Source :- SIRAJLIVE NEWS
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേരളത്തിലെ മുസ്‌ലിം സമുദായത്തോടായി പുറപ്പെടുവിച്ച പ്രസ്താവനയെ ചൊല്ലി അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മതം പിന്തുടരുന്ന വിശ്വാസികളോട്, അവരുടെ ഉത്തരവാദിത്വ നിര്‍വഹണത്തിന്റെ ഭാഗമായി ഇസ്‌ലാമിക നിയമങ്ങള്‍ പാലിക്കാന്‍ മതപണ്ഡിതര്‍ ആവശ്യപ്പെടുന്നത് സ്വാഭാവികമാണ്. മതാത്മകമായ പരിധികളും സാമൂഹിക ധാര്‍മികതയും ഓര്‍മപ്പെടുത്തുന്നത് ഏതൊരു മതനേതൃത്വത്തിന്റെയും പ്രഥമ ചുമതലയുമാണ്.
ഇസ്‌ലാമിക നിയമങ്ങളും മാന്യതയും പാലിച്ചുകൊണ്ട് മാത്രം പൊതുപരിപാടികളും ആത്മീയ ആഘോഷങ്ങളും സംഘടിപ്പിക്കണമെന്ന സമസ്തയുടെ നിലപാടിനെ “സ്ത്രീവിരുദ്ധത’ അല്ലെങ്കില്‍ “അടിച്ചമര്‍ത്തല്‍’ എന്ന് മുദ്രകുത്തുന്നത് തികച്ചും നിര്‍ഭാഗ്യകരമാണ്. ഇസ്‌ലാം സ്ത്രീകളെ വീട്ടിലിരുത്തുകയാണെന്നും പൗരോഹിത്യം പുരോഗതി തടയുകയാണെന്നുമുള്ള ആഖ്യാനങ്ങള്‍ വസ്തുതകളെ മൂടിവെച്ചുകൊണ്ട് നടത്തുന്ന വൈകാരിക പ്രചാരണങ്ങള്‍ മാത്രമാണ്.
ആനുകാലിക പശ്ചാത്തലവും സമസ്തയുടെ ഇടപെടലും
സമസ്ത ഇത്തരമൊരു നിലപാടുമായി മുന്നോട്ടുവരാനുണ്ടായ സാഹചര്യം പരിശോധിക്കുമ്പോള്‍ കാര്യങ്ങളുടെ വസ്തുത വ്യക്തമാകും. പൊതുപരിപാടികളിലും മീലാദ് റാലികളിലും ക്യാമ്പസുകളിലും ഇസ്‌ലാമിക അതിര്‍വരമ്പുകള്‍ കാറ്റില്‍പ്പറത്തി ആണും പെണ്ണും അതിരുകളില്ലാതെ കൂടിക്കലരുന്നതും ആത്മീയ സദസ്സുകളുടെ പരിശുദ്ധി കെടുത്തുന്ന രീതിയിലുള്ള പ്രവണതകള്‍ കടന്നുകൂടുന്നതും അടുത്തകാലത്തായി കൂടിവരുന്നുണ്ട്. മതപരമായ നിയന്ത്രണങ്ങള്‍ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമല്ല; മറിച്ച് മൂല്യച്യുതിയില്‍ നിന്നുള്ള സംരക്ഷണമാണ്. മാന്യമായ സംസ്‌കാരത്തില്‍ നിന്ന് സമുദായം അകന്നുപോകാതിരിക്കാന്‍ സമസ്ത അതിന്റെ ധര്‍മം നിര്‍വഹിച്ചപ്പോള്‍, അതിനെ “പെണ്‍കുട്ടികളെ അടുക്കളയിലേക്ക് മടക്കുന്നു’ എന്ന് ചിത്രീകരിക്കുന്നത് തികഞ്ഞ ദുര്‍വ്യാഖ്യാനമാണ്.
സമത്വവും ജീവശാസ്ത്രപരമായ യാഥാര്‍ഥ്യവും
മനുഷ്യസമൂഹത്തിന്റെ അടിസ്ഥാന ശിലകളാണ് സ്ത്രീയും പുരുഷനും. ആണ്‍- പെണ്‍ വ്യത്യാസങ്ങള്‍ വെറുമൊരു സാമൂഹിക നിര്‍മിതിയല്ല, മറിച്ച് പ്രകൃതിദത്തവും ജീവശാസ്ത്രപരവുമായ യാഥാര്‍ഥ്യമാണ്. ഈ പ്രകൃതിദത്ത വ്യത്യാസങ്ങളെ അംഗീകരിച്ചുകൊണ്ട് എങ്ങനെ ഒരു സുരക്ഷിത സമൂഹം കെട്ടിപ്പടുക്കാം എന്നാണ് ഇസ്‌ലാമിക അധ്യാപനങ്ങള്‍ വ്യക്തമാക്കുന്നത്. സ്ത്രീ-പുരുഷന്മാര്‍ തമ്മില്‍ അതിരുകളില്ലാതെ കൂടിക്കലരുന്ന വ്യവസ്ഥിതികളില്‍ ഉണ്ടാകുന്ന സാമൂഹിക അരക്ഷിതാവസ്ഥകള്‍ ഇന്ന് ലോകത്ത് വ്യക്തമാണ്.
കുടുംബബന്ധങ്ങളുടെ തകര്‍ച്ച
വ്യക്തിപരമായ പരിധികള്‍ ലംഘിക്കപ്പെടുന്ന ഇടപഴകലുകള്‍ പലപ്പോഴും അവിഹിത ബന്ധങ്ങളിലേക്കും വിവാഹമോചനങ്ങളിലേക്കും നയിക്കുന്നു. ഇത് കുടുംബബന്ധങ്ങളില്‍ വിള്ളലുണ്ടാക്കുകയും വലിയ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നു.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍
പാശ്ചാത്യ നാടുകളിലടക്കം ആണ്‍- പെണ്‍ മിശ്രണത്തിന് പൂര്‍ണ സ്വാതന്ത്ര്യമുള്ള ഇടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ പീഡനങ്ങളും അതിക്രമങ്ങളും ഉയര്‍ന്ന തോതിലാണെന്ന് സ്ഥിതിവിവരക്കണക്കുകള്‍ കാണിക്കുന്നു. അനിയന്ത്രിതമായ കൂടിച്ചേരലുകള്‍ കടന്നുവന്നതോടെ നമ്മുടെ നാടുകളിലും കുടുംബ തകര്‍ച്ചയുടെയും കുറ്റകൃത്യങ്ങളുടെയും കണക്കുകള്‍ ഭയാനകമായി ഉയരുകയാണ്.
വസ്തുവത്കരണം
അനിയന്ത്രിതമായ ഇടപഴകലുകളും പ്രദര്‍ശനങ്ങളും പലപ്പോഴും സ്ത്രീയെ ഒരു ഭൗതിക ഉപഭോഗ വസ്തുവായി മാത്രം കാണുന്ന അവസ്ഥയിലേക്ക് സമൂഹത്തെ എത്തിക്കുന്നു. പൊതുവാഹനങ്ങളിലും പൊതുയിടങ്ങളിലും സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ ഇതിന്റെ തെളിവാണ്.
സ്വഭാവശുദ്ധിയും വ്യക്തിവിശുദ്ധിയും
ഇസ്‌ലാമിക നിയമങ്ങള്‍ വിശുദ്ധമായ ഒരു സമൂഹത്തെയാണ് ലക്ഷ്യമിടുന്നത്. രോഗം വന്ന ശേഷം ചികിത്സിക്കുന്നതിനേക്കാള്‍ രോഗം വരാതെ നോക്കുന്ന “മുന്‍കരുതല്‍’ നടപടികളാണ് ഇസ്‌ലാം നിര്‍ദേശിക്കുന്നത്. അതിനാല്‍, അനാവശ്യ സമ്പര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ ആണിനും പെണ്ണിനും ഒരുപോലെ കര്‍ശനമായ ഉത്തരവാദിത്വമുണ്ട്.
ദൃഷ്ടി നിയന്ത്രണം
ദൃഷ്ടിയെ നിയന്ത്രിക്കാന്‍ ഖുര്‍ആന്‍ ആദ്യം കല്‍പ്പിക്കുന്നത് പുരുഷന്മാരോടാണ്, അതിനു ശേഷമാണ് സ്ത്രീകളോട് പറയുന്നത്. “സത്യവിശ്വാസികളോട് അവര്‍ തങ്ങളുടെ ദൃഷ്ടികള്‍ താഴ്ത്താനും തങ്ങളുടെ ലൈംഗികാവയവങ്ങള്‍ കാത്തുസൂക്ഷിക്കാനും പറയുക. സത്യവിശ്വാസിനികളോടും തങ്ങളുടെ ദൃഷ്ടികള്‍ താഴ്ത്താനും ലൈംഗികാവയവങ്ങള്‍ കാത്തുസൂക്ഷിക്കാനും പറയുക’ (വിശുദ്ധ ഖുര്‍ആന്‍).
മുന്‍കരുതല്‍ വേണം
അന്യസ്ത്രീയും പുരുഷനും മാത്രമായി അടച്ചിട്ട മുറിയിലോ വിജനമായ സ്ഥലങ്ങളിലോ ഒത്തുചേരുന്നത് ഇസ്‌ലാം വിലക്കിയിരിക്കുന്നു. “ഒരു പുരുഷനും സ്ത്രീയും തനിയെ ആയാല്‍ അവിടെ മൂന്നാമനായി പിശാചുണ്ടായിരിക്കും’ (തിര്‍മിദി) എന്ന പ്രവാചക വചനം ഇരുവിഭാഗത്തിനും ഒരുപോലെ ബാധകമാണ്.
സ്ത്രീസുരക്ഷയുടെ
ഇസ്‌ലാമിക പരിപ്രേക്ഷ്യം
അന്യ സ്ത്രീ- പുരുഷന്മാര്‍ കൂടിക്കലരുന്ന അവസ്ഥക്കെതിരെ ഇസ്‌ലാം നല്‍കുന്ന മുന്നറിയിപ്പ് സ്ത്രീകളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയുള്ളതാണ്. പ്രവാചകന്‍ (സ) അരുളി: “സന്‍ആയില്‍ (യമന്‍) നിന്ന് ഒറ്റക്ക് യാത്ര തിരിക്കുന്ന ഒരു സ്ത്രീ, അല്ലാഹുവിനെയല്ലാതെ മറ്റൊന്നിനെയും ഭയപ്പെടാതെ കഅ്ബ ചുറ്റി ത്വവാഫ് ചെയ്തു മടങ്ങുന്ന ഒരു കാലം വന്നെത്തും’ (സ്വഹീഹ് അല്‍ ബുഖാരി).
മഹ്‌റമോട് (രക്തബന്ധു) കൂടിയല്ലാതെ ദീര്‍ഘയാത്ര ചെയ്യുന്നത് വിലക്കിയത് പോലും സ്ത്രീയുടെ സുരക്ഷിതത്വം ലക്ഷ്യം വെച്ചുകൊണ്ടാണ്. നൂറ് ശതമാനം സുരക്ഷിതത്വ സാഹചര്യമുണ്ടെങ്കില്‍ സ്ത്രീക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ സാധിക്കുമെന്നാണ് ഈ ഹദീസിലൂടെ വ്യക്തമാകുന്നത്. സാക്ഷരതയും മോഡേണ്‍ ചിന്താഗതിയും പറഞ്ഞ് സാംസ്‌കാരിക മേല്‍ക്കോയ്മ അവകാശപ്പെടുന്ന സമകാലിക ലോകത്ത് പോലും പൊതുവഴിയിലൂടെ ഒരു സ്ത്രീക്ക് ഭയമില്ലാതെ നടന്നു പോകാന്‍ കഴിയാത്ത സാഹചര്യമുള്ളപ്പോഴാണ് ഇസ്‌ലാം ഈ സുരക്ഷാ സങ്കല്‍പ്പം മുന്നോട്ടുവെക്കുന്നത്.
അന്യ സ്ത്രീ- പുരുഷന്മാര്‍ കൂടിക്കലരാത്ത രൂപത്തില്‍ തന്നെ, പുരുഷന്മാര്‍ പങ്കെടുക്കുന്ന പരിപാടികളില്‍ സ്ത്രീകള്‍ക്ക് പ്രത്യേകം സംവിധാനങ്ങള്‍ ഒരുക്കി പ്രാതിനിധ്യം നല്‍കാന്‍ സമസ്തയുടെ കീഴിലുള്ള സ്ഥാപനങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. നാടുകളില്‍ നടക്കുന്ന മതപ്രഭാഷണ സദസ്സുകള്‍ ഇതിന് ഉദാഹരണമാണ്.
ചരിത്രവഴികളിലെ സ്ത്രീ മുന്നേറ്റം
ഇസ്‌ലാം സ്ത്രീക്ക് വിദ്യാഭ്യാസത്തിനോ സ്വയംപ്രാപ്തി കൈവരിക്കുന്നതിനോ വിലക്കേര്‍പ്പെടുത്തിയിട്ടില്ല; മറിച്ച് അവകാശങ്ങളും അന്തസ്സും ഉറപ്പുനല്‍കുകയാണ് ചെയ്തത്. ഇസ്‌ലാമിക അതിര്‍വരമ്പുകള്‍ പാലിച്ചുകൊണ്ടുതന്നെ പ്രവാചക കാലഘട്ടത്തിലും സുവര്‍ണ നാളുകളിലും സ്ത്രീകള്‍ വിവിധ മേഖലകളില്‍ തിളങ്ങിയിട്ടുണ്ട്. പ്രവാചക പത്‌നി ആഇശ (റ) അക്കാലത്തെ ഏറ്റവും പ്രമുഖയായ ഹദീസ് വിശാരദയും നിയമജ്ഞയുമായിരുന്നു. സ്വഹാബികള്‍ പോലും സംശയനിവാരണത്തിനായി അവരെ സമീപിച്ചിരുന്നു. പ്രവാചക പത്‌നി ഖദീജ (റ) പ്രമുഖ ബിസിനസ്സ് സംരംഭകയായിരുന്നു. സൈനബ് ബിന്‍ത് ജഹ്ശ് (റ) സ്വന്തമായി അധ്വാനിച്ച് പണം കണ്ടെത്തിയാണ് ദാനധര്‍മങ്ങള്‍ ചെയ്തിരുന്നത്. ആദ്യത്തെ വനിതാ നഴ്‌സ് എന്ന് പറയാന്‍ കഴിയുന്ന റുഫൈദ അല്‍ അസ്‌ലമിയ്യ (റ) എന്ന അന്‍സ്വാരി വനിതക്ക് മദീനയില്‍ തന്നെ ക്ലിനിക്ക് തുടങ്ങാനുള്ള അവസരം കൂടി നബി(സ) നല്‍കിയിരുന്നു. യുദ്ധമുഖത്ത് പരുക്കേറ്റവരെ ചികിത്സിച്ചിരുന്നത് പോലും റുഫൈദ ബീവിയെ പോലുള്ള സ്വഹാബി വനിതകളായിരുന്നു.
ഈ മുന്നേറ്റങ്ങളെല്ലാം അനിയന്ത്രിതമായ കൂടിക്കലരലുകളിലൂടെയല്ല, മറിച്ച് ഹിജാബിന്റെ മാന്യതയും ഇസ്‌ലാമിക അതിരുകളും കാത്തുസൂക്ഷിച്ചുകൊണ്ടാണ് നിര്‍വഹിക്കപ്പെട്ടത്. തുടര്‍ന്നുള്ള കാലഘട്ടങ്ങളിലും പൂര്‍ണമായ ഹിജാബോടെ വിദ്യാഭ്യാസ ശാസ്ത്ര മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിച്ച നിരവധി ഉദാഹരണങ്ങള്‍ ചരിത്രത്തിലുണ്ട്.
ധാര്‍മികതയും പുരോഗതിയും ഒന്നിച്ച്
കേരളത്തിലെ സുന്നി പ്രസ്ഥാനങ്ങള്‍ സ്ത്രീകളെ അടുക്കളയില്‍ തളച്ചിടുകയാണ് എന്ന ആരോപണം വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങള്‍ക്ക് മുന്നില്‍ തകര്‍ന്നടിയുന്നതാണ്. സുരക്ഷിതമായ അന്തരീക്ഷത്തില്‍ സ്ത്രീകള്‍ക്ക് ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കാന്‍ വലിയ പദ്ധതികളാണ് സുന്നി പ്രസ്ഥാനങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ആണിനും പെണ്ണിനും അവരുടേതായ വ്യക്തിത്വവും ധര്‍മവും നല്‍കിയ മതമാണ് ഇസ്‌ലാം. അനിയന്ത്രിതമായ കൂടിക്കലരലുകളല്ല സ്ത്രീ മുന്നേറ്റത്തിന്റെ ഉരകല്ല്. ഭൗതിക പുരോഗതിക്ക് വേണ്ടി സ്വന്തം വ്യക്തിത്വമോ ധാര്‍മിക മൂല്യങ്ങളോ പണയം വെക്കേണ്ടതില്ലെന്നതാണ് സമുദായം ഉയര്‍ത്തിപ്പിടിക്കുന്ന നിലപാട്. ഇസ്‌ലാമിക അതിര്‍വരമ്പുകള്‍ പാലിച്ചുകൊണ്ട് തന്നെ പെണ്‍കുട്ടികള്‍ക്ക് അറിവിന്റെ ലോകത്ത് കൊടുമുടി കീഴടക്കാന്‍ സാധിക്കുമെന്ന് പ്രായോഗികമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഈ യാഥാര്‍ഥ്യം നിലനില്‍ക്കെ, മതപരമായ ബോധവത്കരണങ്ങളെ “സ്ത്രീ വിരുദ്ധത’യായി ചിത്രീകരിച്ച് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളെ സമൂഹം തള്ളിക്കളയുക തന്നെ ചെയ്യും.




