Source :- SIRAJLIVE NEWS

കൊച്ചി | സി എം ആര്‍ എല്‍-എക്‌സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ അഞ്ച് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ആറ് മുതല്‍ 10 വരെ പ്രതികളെയാണ് കസ്റ്റഡിയില്‍ വിട്ടത്. നാളെ വൈകിട്ട് അഞ്ചുവരെയാണ് കസ്റ്റഡി കാലാവധി.

മെയ് 27നായിരുന്നു സംഭവം. പിണറായി വിജയന്റെയും മകള്‍ വീണാ വിജയന്റെയും തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വസതിയില്‍ നടന്ന പരിശോധനക്ക് ശേഷമാണ് ആക്രമണമുണ്ടായത്. റെയ്ഡ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍ ആക്രമണത്തിന് വിധേയമാവുകയായിരുന്നു.

മാസപ്പടി കേസിലെ ഇ ഡി അന്വേഷണത്തിനുള്ള നിയമ തടസ്സങ്ങള്‍ ഹൈക്കോടതി നീക്കിയതിന് പിന്നാലെയായിരുന്നു റെയ്ഡ്.