Home rss national malayalam പുതിയ വാർത്ത ഇന്ന് രാജ്യതലസ്ഥാനത്ത് ജനകീയ പോരാട്ടത്തിന്റെ പുത്തന്‍ അധ്യായം പിറക്കും

ഇന്ന് രാജ്യതലസ്ഥാനത്ത് ജനകീയ പോരാട്ടത്തിന്റെ പുത്തന്‍ അധ്യായം പിറക്കും

4
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി | മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് ദിവസങ്ങളായി നടക്കുന്ന ജനമുന്നേറ്റം ഇന്ന് മറ്റൊരു അധ്യായം രചിക്കും. കോക്രോച്ച് ജനതപാര്‍ട്ടി നടത്തുന്ന ജന്തര്‍ മന്തര്‍ പ്രക്ഷോഭത്തിനായി വന്‍ ജനാവലി ഇന്ന് ജന്തര്‍മന്തറിലേക്ക് ഒഴുകിയെത്തും.

സമരത്തെ പ്രതിരോധിക്കാന്‍ ഭരണകൂടം സ്വീകരിച്ച എല്ലാ പ്രതിരോധങ്ങളേയും അവഗണിച്ച് രാവിലെ 10 മണി മുതല്‍ പ്രക്ഷോഭം തുടങ്ങുമെന്നാണ് നേതാക്കള്‍ അറിയിച്ചിരിക്കുന്നത്. സി ജെ പി നേതാക്കളായ അഭിജിത് ദീപ്‌കെ ഉള്‍പ്പടെയുള്ളവര്‍ രാവിലെ 9.30 നാണ് ഡല്‍ഹി വിമാനത്താവളത്തില്‍ എത്തുക. നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുക്കാന്‍ സാധ്യതയുണ്ട്. ഇടത് പാര്‍ട്ടികളും ഇടതു വിദ്യാര്‍ഥി യുവജന സംഘടനകളും പ്രതിഷേധത്തിന്റെ ഭാഗമാകും.

സമരത്തെ നേരിടാന്‍ അര്‍ധ സൈനികരടക്കം 50,000 ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ രാജ്യ തലസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ഡല്‍ഹി പോലീസ് 57 മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടു. പുലര്‍ച്ചെ നാലു മുതല്‍ ഉച്ചക്ക് രണ്ടു വരെ ട്രെയിന്‍ യാത്ര തടസപ്പെട്ടേക്കും. വിദ്യാര്‍ഥികളും യുവാക്കളും സമരത്തിലേക്ക് എന്താതിരിക്കാന്‍ ഭരണകൂടത്തിന്റെ പരിശ്രമം.

സി ജെ പി പ്രവര്‍ത്തകര്‍ തലസ്ഥാനത്തേക്ക് ഒഴുകുന്നതു തടയാന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പോലീസ് മേധാവിമാര്‍ക്ക് കത്തയച്ചിരുന്നു. ഡല്‍ഹി പോലീസുമായും രഹസ്യാന്വേഷണ ഏജന്‍സികളുമായും അതിര്‍ത്തി നിരീക്ഷണ വിഭാഗങ്ങളുമായും ഏകോപനം ശക്തമാക്കാനും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാനുമായിരുന്നു കത്തില്‍ നിര്‍ദേശിച്ചത്.

ജന്തര്‍ മന്തര്‍, ജന്‍പഥ്, തെരഞ്ഞെടുപ്പ് കമ്മീഷന്‍, ഡല്‍ഹി പോലീസ് ആസ്ഥാനം എന്നിവ ഉള്‍പ്പെടുന്ന ഒന്നര കിലോമീറ്റര്‍ ചുറ്റളവ് അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മേഖലയില്‍ മാത്രം 6,500ലധികം സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ജന്തര്‍ മന്തറിലേക്കുള്ള റോഡുകളില്‍ ഏഴ് അടിയോളം വരുന്ന മള്‍ട്ടി-ലെയര്‍ ബാരിക്കേഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്. പ്രതിഷേധത്തിന് അനുമതിയില്ലെന്നും മുദ്രാവാക്യം വിളിക്കുകയോ പൊതുമുതല്‍ നശിപ്പിക്കുകയോ പോലീസിനെ ആക്രമിക്കുകയോ ചെയ്യരുതെന്നും വ്യക്തമാക്കുന്ന റെക്കോര്‍ഡ് ചെയ്ത അറിയിപ്പുകള്‍ ഉച്ചഭാഷിണികളിലൂടെ നിരന്തരം നല്‍കുന്നുണ്ട്.

ജനാധിപത്യത്തെ രക്ഷിക്കാനുള്ള അന്തിമവിളി (ഫൈനല്‍ കാള്‍ ടു സേവ് ഡെമോക്രസി) എന്നാണ് ഈ പ്രതിഷേധത്തെ സി ജെ പി വിശേഷിപ്പിച്ചിരിക്കുന്നത്. അനുമതിയില്ലാതെ ആളുകള്‍ കൂട്ടംകൂടുന്നത് തടയാനും ക്രമസമാധാന നില ഉറപ്പാക്കാനുമായി ഡല്‍ഹി, സെന്‍ട്രല്‍ ഡല്‍ഹി മേഖലകളിലും അതിര്‍ത്തികളിലുമായി ഇരുപതിനായിരത്തിലേറെ സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. പ്രതിഷേധക്കാരെ പാര്‍പ്പിക്കുന്നതിനായി 12 താല്‍ക്കാലിക തടങ്കല്‍ കേന്ദ്രങ്ങളും സജ്ജമാക്കി.

അനുമതിയില്ലാതെ എത്തുന്ന പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് പ്രത്യേക തടങ്കല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റും. പ്രകോപനങ്ങളില്‍ വീഴാതെ അതീവ സംയമനം പാലിക്കാനും പ്രൊഫഷണലായി സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാനും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേനയെത്തി പ്രകോപനമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ സാഹചര്യങ്ങള്‍ക്കനുസരിച്ച് നിയമനടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

നിരീക്ഷണത്തിനായി ഡല്‍ഹിയിലെ പ്രധാന കേന്ദ്രങ്ങളില്‍ ശബ്ദവും ദൃശ്യവും പകര്‍ത്താന്‍ ശേഷിയുള്ള മുന്നൂറിലേറെ സി സി ടി വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. അഡീഷണല്‍ പോലീസ് കമ്മീഷണര്‍ റാങ്കിലുള്ളവര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ബോഡി ക്യാമറകള്‍ നല്‍കിയിട്ടുണ്ട്. ഇതിനുപുറമെ, പൊലീസിന്റെ നടപടികളും പ്രതിഷേധങ്ങളും കൃത്യമായി രേഖപ്പെടുത്തുന്നതിനായി നൂറോളം ഫോട്ടോഗ്രാഫര്‍മാരെയും വീഡിയോഗ്രാഫര്‍മാരെയും നിയോഗിച്ചു.

ഡല്‍ഹിയിലെ റസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷനുകള്‍, കമ്മ്യൂണിറ്റി സെന്ററുകള്‍, പള്ളികള്‍ എന്നിവ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണവും പോലീസ് നടത്തുന്നുണ്ട്. ഹോട്ടലുകള്‍, ലോഡ്ജുകള്‍, എയര്‍ബിഎന്‍ബി ഹോംസ്റ്റേകള്‍ എന്നിവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കി.

Content Highlights:
Massive protests continue at Jantar Mantar demanding the resignation of Chief Election Commissioner Gyanesh Kumar. Over 50,000 security personnel have been deployed and 57 metro stations closed in Delhi. Authorities established multi-layer barricades and temporary detention centers to manage demonstrators.