ചിരുന്നു’ എന്ന് സ്ഥിരീകരിക്കുകയും ചെയ്തു. തൊട്ടുപിറകേ ചില മാധ്യമങ്ങള്‍ സ്റ്റോറികള്‍ എയര്‍ ചെയ്യാന്‍ തുടങ്ങി. സ്വാഭാവികമായും അതുമുഴുവന്‍ അക്രമിയുടെ സവിശേഷ സ്വഭാവം വിവരിക്കുന്നവയായിരുന്നു. അയാള്‍ ആരായാലും മനുഷ്യനെന്ന് വിളിക്കപ്പെടാന്‍ അര്‍ഹതയില്ലാത്തവിധം ക്രൂരനാണ്.
പാര്‍ലിമെന്റ്തിരഞ്ഞെടുപ്പില്‍ നെതന്യാഹുവിന്റെ നില തികച്ചും പരുങ്ങലിലാണ്. ഫലപ്രദമായ കൂട്ടുകെട്ടുണ്ടാക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. അദ്ദേഹത്തിനെതിരായ അഴിമതിക്കേസുകള്‍ തിരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാവിഷയമാണ്. മറ്റൊരു ഒക്‌ടോബര്‍ ഏഴ് വരാനിരിക്കെ ഹമാസ് പ്രത്യാക്രമണത്തിന്റെ ട്രോമ ഒരിക്കല്‍ കൂടി ഇസ്‌റാഈല്‍ ജനതയുടെ ഉറക്കത്തില്‍ നിറയുകയാണ്. പതിനായിരക്കണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളെ കൊന്നു തള്ളിയതും ഗസ്സയെ നരകച്ചീന്താക്കി മറ്റിയതും ഞങ്ങള്‍ക്ക് വേണ്ടിയല്ലെന്ന് തീവ്രസയണിസം തലക്കുപിടിക്കാത്ത ജൂതജനതയും ഇസ്‌റാഈലിലെ അറബ് സമൂഹവും തുറന്നടിക്കുന്നു. വന്‍കിട മാധ്യമങ്ങള്‍ മറച്ചുവെച്ചിട്ടും ഇസ്‌റാഈലില്‍ നിന്ന് പുറപ്പെട്ടുപോകുന്ന അരക്ഷിത ജനതയുടെ വാര്‍ത്ത പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നു. ഇതിനിടക്ക് നെതന്യാഹുവിന്റെ പ്രതിച്ഛായാ നിര്‍മിതിക്ക് വീണുകിട്ടിയ ആയുധമായിരിക്കുന്നു ഫ്ലൈ ദുബൈ ആക്രമണം ഇസ്‌റാഈലികള്‍ നേരിടുന്ന ഭീഷണികളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിയുന്ന ഏക നേതാവായി സ്വയം അവതരിപ്പിച്ചുപോരുന്നയാളാണ് നെതന്യാഹു. ആ വ്യാജ നിര്‍മിതിക്ക് ശക്തിപകരാനായി ഫ്ലൈ ദുബൈ സംഭവത്തെ ഉപയോഗിക്കാനാകുമോയെന്നാണ് നെതന്യാഹു ക്യാമ്പ് നോക്കുന്നത്. പക്ഷേ, “ഇത് രാഷ്ട്രീയമായി എന്ത് ഫലമുണ്ടാക്കുമെന്ന് പറയാന്‍ സമയമായിട്ടില്ല,’ എന്നാണ് ഇസ്‌റാഈല്‍ മുന്‍ നയതന്ത്രജ്ഞന്‍ ഡാനിയല്‍ ലെവി അല്‍ ജസീറയോട് പറഞ്ഞത്. വാര്‍ത്താ തലക്കെട്ടുകളില്‍ വരരുതെന്ന് നെതന്യാഹു ആഗ്രഹിക്കുന്ന പല കാര്യങ്ങളെയും ഒഴിവാക്കാനും പകരം ഇറാനിയന്‍ പങ്കാളിത്തം സൂചിപ്പിക്കുന്ന വാര്‍ത്ത കൊണ്ടുവരാനും ഇതിലൂടെ സാധിച്ചേക്കാം. ഇറാനിന്റെ പങ്കാളിത്തം സംബന്ധിച്ച മറ്റു ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്ന അതേ സമയത്തുതന്നെയാണ് ഇതും സംഭവിക്കുന്നത്. യു കെയിലെ അമേരിക്കന്‍ വ്യോമസേനാ താവളത്തിനടുത്ത് നടന്ന ആക്രമണം ഇറാനിന്റെ ചരടില്‍ നടന്നതാണെന്ന ബ്രിട്ടീഷ് നിലപാടുമായി ഇതിനെ ചേര്‍ത്തുവായിക്കണമെന്നും ഡാനിയല്‍ ചൂണ്ടിക്കാട്ടുന്നു. ഇസ്‌റാഈല്‍ പൗരന്‍മാരെ ഇറാന്‍ വിദേശമണ്ണില്‍ ആക്രമിക്കാനിടയുണ്ടെന്ന് നെതന്യാഹു പ്രവചിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് ഫ്ലൈ ദുബൈയില്‍ തീവ്രവാദി ആക്രമണം നടന്നത്.
ഇറാനുമായി യു എസ് വെടിനിര്‍ത്തല്‍ കരാറിലും സമാധാന ഉടമ്പടിയിലും എത്തരുതെന്ന് ഏറ്റവും തീവ്രമായി ആഗ്രഹിക്കുകയും അതിനായി കുത്തിത്തിരിപ്പുകള്‍ നടത്തുകയും ചെയ്യുന്നത് നെതന്യാഹുവാണ്. ഫ്ലൈ ദുബൈ സംഭവത്തില്‍ ഇറാനിന്റെ പങ്ക് തെളിഞ്ഞുകിട്ടിയാല്‍ പിന്നെ ആ പേരു പറഞ്ഞ് ആക്രമണം കടുപ്പിക്കാം. തെളിവിന്റെ കണിക മതിയാകും ഈ ആത്യന്തിക ആക്രമണം തുടങ്ങാന്‍. ഫ്ലൈ ദുബൈ ആക്രമണത്തെ “ജിഹാദി ഭീകരാക്രമണശ്രമം’ എന്ന് വിശേഷിപ്പിച്ച ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് നേരത്തേ മുന്നോട്ടുവെച്ച ഭീകരാക്രമണ മുന്നറിയിപ്പിനെക്കുറിച്ച് വീണ്ടും സംസാരിക്കുന്നത് വെറുതെയല്ല. ഗസ്സയില്‍ ഇപ്പോഴും തുടരുന്ന വംശഹത്യാ ആക്രമണം, അയല്‍രാജ്യങ്ങള്‍ക്കുനേരെയുള്ള തുടര്‍ച്ചയായ ആക്രമണങ്ങള്‍, അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ജൂത കൈയേറ്റക്കാര്‍ നടത്തുന്ന അക്രമങ്ങളിലെ ഭരണകൂടത്തിന്റെ പങ്ക് എന്നിവക്കെതിരെ അന്താരാഷ്ട്ര സമൂഹത്തില്‍ രോഷം വര്‍ധിച്ചുവരികയാണ്. നിരവധി ഇ യു രാജ്യങ്ങള്‍ ഭാഗിക ഉപരോധത്തിലേക്ക് നീങ്ങുകയാണ്. ഈ സാഹചര്യത്തിലാണ് ഇരവാദവുമായി നെതന്യാഹു രംഗത്തിറങ്ങിയത്. “ഞങ്ങള്‍ ഏഴ് മുന്നണികളില്‍ സൈനിക പോരാട്ടം നടത്തുന്നുണ്ട്. അതിന് പുറമേ മാരകമായ മറ്റൊരു മുന്നണിയിലും പോരാടുന്നു. അത് ഇസ്‌റാഈൽവിരുദ്ധ പ്രോപ്പഗാണ്ടയാണ്. പത്രങ്ങള്‍, ചാനലുകള്‍, സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ എല്ലാം ഇസ്‌റാഈലിനെതിരെ ദുഷ്പ്രചാരണം നടത്തുകയാണ്. ഇത് ഇസ്‌റാഈലി പൗരന്മാര്‍ എവിടെയും ആക്രമിക്കപ്പെടുന്ന സ്ഥിതിയുണ്ടാക്കിയിരിക്കുന്നു’ എന്നാണ് യു എന്‍ പൊതുസഭയില്‍ നെതന്യാഹു പറഞ്ഞത്. ഈ വാദം കൂടുതല്‍ ശക്തിയായി ഉന്നയിക്കാനുള്ള അവസരമാണ് ഫ്ലൈ ദുബൈയിലെ കത്തിയാക്രമണം നെതന്യാഹുവിന് സമ്മാനിച്ചത്.
നെതന്യാഹു എങ്ങനെയാണ് റെക്കോർഡ് കാലം ഇസ്‌റാഈല്‍ പ്രധാനമന്ത്രിപദത്തില്‍ ഇരുന്നതെന്ന് പഠിച്ച മുഴുവന്‍ പേര്‍ക്കും അറിയാവുന്ന ലളിത യാഥാര്‍ഥ്യമുണ്ട്- ഏത് സംഭവത്തില്‍ നിന്നും രാഷ്ട്രീയലാഭം കൊയ്യാനുള്ള മിടുക്ക് മറ്റാരേക്കാളും അദ്ദേഹത്തിനുണ്ട്. ലണ്ടന്‍ കിംഗ്‌സ് കോളജിലെ സീനിയര്‍ ഫെല്ലോയും ഇസ്‌റാഈലി സുരക്ഷാ വിദഗ്ധനുമായ അഹറോണ്‍ ബ്രെഗ്മാന്‍ പറയുന്നത് നോക്കൂ: “ഈ സംഭവത്തില്‍ നിന്ന് രാഷ്ട്രീയ നേട്ടം കൊയ്യാനാണ് നെതന്യാഹു ശ്രമിക്കുന്നത്. യാത്രക്കാര്‍ ഇസ്‌റാഈലില്‍ ഇറങ്ങിയ ഉടന്‍ തന്നെ, അക്രമിയെ കീഴ്‌പ്പെടുത്തിയവരിലൊരാളായ ഇസ്‌റാഈലി പ്ലംബറുമായി അദ്ദേഹം സംസാരിക്കുന്നത് മാധ്യമങ്ങളില്‍ നിറഞ്ഞു. ഒട്ടും നിഷ്‌കളങ്കമായിരുന്നില്ല അത്’ എന്നാല്‍, തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടേക്കാമെന്ന് അഭിപ്രായ സര്‍വേകള്‍ പ്രവചിക്കുന്ന നെതന്യാഹുവിന് ഇതില്‍ നിന്ന് എന്തെങ്കിലും നേട്ടമുണ്ടാകുമെന്ന് ബ്രെഗ്മാന്‍ കരുതുന്നില്ല. “അദ്ദേഹത്തിന് ഇതില്‍ രാഷ്ട്രീയ നേട്ടമൊന്നുമില്ല, ഇറാനുമായുള്ള ബന്ധം തെളിയിക്കപ്പെടുകയും അതുവഴി തെഹ്റാനുമായുള്ള സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുകയും ചെയ്താല്‍ മാത്രമേ നെതന്യാഹുവിന് എന്തെങ്കിലും പ്രതീക്ഷയുള്ളൂ’ എന്ന് ബ്രെഗ്മാന്‍ കൂട്ടിച്ചേര്‍ക്കുന്നു. നിലവില്‍ ഈ കളിയില്‍ അമേരിക്ക പങ്കെടുക്കുമെന്ന് തോന്നുന്നില്ല. യു എന്‍ പൊതു സഭാ സമ്മേളനത്തിന് ന്യൂയോര്‍ക്കിലെത്തിയ നെതന്യാഹുവിന് ട്രംപുമായി കൂടിക്കാഴ്ച തരപ്പെട്ടില്ല എന്നോര്‍ക്കണം. താത്കാലികമായെങ്കിലും “ബിബി’യെ ട്രംപ് കൈയൊഴിയുന്നുണ്ട്. ഇസ്‌റാഈല്‍ തിരഞ്ഞെടുപ്പില്‍ നെതന്യാഹുവിന്റെ ഭാഗ്യ ചിഹ്നമാകാന്‍ ട്രംപ് ആഗ്രഹിക്കുന്നുണ്ടാകില്ല.
ഫ്ലൈ ദുബൈ സംഭവത്തിന്റെ ഇരുണ്ട മേഖലകള്‍ ഇപ്പോഴും വെളിപ്പെട്ടിട്ടില്ല. നിരവധി ചോദ്യങ്ങള്‍ അന്തരീക്ഷത്തിലുണ്ട്. ഇപ്പോള്‍ പുറത്തുവന്ന ഉത്തരങ്ങളെല്ലാം നെതന്യാഹുവിനെ ഉദ്ധരിച്ചാണ്താനും. സവിശേഷതയുമുണ്ട്. ഇസ്‌റാഈലിലേക്ക് സര്‍വീസ് നടത്തുന്ന എല്ലാ വിമാനക്കമ്പനികളിലെയും ജീവനക്കാരെ ഇസ്‌റാഈലിന്റെ ആഭ്യന്തര സുരക്ഷാ ഏജന്‍സിയായ “ഷിന്‍ ബെറ്റ്’ പരിശോധിക്കാറുണ്ടത്രേ. ഒമാനി സഹ പൈലറ്റിന്റെ കാര്യത്തില്‍ എന്താണ് ഷിന്‍ ബെറ്റ് പരിശോധിച്ചത്?




