Source :- SIRAJLIVE NEWS
ഇടുക്കി | സഞ്ചാരയോഗ്യമായ വഴി ഇല്ലാത്തതിനാല്‍ ഇടുക്കി ഇടമലക്കുടിയില്‍ നിന്ന് രോഗിയെ ആശുപത്രിയിലെത്തിച്ചത് കിലോ മീറ്ററുകള്‍ ചുമന്ന്. പനി ബാധിച്ച് ആവശനിലയിലായ 75കാരന്‍ മാലയപ്പനെ ആണ് കൂടലാര്‍കുടിയില്‍ നിന്ന് നാല് കിലോ മീറ്ററിലേറെ ദൂരം കാട്ടിലൂടെ ചുമന്ന് ആശുപത്രിയിലേക്കെത്തിച്ചത്.
കൂടലാര്‍ക്കുടി മുതല്‍ ആനക്കുളം വരെ സഞ്ചാരയോഗ്യമായ വഴിക്കായി ഏറെക്കാലമായുള്ള ആവശ്യത്തിന് വനംവകുപ്പ് തടസ്സം നില്‍ക്കുകയാണ്. ഇടമലക്കുടിയില്‍ എത്തിപ്പെടാന്‍ ഏറെ പ്രയാസമുള്ള ഉന്നതിയാണ് കൂടലാര്‍ക്കുടി. ആനക്കുളം വഴി മാങ്കുളത്തെത്തി, അവിടെ നിന്ന് അടിമാലി എത്തിയാല്‍ മാത്രമേ ആശുപത്രിയിലേക്കുള്‍പ്പെടെ എത്താന്‍ സാധിക്കൂ. നാല് കിലോ മീറ്ററിലെറെ കാട്ടിലൂടെ ഒറ്റയടിപ്പാത വഴി നടന്നാല്‍ മാത്രമേ ആനക്കുളത്ത് എത്താന്‍ സാധിക്കൂ. അവശനിലയിലായ രോഗിയെ തുണികൊണ്ടുള്ള മഞ്ചലില്‍ ചുമന്നാണ് പുറംലോകത്ത് എത്തിച്ചത്. ഇതിലൂടെ വഴിവെട്ടാന്‍ നേരത്തെ, തൊഴിലുറപ്പ് പദ്ധതി പ്രകാരം തീരുമാനമായെങ്കിലും വനംവകുപ്പ് അന്തിമാനുമതി നിഷേധിക്കുകയായിരുന്നു.
ഈ പ്രദേശത്തുകൂടി സഞ്ചാരയോഗ്യമായ ഒരു പാതക്ക് വേണ്ടി നാട്ടുകാര്‍ നിരവധി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും പരാതിയും നിവേദനങ്ങളും നല്‍കുകയും ചെയ്‌തെങ്കിലും കാട്ടിനകത്തുകൂടെയുള്ള പാതയ്ക്ക് അനുമതി ലഭിച്ചില്ല. നിലവില്‍ ഇടമലക്കുടിയിലേക്കുളള പാത രാജമല – പെട്ടിമുടി വഴി ഇഡലിപ്പാറക്കുടിയിലേക്കുളളതാണ്. കൂടലാര്‍ക്കുടിക്കാര്‍ക്കും സമീപത്തുള്ള ഉന്നതിയിലെ നിവാസികള്‍ക്കും പത്ത് കിലോ മീറ്ററിലേറെ സഞ്ചരിച്ചാലേ, ഇഡലിപ്പാറക്കുടിയിലെത്താനാവൂ. ആശുപത്രിയിലേക്കുള്ള അവശ്യയാത്രകള്‍ക്ക് കാട്ടിലൂടെയുളള മാര്‍ഗ്ഗമാണ് ഇപ്പോഴും ആശ്രയം. കഴിഞ്ഞ വര്‍ഷവും സമാന രീതിയില്‍ പനിബാധിച്ച് അവശനിലയിലായ കുട്ടിയെ രാത്രിക്ക് കാട്ടിലൂടെ ചുമത്ത് ആശുപത്രിയിലെത്തിക്കേണ്ടിവന്നിരുന്നു.
Content Highlights:
A 75-year-old sick man was carried for over 4 km through forest in Edamalakkudi, Idukki on a makeshift stretcher due to lack of roads. Villagers face severe commuting issues as forest department clearance for road construction remains pending despite repeated protests and requests.




