Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

സിപിഐഎം പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരായ ലൈംഗിക പീഡന ആരോപണങ്ങളിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കെപിസിസി സെക്രട്ടറി ജോൺ ഡാനിയേൽ മുഖ്യമന്ത്രി വി.ഡി. സതീശന് പരാതി നൽകി.
പൊതുപ്രവർത്തകനും സജീവ സിപിഐഎം നേതാവുമായ സുരേഷ് ബാബുവിനെതിരായ പരാതി പൊതുരംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച് ഗുരുതരമായ ആശങ്ക ഉയർത്തുന്നതാണെന്ന് ജോൺ ഡാനിയേൽ പരാതിയിൽ ചൂണ്ടിക്കാട്ടി.
സുരേഷ് ബാബുവിനെതിരെ സിപിഐഎം നേതൃത്വത്തിന് രേഖാമൂലം പരാതി ലഭിച്ചിട്ടും അത് പൊലീസിന് കൈമാറാതെ പാർട്ടി തലത്തിലുള്ള നടപടികളിൽ ഒതുക്കിയെന്നാണ് മാധ്യമ റിപ്പോർട്ടുകളുടെയും ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിൽ മനസിലാക്കുന്നതെന്ന് പരാതിയിൽ ആരോപിക്കുന്നു. അതിനാൽ ആരോപണത്തിൽ പൊലീസ് കേസെടുത്ത് നിയമാനുസൃതമായ അന്വേഷണം നടത്തണമെന്നാണ് ആവശ്യം.
സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുക എന്നത് സർക്കാരിന്റെ പ്രഖ്യാപിത നയമാണെന്നും പരാതിയിൽ ജോൺ ഡാനിയേൽ പറയുന്നു. ആരോപണത്തെക്കുറിച്ച് അറിവുണ്ടായിട്ടും വിവരം മറച്ചുവച്ചെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയും അന്വേഷണത്തിൽ പ്രതിചേർക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
സുരേഷ് ബാബുവിനെതിരായ ആരോപണത്തിൽ പാർട്ടി തലത്തിൽ കൂടുതൽ നടപടി വേണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് കോൺഗ്രസ് നേതാവ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്. വിഷയത്തിൽ സർക്കാർ സ്വീകരിക്കുന്ന തുടർനടപടികൾ നിർണായകമാകും.

