Source :- SIRAJLIVE NEWS
പശ്ചിമ ബംഗാള്‍ നിയമസഭയിലെ 80 എം എല്‍ എമാരില്‍ 64 പേര് മമതാ ബാനര്‍ജിയെ കൈവിടുകയും രാജ്യസഭയിലെ മൂന്ന് തൃണമൂല്‍ കോണ്‍ഗ്രസ്സ് എം പിമാര്‍ രാജിവെക്കുകയും 20 ലോക്സഭാ എം പിമാര്‍ മറ്റൊരു പാര്‍ട്ടിയില്‍ ലയിക്കുകയും ചെയ്തതോടെ തൃണമൂല്‍ കോണ്‍ഗ്രസ്സും അതിന്റെ നേതാവായ മമതാ ബാനര്‍ജിയും നേരിടുന്നത് രാജ്യത്തെ വ്യക്തികേന്ദ്രീകൃത പാര്‍ട്ടികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന തകര്‍ച്ചയെയാണ്. യഥാര്‍ഥ തൃണമൂല്‍ കോണ്‍ഗ്രസ്സ് തങ്ങളുടേതാണെന്ന് എതിര്‍പക്ഷം അവകാശപ്പെടുമ്പോള്‍, സ്ഥാപക നേതാവായ മമതാ ബാനര്‍ജി തങ്ങളാണ് പാര്‍ട്ടിയുടെ യഥാര്‍ഥ അവകാശികള്‍ എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, പ്രത്യയശാസ്ത്രത്തിന്റെ അടിത്തറ ഇല്ലാതെ പടുത്തുയര്‍ത്തിയ പാര്‍ട്ടിയെന്ന നിലക്ക് യഥാര്‍ഥ തൃണമൂല്‍ കോണ്‍ഗ്രസ്സ് ഏത്, അല്ലാത്തത് ഏത് എന്ന വിലയിരുത്തലിന് പ്രസക്തിയില്ല. പക്ഷേ, ഇന്ത്യന്‍ പാര്‍ലിമെന്ററി ജനാധിപത്യ വ്യവസ്ഥയില്‍ തര്‍ക്കത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുക അംഗബലം നോക്കിയാണ്. 80ല്‍ 20ല്‍ താഴെ എം എല്‍ എമാരും 28ല്‍ എട്ട് ലോക്സഭാ എം പിമാരും മാത്രമുള്ള മമതാ ബാനര്‍ജിയുടെ അവകാശവാദം സാങ്കേതികമായി നിരസിക്കാനാണ് സാധ്യത. നിയമസഭാ പാര്‍ട്ടിയുടെ നിയന്ത്രണം മമതയുടെ കൈകളില്‍ നിന്ന് നഷ്ടപ്പെട്ടു. പാര്‍ട്ടിയില്‍ നിന്ന് മമത പുറത്താക്കിയ ഋതബത്രയെ നിയമസഭാ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു. 80 അംഗ തൃണമൂല്‍ എം എല്‍ എമാരില്‍ 58 പേരുടെ പിന്തുണയിലാണ് ഋതബത്ര തിരഞ്ഞെടുക്കപ്പെട്ടത്.
സ്ഥാപക നേതാവായ മമതാ ബാനര്‍ജി പാര്‍ട്ടിയുടെ ഉപദേശക പദം സ്വീകരിച്ച് നേതൃപദവിയില്‍ നിന്ന് മാറി നില്‍ക്കണമെന്നാണ് എതിര്‍പക്ഷം ആവശ്യപ്പെടുന്നത്. പാര്‍ലിമെന്റ് അംഗങ്ങളില്‍ വലിയൊരു ഭാഗം മമതയെ കൈയൊഴിഞ്ഞതിനു പിന്നാലെ, കോര്പറേഷന് മേയര്മാരടക്കം ജില്ലാ പരിഷത്തുകള്‍, മുനിസിപല്‍ കോര്‍പറേഷനുകള്‍, മുനിസിപാലിറ്റികള്‍ എന്നിവിടങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട പല ജനപ്രതിനിധികളും കൂട്ടത്തോടെ രാജിവെക്കുകയാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ പാര്‍ട്ടി ഘടകങ്ങളെ മമതാ ബാനര്‍ജി പിരിച്ചുവിട്ട് പുതിയ അടുപ്പക്കാരെ നിയമിക്കുന്ന ശ്രമത്തിലാണ്.
1998 ജനുവരി ഒന്നിനാണ് മമതാ ബാനര്‍ജി തൃണമൂല്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി രൂപവത്കരിച്ചത്. രണ്ടര ദശകത്തിനിടയില്‍ പാര്‍ട്ടി പടര്‍ന്നു പന്തലിച്ചു. പലരും നേതാക്കളായി. ഭരണം നഷ്ടപ്പെട്ടതോടെ അവര്‍ക്ക് മമതയെ വേണ്ടാതായി. എന്നാല്‍, പ്രതികൂല സാഹചര്യങ്ങളിലൂടെ പോരാടിയതിന്റെ അനുഭവമുള്ള മമത രാഷ്ട്രീയ വനവാസത്തിന് തയ്യാറായേക്കില്ല. നിലനില്‍പ്പിനുള്ള ശ്രമം ആരംഭിച്ചു എന്നാണ് അവരുടെ നീക്കങ്ങള്‍ വ്യക്തമാക്കുന്നത്. ശത്രുപാളയങ്ങളില്‍ നിർത്തിയവരെ ചേര്‍ത്തുപിടിക്കാനുള്ള മാനസികാവസ്ഥയിലാണ് മമതാ ബാനര്‍ജി. ഡല്‍ഹിയില്‍ നടന്ന ഇന്ത്യ മുന്നണി യോഗത്തില്‍ അവര്‍ സജീവമായി പങ്കെടുത്തതും സോണിയാ ഗാന്ധിയെ കെട്ടിപ്പിടിച്ചതും രാഷ്ട്രീയ തിരിച്ചടിയില്‍ നിന്ന് കരകയറാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നുവേണം കരുതാന്‍. കോണ്‍ഗ്രസ്സിനെ ഇല്ലായ്മ ചെയ്യാന്‍ പുതിയ പാര്‍ട്ടി രൂപവത്കരിച്ച മമത, കോണ്‍ഗ്രസ്സ് നേതാക്കളില്‍ രക്ഷകരെ കാണുന്നതിനെ വിമര്‍ശിക്കേണ്ടതില്ല. രാഷ്ട്രീയത്തില്‍ സ്ഥിരമായി ശത്രുക്കളും മിത്രങ്ങളും ഇല്ല എന്നാണ് വെപ്പ്.
1998ല്‍ സ്ഥാപിതമായ പാര്‍ട്ടിക്ക് സിംഗൂര്‍, നന്ദിഗ്രാം ഭൂമി ഏറ്റെടുക്കലിനെതിരെയും സി പി എമ്മിന്റെ രാഷ്ട്രീയ ധാര്‍ഷ്ട്യത്തിനെതിരെയും പൊതുജനരോഷം ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിച്ചു. 2011ല്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് അധികാരത്തിലെത്തി. പ്രാദേശിക വികാരം, ക്ഷേമാധിഷ്ഠിത ഭരണം, സംസ്ഥാനങ്ങളിന്മേല് ന്യൂഡല്‍ഹി പുലര്‍ത്തുന്ന അമിതാധികാരത്തോടുള്ള എതിര്‍പ്പ് തുടങ്ങിയ നിലപാട് മമതയെ ജനങ്ങള്‍ക്ക് സ്വീകാര്യതയുള്ള നേതാവാക്കി. അതേസമയം, സി പി എമ്മിനെ നേരിടുന്നതില്‍ കോണ്‍ഗ്രസ്സ് നേതൃത്വം പരാജയമാണെന്ന് ചൂണ്ടിക്കാട്ടി 20 വര്‍ഷത്തെ കോണ്‍ഗ്രസ്സ് ബന്ധം അവസാനിപ്പിച്ച് പുതിയ പാര്‍ട്ടി രൂപവത്കരിച്ച മമതാ ബാനര്‍ജി, കോണ്‍ഗ്രസ്സിനെയും സി പി എമ്മിനെയും തോല്പ്പിക്കാനായി കൂട്ടുപിടിച്ചത് ബി ജെ പിയെയായിരുന്നു. അന്ന് സംസ്ഥാനത്ത് മേല്‍വിലാസം ഇല്ലാതിരുന്ന ബി ജെ പിക്ക് ഡല്‍ഹിയില്‍ ഉണ്ടായിരുന്ന സ്വാധീനം കണക്കിലെടുത്താണ് മമത ബി ജെ പിയോടൊപ്പം ചേര്‍ന്നത്. തൃണമൂല്‍ കോണ്‍ഗ്രസ്സ് രൂപവത്കരിച്ചതിന്റെ തൊട്ടടുത്ത വര്‍ഷം, 1999ല്‍, മമത അടല്‍ ബിഹാരി വാജ്പയി സര്‍ക്കാറില്‍ റെയില്‍വേ മന്ത്രിയായി. പശ്ചിമ ബംഗാളില്‍ ബി ജെ പി നിര്‍ണായക ശക്തിയായതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മമതക്ക് മാറിനില്‍ക്കാനാകില്ല. സംസ്ഥാനത്ത് ബി ജെ പി പിച്ചവെച്ച് നടന്നത് മമതയുടെ കൈപിടിച്ചായിരുന്നു. മമതാ സര്‍ക്കാറിന്റെ വീഴ്ചകള്‍ ഹിന്ദുത്വവാദത്തിന് അനുകൂലമാക്കാന്‍ ബി ജെ പിക്ക് സാധിക്കുകയും ചെയ്തു.
തുടക്കത്തില്‍ മമത ബി ജെ പിയോട് കാണിച്ച മൃദുസമീപനം പാര്‍ട്ടിയുടെ വലിയൊരു വിഭാഗം എം എല്‍ എമാരും എം പിമാരും പിന്തുടരുന്നതിന്റെ കാഴ്ചയാണ് ഇന്ന് പശ്ചിമ ബംഗാളില്‍ കാണുന്നത്. 2011ല്‍ അധികാരത്തില്‍ വന്നതിനുശേഷം പശ്ചിമ ബംഗാളിലെ പ്രതിപക്ഷ പാര്‍ട്ടികളെ ഭരണത്തിന്റെ തണലില്‍ ദുര്‍ബലമാക്കാന്‍ മമത നടത്തിയ ശ്രമം, ഇടത്, കോണ്‍ഗ്രസ്സ് വോട്ടര്‍മാരില്‍ വലിയൊരു വിഭാഗത്തെ തീവ്ര വലതുപക്ഷ വോട്ടര്‍മാരായി മാറ്റുകയുണ്ടായി. ലോകത്ത് ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന, തിരഞ്ഞെടുക്കപ്പെട്ട ഇടതുപക്ഷ സര്‍ക്കാറിനെ താഴെയിറക്കിയ ശക്തയായ നേതാവെന്ന നിലയില്‍ മമതാ ബാനര്‍ജിയെ ടൈം മാസിക ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളില്‍ ഒരാളായി തിരഞ്ഞെടുക്കുകയുണ്ടായി. 15 വര്‍ഷം തുടര്‍ച്ചയായി സംസ്ഥാനം ഭരിച്ച, അണികള്‍ സ്നേഹത്തോടെ ദീദി എന്നു വിളിക്കുന്ന മമതാ ബാനര്‍ജി, തൃണമൂല്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ ഇന്ത്യയിലെ ഏറ്റവും ജനപിന്തുണയുള്ള പ്രാദേശിക പാര്‍ട്ടിയായി വളര്‍ത്തിയെടുത്തു. രാജ്യത്തെ ഏറ്റവും കരുത്തുറ്റ രാഷ്ട്രീയ നേതാക്കളില്‍ ഒരാളായി അവര്‍ അറിയപ്പെട്ടു. 34 വര്‍ഷം സംസ്ഥാനം ഭരിച്ച ഇടതുമുന്നണിയുടെ ഒരംഗത്തിനു പോലും നിയമസഭയില്‍ കടന്നുചെല്ലാനാകാത്തവിധം മമത അധികാരം കൈയടക്കി.
പക്ഷേ, വ്യക്തികേന്ദ്രീകൃതമായി ഇന്ത്യയില്‍ രൂപവത്കൃതമായ പാര്‍ട്ടികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന തിരിച്ചടി തൃണമൂല്‍ കോണ്‍ഗ്രസ്സിനെയും പിടികൂടിയിരിക്കുകയാണ്.
അടുത്ത കാലത്ത് മേല്‍വിലാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പാര്‍ട്ടികളില്‍ ഒന്ന് തെലങ്കാനയിലെ ബി ആര് എസാണ്. ചന്ദ്രശേഖർറാവുവിന്റെ പ്രഭാവലയത്തില്‍ വളര്‍ന്ന പാര്‍ട്ടി ഒരു ദശകത്തോളം തെലങ്കാനയില്‍ ഭരണം കൈയടക്കിയെങ്കിലും, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തോടെ ആ പാര്‍ട്ടിയുടെ അസ്തമയം കുറിച്ചു. എം ജി ആറിന്റെ മരണത്തെ തുടര്‍ന്ന് ജയലളിത എന്ന ഒറ്റയാനിലൂടെ പിടിച്ചുനിന്ന എ ഐ എ ഡി എം കെ, അവരുടെ മരണത്തെ തുടര്‍ന്ന് ശിഥിലമായിക്കൊണ്ടിരിക്കുകയാണ്. കാന്‍ഷിറാം എന്ന വ്യക്തിയില്‍ നിന്ന് മായാവതിയിലേക്ക് കൈമാറിയ ബി എസ് പിയുടെ അവസ്ഥയും മറിച്ചല്ല.
രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശിന്റെ ഭരണം കൈയാളിയ ബി എസ് പി, ഉത്തര്‍പ്രദേശ് നിയമസഭയില്‍ സീറോയുടെ സമീപത്താണ്. ബാല്‍താക്കറെ എന്ന മഹാരാഷ്ട്രയുടെ കരുത്തനായ നേതാവിന്റെ മരണശേഷം ശിവസേനയുടെ കരുത്തും നഷ്ടമായി. നിലവില്‍ രണ്ടായ പാര്‍ട്ടി വീണ്ടും പിളരാന്‍ ഒരുങ്ങുകയാണ് എന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഒഡിഷയിലെ സോഷ്യലിസ്റ്റ് നേതാവായ ബിജു പട്നായികിന്റെ പേരില്‍ മകന് നവീന്‍ പട്നായിക് രൂപവത്കരിച്ച ബിജു ജനതാദളിലുണ്ടായിരുന്നവരെല്ലാം ബി ജെ പി പാളയത്തില്‍ ചേക്കേറി. കേന്ദ്ര മന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിയുമായിരുന്ന നവീന്‍ പട്നായിക്, കൈവിരലിലെണ്ണാവുന്ന അംഗങ്ങളുടെ പിന്തുണയില്‍ സംസ്ഥാന പ്രതിപക്ഷ നേതാവായി തുടരുന്നു. കെജ്രിവാള് എന്ന വ്യക്തിയെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ 10 രാജ്യസഭാ എം പിമാരില്‍ ഏഴ് പേര് കൂട്ടത്തോടെ കൂറുമാറി ബി ജെ പിയില്‍ ചേർന്നു. ഹരിയാനയില്‍ ദേവിയിലാലും ബന്‍സിലാലും പിറകെ, അവരുടെ മക്കളും മക്കളുടെ മക്കളും രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപവത്കരിക്കുകയും ഭരണത്തില്‍ പങ്കാളികളാകുകയും ചെയ്തെങ്കിലും, ആ പാര്‍ട്ടികളുടെയും അവസ്ഥ അകാല ചരമമായിരുന്നു.
കര്‍ഷക നേതാവും ഇന്ത്യന്‍ പ്രധാനമന്ത്രിയുമായിരുന്ന ചരണ്‍ സിംഗ് രൂപവത്കരിച്ച ഭാരതീയ ക്രാന്തിദളും ലോക്ദളും, അദ്ദേഹത്തിന്റെ മകനും കേന്ദ്ര മന്ത്രിയുമായിരുന്ന അജിത് സിംഗിന്റെ ലോക്ദളും (അജിത്) ചരിത്രത്തിന്റെ ഭാഗമായി കഴിഞ്ഞു. ബിഹാറില്‍ ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളും നിതീഷ് കുമാറിന്റെ യുനൈറ്റഡ് ജനതാദളും യു പിയിലെ മുലായം സിംഗ് യാദവിന്റെ സമാജ്്വാദി പാര്‍ട്ടിയും വ്യക്തികേന്ദ്രീകൃത പാര്‍ട്ടികളാണെങ്കിലും, ഈ പാര്‍ട്ടികള്‍ പരാജയം രുചിച്ചിട്ടും നിലനില്‍ക്കുന്നത് അടിത്തറ സോഷ്യലിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ടതുകൊണ്ടാണ്. അതുപോലെ തമിഴ്നാട്ടിലെ ഡി എം കെയുടെ നേതൃത്വം കരുണാനിധിയുടെ വംശാവലിയുടെ കൈകളിലാണെങ്കിലും, ആ പാര്‍ട്ടിയുടെ ശക്തി ദ്രാവിഡ പ്രത്യയശാസ്ത്രത്തിലധിഷ്ഠിതമാണ്.
Content Highlights:
The Trinamool Congress and its leader Mamata Banerjee are facing a severe crisis as 64 out of 80 MLAs and several MPs have defected from the party. The rebel faction has appointed Ritabrata as the leader of the opposition in the state assembly with the support of 58 MLAs. This political shift highlights the ongoing decline and vulnerability of personality-centric political parties across India.







