Source :- SIRAJLIVE NEWS
ന്യൂഡല്‍ഹി| ഹരിയാനയിലെ ഫരീദാബാദില്‍ 26 കാരിയായ അധ്യാപികയെ 21കാരന്‍ ക്ലാസില്‍ നിന്നും വിളിച്ചിറക്കി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതി അമിത് ഏകദേശം രണ്ട് വര്‍ഷത്തോളം അധ്യാപികയായ സന്ധ്യയെ പിന്തുടര്‍ന്ന് പീഡിപ്പിച്ചിരുന്നതായി കുടുംബത്തിന്റെ വെളിപ്പെടുത്തല്‍. 2024ല്‍ ഒരു സ്വകാര്യ സ്‌കൂളില്‍ നാല് മാസത്തോളം ജോലി ചെയ്യുന്നതിനിടെയാണ് സന്ധ്യയുമായി അമിത് പരിചയത്തിലാകുന്നത്. പരിചയം പീഡനമായി മാറുന്ന അവസ്ഥയിലേക്കെത്തുകയായിരുന്നു. ജോലി ഒഴിവാക്കി പോയിട്ടും അയാള്‍ അധ്യാപികയെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. സന്ധ്യ വിവാഹിതയാണെന്നതും രണ്ട് കുട്ടികള്‍ ഉണ്ടെന്ന കാര്യവും അമിതിന് പ്രശ്‌നമായിരുന്നില്ല. എങ്ങനെയെങ്കിലും അവളെ വിവാഹം കഴിക്കണമെന്നായിരുന്നു അമിതിന്റെ ലക്ഷ്യം.
ഈ വര്‍ഷം ആദ്യം അമിത് സന്ധ്യയെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോകുകയും ഭര്‍ത്താവിനെ ആക്രമിക്കുകയും ചെയ്തിരുന്നു. അധ്യാപികയുടെ കുടുംബം വിഷയത്തില്‍ ഇടപെട്ടതോടെ സന്ധ്യയുമായുള്ള എല്ലാ ബന്ധങ്ങളും നിര്‍ത്താമെന്ന് യുവാവ് വാക്കുകൊടുത്തിരുന്നു. എന്നാല്‍ അമിതിനെ കൊണ്ടുള്ള ശല്യം അവസാനിച്ചില്ല. തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കി. ഇത് അമിതിന് സന്ധ്യയോടും കുടുംബത്തോടും അടങ്ങാത്ത പകയ്ക്ക് കാരണമായി. അധ്യാപികയെ തട്ടിക്കൊണ്ടുപോയതിലും ആക്രമണവും സംബന്ധിച്ച കുടുംബത്തിന്റെ ആരോപണങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു. അമിതിന്റെ പെരുമാറ്റത്തെ സന്ധ്യ പലതവണ എതിര്‍ത്തിരുന്നുവെന്ന് എസിപി അമന്‍ യാദവ് പറഞ്ഞു.
അധ്യാപികയായ സന്ധ്യയെ ക്ലാസില്‍ നിന്നും വിളിച്ചിറക്കിയാണ് പ്രതി അമിത് കുത്തിക്കൊലപ്പെടുത്തിയത്. സിക്കോണയിലെ സരസ്വതി സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയാണ് കൊല്ലപ്പെട്ട സന്ധ്യ. മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോട്ട് ഗ്രാമവാസിയാണ് അമിത്. ഇന്നലെ രാവിലെയായിരുന്നു കൊലപാതകം. നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ബൈക്കിലെത്തിയ അമിത് സംസാരിക്കണമെന്ന് പറഞ്ഞ് അധ്യാപികയെ ക്ലാസില്‍ നിന്നും പുറത്തേക്ക് വിളിച്ചു വരുത്തുകയായിരുന്നു. പുറത്തെത്തിയ സന്ധ്യയെ പ്രതി നിരവധി തവണ കുത്തുകയായിരുന്നു.
മുഖത്തും കഴുത്തിലും വയറിലുമായി 20 ഓളം പ്രാവശ്യമാണ് ഇയാള്‍ കുത്തിയത്. സ്‌കൂളിലെ സിസിടിവിയില്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. അധ്യാപികയുടെ നിലവിളി കേട്ട് തടയാനെത്തിയ സ്‌കൂള്‍ മാനേജരെ പ്രതി ഭീഷണിപ്പെടുത്തി. കുത്തേറ്റ് നിലത്ത് വീണിട്ടും പ്രതി അധ്യാപികയെ വീണ്ടും വീണ്ടും കുത്തിയിരുന്നു. തുടര്‍ന്ന് പ്രതി ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അധ്യാപികയെ ഉടന്‍ അല്‍ ഫലാഹ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Content Highlights:
A 26-year-old teacher named Sandhya was stabbed to death inside school premises in Faridabad, Haryana, by a 21-year-old stalker named Amit. The victim’s family revealed that Amit had been harassing and stalking her for two years despite her objections. Police arrested the perpetrator shortly after.


