Home LATEST NEWS malyalam പുതിയ വാർത്ത ഇന്ത്യൻ കാർ വിപണിയിൽ വൻ അട്ടിമറി; Maruti Suzuki Dzire നെ പിന്നിലാക്കി ഏറ്റവും കൂടുതൽ...

ഇന്ത്യൻ കാർ വിപണിയിൽ വൻ അട്ടിമറി; Maruti Suzuki Dzire നെ പിന്നിലാക്കി ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന കാറായി Tata Punch

4
0

Source :- SIRAJLIVE NEWS

മുംബൈ | ഇന്ത്യൻ പാസഞ്ചർ വാഹന വിപണിയിൽ (Passenger Vehicle Market) ജൂൺ മാസത്തിൽ വലിയ മാറ്റങ്ങൾ രേഖപ്പെടുത്തി. മുൻനിര വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്സിന്റെ കോംപാക്ട് എസ്‌യുവി (Compact SUV) മോഡലായ ടാറ്റ പഞ്ച് (Tata Punch) രാജ്യത്ത് ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന കാറായി മാറി. കഴിഞ്ഞ വർഷം ജൂണിൽ 10446 യൂണിറ്റുകൾ വിറ്റഴിച്ച സ്ഥാനത്ത് നിന്ന് ഇത്തവണ 101 ശതമാനത്തിന്റെ വൻ വർദ്ധനവോടെ 21006 യൂണിറ്റുകളുടെ വിൽപ്പനയാണ് ടാറ്റ പഞ്ച് സ്വന്തമാക്കിയത്. ടാറ്റ മോട്ടോഴ്സിന്റെ തന്നെ നെക്സോൺ (Nexon) 18335 യൂണിറ്റുകളുടെ വിൽപ്പനയുമായി രണ്ടാം സ്ഥാനം നിലനിർത്തി. മുൻവർഷത്തെ അപേക്ഷിച്ച് നെക്സോൺ വിൽപ്പനയിൽ 58 ശതമാനം വളർച്ചയുണ്ടായിട്ടുണ്ട്.

മെയ് മാസത്തെ അപേക്ഷിച്ച് ജൂണിലെ റാങ്കിംഗിൽ വലിയ അട്ടിമറിയാണ് സംഭവിച്ചിരിക്കുന്നത്. മെയ് മാസത്തിൽ 24546 യൂണിറ്റുകളുമായി വിപണിയിൽ ഒന്നാമതായിരുന്ന മാരുതി സുസുക്കി ഡിസൈർ (Maruti Suzuki Dzire) ജൂണിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ജൂണിൽ ഡിസൈറിന്റെ വിൽപ്പന 17899 യൂണിറ്റുകളായി കുറഞ്ഞെങ്കിലും മുൻവർഷത്തെ അപേക്ഷിച്ച് 16 ശതമാനം വാർഷിക വളർച്ച നിലനിർത്താൻ സാധിച്ചിട്ടുണ്ട്. മെയ് മാസത്തിൽ നാലാം സ്ഥാനത്തായിരുന്ന പഞ്ച് ഒന്നാമതായും അഞ്ചാം സ്ഥാനത്തായിരുന്ന നെക്സോൺ രണ്ടാം സ്ഥാനതായും ജൂണിൽ മുന്നേറി.

വിൽപ്പനപ്പട്ടികയിലെ ആദ്യ ആറ് സ്ഥാനങ്ങളിൽ നാലെണ്ണവും സ്വന്തമാക്കി മാരുതി സുസുക്കി തന്നെയാണ് വിപണിയിൽ ആധിപത്യം തുടരുന്നത്. മെയ് മാസത്തിൽ ഏഴാം സ്ഥാനത്തായിരുന്ന വാഗൺ ആർ ജൂണിൽ 16952 യൂണിറ്റുകളുമായി നാലാം സ്ഥാനത്തേക്ക് ഉയർന്നു. മെയ് മാസത്തിൽ മൂന്നാമതായിരുന്ന എർട്ടിഗ 16111 യൂണിറ്റുകളുമായി അഞ്ചാം സ്ഥാനത്തേക്ക് താഴ്ന്നപ്പോൾ സ്വിഫ്റ്റ് 15215 യൂണിറ്റുകളുടെ വിൽപ്പനയുമായി ആറാം സ്ഥാനത്ത് എത്തി. മെയ് മാസത്തിൽ ആദ്യ ആറിൽ ഇടംപിടിച്ചിരുന്ന ഫ്രോങ്ക്സ്, ബലേനോ എന്നീ മോഡലുകൾ ജൂണിൽ പിന്നിലേക്ക് പോയി.

മഹീന്ദ്രയുടെ സ്കോർപിയോ 14097 യൂണിറ്റുകൾ വിറ്റഴിച്ച് ഏഴാം സ്ഥാനം നിലനിർത്തി. വിപണിയിൽ എസ്‌യുവി (SUV) മോഡലുകളോടുള്ള ഉപഭോക്താക്കളുടെ താല്പര്യം വർദ്ധിക്കുന്നതായാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. പഞ്ച്, നെക്സോൺ, സ്കോർപിയോ തുടങ്ങിയ മോഡലുകളുടെ മികച്ച മുന്നേറ്റം പ്രതിമാസ വിൽപ്പനയിൽ മാരുതി സുസുക്കിയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താൻ ടാറ്റ മോട്ടോഴ്സിനെ സഹായിച്ചു.

Content highlights
The Tata Punch has become India’s best-selling car in June with sales of 21,006 units, marking a 101 percent year-on-year growth. Tata Nexon secured the second spot, while the previous leader, Maruti Suzuki Dzire, slipped to third place. Maruti Suzuki still dominates the market with four models in the top six, but the overall figures reflect a booming demand for SUVs.