Home rss business malayalam ഐഒഎ തെരഞ്ഞെടുപ്പ്: പി.ടി. ഉഷയ്‌ക്കെതിരായ പരാതി തള്ളി; ജനറൽ കൗൺസിലിലേക്ക് അംഗീകാരം

ഐഒഎ തെരഞ്ഞെടുപ്പ്: പി.ടി. ഉഷയ്‌ക്കെതിരായ പരാതി തള്ളി; ജനറൽ കൗൺസിലിലേക്ക് അംഗീകാരം

5
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പിൽ പി.ടി. ഉഷയ്‌ക്കെതിരെ സമർപ്പിച്ച പരാതി തള്ളി. ഐസ് ഹോക്കി അസോസിയേഷൻ പ്രതിനിധിയായി പി.ടി. ഉഷ ഉൾപ്പെടെയുള്ളവരെ ഐഒഎ ജനറൽ കൗൺസിലിലേക്ക് നാമനിർദേശം ചെയ്ത പട്ടികയ്ക്ക് വരണാധികാരി അംഗീകാരം നൽകി. ഐഒഎയുടെയും ഐസ് ഹോക്കി അസോസിയേഷന്റെയും ഭാരവാഹികളുടെ വിശദീകരണം പരിഗണിച്ച ശേഷമാണ് തീരുമാനം.

ഐസ് ഹോക്കി അസോസിയേഷൻ പ്രതിനിധിയായി ഉഷയെ നാമനിർദേശം ചെയ്തതിനെതിരെയാണ് സംഘടനയിലെ ഒരു വിഭാഗം പരാതി നൽകിയത്. ഐസ് ഹോക്കിയുമായി ഭരണപരമായ ബന്ധമില്ലാത്ത ഉഷയ്ക്ക് എങ്ങനെ സംഘടനയെ പ്രതിനിധീകരിക്കാനാകുമെന്നായിരുന്നു പരാതിക്കാരുടെ ചോദ്യം. എന്നാൽ 2023 ഡിസംബറിൽ ഐസ് ഹോക്കി അസോസിയേഷൻ കേരള ഘടകത്തിന്റെ വൈസ് പ്രസിഡന്റായി പി.ടി. ഉഷ തെരഞ്ഞെടുക്കപ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, ഐഒഎ ജനറൽ കൗൺസിലിലേക്കുള്ള സ്പോർട്സ് പേഴ്സൺസ് ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ് (എസ്ഒഎം) വിഭാഗത്തിലെ വനിതാ താരങ്ങളുടെ തെരഞ്ഞെടുപ്പിൽ ഉഷ പരാജയപ്പെട്ടിരുന്നു. ഒളിംപ്യൻമാരായ അഞ്ജു ബോബി ജോർജ്, റാണി രാംപാൽ, ഡോള ബാനർജി, സൈന നെഹ്‌വാൾ എന്നിവരാണ് ഈ വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ ജനറൽ കൗൺസിലിലെത്താനുള്ള ഉഷയുടെ സാധ്യതകൾക്ക് തിരിച്ചടിയേറ്റിരുന്നു.

തുടർന്നാണ് ഐസ് ഹോക്കി അസോസിയേഷന്റെ പ്രതിനിധിയായി ഉഷയെ ജനറൽ കൗൺസിലിലേക്ക് നാമനിർദേശം ചെയ്തത്. തെരഞ്ഞെടുപ്പിൽ താൻ പരാജയപ്പെട്ടത് ബാഹ്യശക്തികളുടെ സമ്മർദവും കൃത്രിമവും മൂലമാണെന്ന് ആരോപിച്ച് പി.ടി. ഉഷ ഐഒഎയ്ക്ക് പരാതി നൽകിയിരുന്നു. ഐഒഎ എക്സിക്യൂട്ടീവ് കൗൺസിൽ തെരഞ്ഞെടുപ്പ് ഡിസംബർ അഞ്ചിന് നടക്കും. ഇതിന്റെ അന്തിമ വോട്ടർ പട്ടിക ഇന്ന് പുറത്തിറക്കും.