Home rss business malayalam എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയെ ഫോണിൽ ഭീഷണിപ്പെടുത്തിയെന്ന പരാതി; കന്റോൺമെന്റ് എസ്‌ഐക്കെതിരെ സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയെ ഫോണിൽ ഭീഷണിപ്പെടുത്തിയെന്ന പരാതി; കന്റോൺമെന്റ് എസ്‌ഐക്കെതിരെ സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്

5
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം.എ. നന്ദനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കന്റോൺമെന്റ് എസ്‌ഐ ജി. ഗോകുലിനെതിരെ സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്. നന്ദനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ എസ്‌ഐയുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഫോൺ സംഭാഷണത്തിനിടെ ആഭ്യന്തരമന്ത്രിയുടെ പേര് പരാമർശിച്ചതും അനുചിതമായിരുന്നുവെന്ന് സിറ്റി പൊലീസ് കമ്മിഷണർ അരുൾ ബി. കൃഷ്ണയ്ക്ക് സമർപ്പിച്ച റിപ്പോർട്ടിൽ സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ സുരേഷ് ബാബു ചൂണ്ടിക്കാട്ടി.

സംഭവത്തിൽ എസ്‌ഐയുടെ വിശദീകരണം കൂടി കേട്ടശേഷം അച്ചടക്കനടപടി സ്വീകരിച്ചേക്കുമെന്നാണ് വിവരം. എസ്‌ഐ ഗോകുലിനെതിരെ നടപടി ആവശ്യപ്പെട്ട് നേരത്തെ എം.എ. നന്ദൻ സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന് പരാതി നൽകിയിരുന്നു. എസ്‌ഐ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും തിരുവനന്തപുരത്ത് നടക്കുന്ന പ്രതിഷേധങ്ങളെ പൊലീസ് അതിക്രമത്തിലേക്ക് നയിക്കുന്നത് എസ്‌ഐ ഗോകുലാണെന്നും നന്ദൻ പരാതിയിൽ ആരോപിച്ചിരുന്നു. ഗോകുലിനെ മാറ്റിനിർത്തി അന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.

നന്ദനെ എസ്‌ഐ ഗോകുൽ അങ്ങോട്ട് ഫോണിൽ വിളിച്ചാണ് ഭീഷണിപ്പെടുത്തിയതെന്നാണ് പരാതി. എസ്‌ഐ ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണത്തിന്റെ ഓഡിയോ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടിരുന്നു.

ഒരു മാർച്ച് നടത്തിയാൽ പാർട്ടി ഓഫീസിൽ കയറുമെന്നും നന്ദൻ എവിടെയാണ് ഇരിക്കുന്നതെന്ന് പൊലീസിന് അറിയാമെന്നും ഗോകുൽ പറഞ്ഞതായി പുറത്തുവന്ന ഓഡിയോയിൽ വ്യക്തമാകുന്നു. പേട്ടയിൽ ആളെ നിർത്തിയിട്ടുണ്ടെന്നും എസ്‌ഐ പറയുന്നുണ്ട്. കേരള പൊലീസിന്റെ ഭാഗമായ ഉദ്യോഗസ്ഥൻ ഇത്തരത്തിൽ സംസാരിക്കുന്നത് ശരിയാണോയെന്ന് നന്ദൻ തിരിച്ച് ചോദിക്കുന്നതും സംഭാഷണത്തിലുണ്ട്.

ഭീഷണി സംഭാഷണം പുറത്തുവന്നതിന് പിന്നാലെ സിറ്റി പൊലീസ് കമ്മിഷണർ എസ്‌ഐ ഗോകുലിനെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. സംഭവത്തിൽ എഡിജിപിയും റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സ്പെഷൽ ബ്രാഞ്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്.