Home rss national malayalam പുതിയ വാർത്ത ആശയവിനിമയ സംവിധാനത്തിൽ തകരാർ; അമേരിക്കൻ ആകാശം വിമാനങ്ങളില്ലാതെ ശൂന്യമായത് മണിക്കൂറുകൾ

ആശയവിനിമയ സംവിധാനത്തിൽ തകരാർ; അമേരിക്കൻ ആകാശം വിമാനങ്ങളില്ലാതെ ശൂന്യമായത് മണിക്കൂറുകൾ

5
0

Source :- SIRAJLIVE NEWS

വാഷിംഗ്ടൺ | വ്യോമഗതാഗത നിയന്ത്രണ കേന്ദ്രങ്ങളിലെ ആശയവിനിമയ സംവിധാനത്തിലുണ്ടായ ഗുരുതര തകരാറിനെ തുടർന്ന് അമേരിക്കയിലുടനീളം വിമാന സർവീസുകൾ മണിക്കൂറുകളോളം സ്തംഭിച്ചു. എയർ ട്രാഫിക് കൺട്രോൾ സംവിധാനങ്ങളിലെ സാങ്കേതിക തടസ്സത്തെ തുടർന്ന് അമേരിക്കയിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ (എഫ് എ എ) രാജ്യവ്യാപകമായി വിമാന സർവീസുകൾക്ക് ഗ്രൗണ്ട് സ്റ്റോപ്പ് ഏർപ്പെടുത്തുകയായിരുന്നു. ഏകദേശം പതിനായിരം വിമാന സർവീസുകൾ റദ്ദാക്കുകയും പതിനായിരക്കണക്കിന് യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങുകയും ചെയ്തു.

പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 8.15ന് വ്യോമപാത വീണ്ടും തുറന്നതായി ഗതാഗത സെക്രട്ടറി സീൻ ഡഫി അറിയിച്ചു. എന്നാൽ, വിമാന സർവീസുകൾ ഘട്ടംഘട്ടമായിട്ടായിരിക്കും പുനരാരംഭിക്കുക. 2001 സെപ്തംബർ 11ലെ ഭീകരാക്രമണത്തിനു ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ വ്യോമഗതാഗത നിയന്ത്രണമായിരുന്നു ഇത്. 2023 ജനുവരിയിൽ എഫ് എ എയുടെ പ്രധാന കന്പ്യൂട്ടർ സംവിധാനം തകരാറിലായതിന് ശേഷം യു എസിൽ രാജ്യവ്യാപകമായി വിമാനങ്ങൾ നിർത്തിവെക്കുന്നത് ഇതാദ്യമാണ്.

രാജ്യത്തുടനീളം ഏകദേശം പതിനായിരം വിമാന സർവീസുകൾ റദ്ദാക്കിയതായി വിമാനങ്ങളുടെ സഞ്ചാരം നിരീക്ഷിക്കുന്ന വെബ്സൈറ്റായ ഫ്ലൈറ്റ്‌റഡാർ 24 അറിയിച്ചു. ഡെൽറ്റ എയർലൈൻസിന്റെയും അമേരിക്കൻ എയർലൈൻസിന്റെയും 2,200ലധികം സർവീസുകൾ വീതവും നൈറ്റഡ് എയർലൈൻസിന്റെ 1,800 സർവീസുകളും റദ്ദാക്കി. നിരവധി സർവീസുകൾ വഴിതിരിച്ചുവിട്ടു. പ്രധാന വിമാനത്താവളങ്ങളിൽ ചില വിമാനങ്ങൾ ഗേറ്റ് ലഭിക്കാതെ അഞ്ച് മണിക്കൂറിലധികം കാത്തുകിടന്നതായും റിപോർട്ടുണ്ട്.

അഞ്ച് മണിക്കൂറോളം നീണ്ട രാജ്യവ്യാപകമായ വിമാന നിയന്ത്രണത്തിന്റെ പ്രത്യാഘാതം വരുംദിവസങ്ങളിലും വിമാന സർവീസുകളെ ബാധിക്കുമെന്ന് വ്യോമയാനരംഗത്തെ വിദഗ്ധർ വിലയിരുത്തി. ഉച്ചകഴിഞ്ഞ് 3.36നാണ് റഡാർ, ആശയവിനിമയ സംവിധാനങ്ങളിൽ അസ്ഥിരത അനുഭവപ്പെട്ടതെന്ന് ഡഫി പറഞ്ഞു. അമിതമായ ഡാറ്റാ പ്രവാഹത്തെ തുടർന്ന് സ്വിച്ചുകളും റൂട്ടറുകളും ഓവർലോഡായതാണ് തകരാറിന് കാരണമെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാൽ, റഡാറോ ആശയവിനിമയ സംവിധാനങ്ങളോ പൂർണമായി നിലച്ചിരുന്നില്ലെന്നും ആയിരക്കണക്കിന് വിമാനങ്ങളെ സുരക്ഷിതമായി നിലത്തിറക്കാൻ കഴിഞ്ഞെന്നും വ്യക്തമാക്കി. അടിയന്തര പ്രശ്നം പരിഹരിച്ചെന്നും നിലവിൽ വിമാനയാത്ര സുരക്ഷിതമാണെന്നും അദ്ദേഹം അറിയിച്ചു.

കാലപ്പഴക്കമുള്ള എയർ ട്രാഫിക് കൺട്രോൾ കമ്മ്യൂണിക്കേഷൻ സംവിധാനം തകരാറിലായി തെറ്റായ വിവരങ്ങൾ നൽകിയതിനെ തുടർ‍ന്നാണ് വിമാന സർവീസുകൾ നിർത്തിവെച്ചതെന്ന് ഡഫി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വ്യോമഗതാഗത നിയന്ത്രണ സംവിധാനം നവീകരിക്കാൻ 50 ബില്യൺ ഡോളർ അനുവദിക്കണമെന്ന് ഡഫി യു എസ് കോൺഗ്രസ്സിനോട് ആവശ്യപ്പെട്ടു. വിമാനത്താവളങ്ങളും വ്യോമഗതാഗത അടിസ്ഥാനസൗകര്യങ്ങളും നവീകരിക്കാൻ നേരത്തേ 30.1 ബില്യൺ ഡോളറിന്റെ സഹായം വൈറ്റ് ഹൗസ് ആവശ്യപ്പെട്ടിരുന്നു.

തകരാറിന് പിന്നിൽ സൈബർ ആക്രമണമോ നിർമിത ബുദ്ധി (എ ഐ) സംവിധാനത്തിന്റെ ഇടപെടലോ ഉണ്ടെന്നതിന് തെളിവില്ലെന്ന് ആഭ്യന്തര സുരക്ഷാ സെക്രട്ടറി മാർക്ക്വെയ്ൻ മുള്ളിൻ പറഞ്ഞു. അന്വേഷണം തുടരുകയാണ്. എയർ ട്രാഫിക് കൺട്രോളർമാർ പൈലറ്റുമാരുമായി ബന്ധപ്പെടാൻ ഉപയോഗിക്കുന്ന എൽ3ഹാരിസ് ടെക്നോളജീസിന്റെ സംവിധാനത്തെയാണ് തകരാർ ബാധിച്ചതെന്നാണ് വിമാനക്കമ്പനി ഉദ്യോഗസ്ഥർ പറയുന്നത്.

Content Highlights: A critical communication glitch in US air traffic control systems forced the FAA to impose a nationwide ground stop, canceling nearly 10,000 flights. Transportation Secretary Sean Duffy confirmed airspace reopened after five hours, though severe airline delays continue across major carriers.