Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

കടുത്ത സമ്മര്ദ്ദമുള്ള സാഹചര്യങ്ങളില് കളിക്കുന്നതിനെക്കുറിച്ചും, മൈതാനത്തിനകത്തും പുറത്തുമുള്ള ആരാധകരുടെ ബഹളങ്ങള് അവഗണിച്ച് മാനസികമായി കരുത്തോടെയിരിക്കാനും കൃത്യമായ തയ്യാറെടുപ്പുകള് നടത്താനുമുള്ള പ്രാധാന്യത്തെക്കുറിച്ചും ഇന്ത്യന് ബാറ്റിങ് സൂപ്പര് താരവും ട്വന്റി-20 ലോകകപ്പ് ജേതാവുമായ ക്യാപ്റ്റന് രോഹിത് ശര്മ്മ സംസാരിച്ചു. ‘ഫാമിലി ഫുള് ഹൗസ് വിത്ത് രോഹിത് ശര്മ്മ’ എന്ന തന്റെ ഷോയിലാണ് രോഹിത് ഇക്കാര്യങ്ങള് പങ്കുവെച്ചത്.
വിവിധ ഫോര്മാറ്റുകളിലായി ഐ.സി.സി ടൂര്ണമെന്റുകളുടെ നോക്കൗട്ട് മത്സരങ്ങളില് 21 മത്സരങ്ങളിലെ 23 ഇന്നിംഗ്സുകളില് നിന്ന് 44.20 ശരാശരിയില് 2 സെഞ്ചുറികളും 2 അര്ധസെഞ്ചുറികളും ഉള്പ്പെടെ 884 റണ്സ് രോഹിത് നേടിയിട്ടുണ്ട്. 137 റണ്സാണ് മികച്ച സ്കോര്. ക്യാപ്റ്റന് എന്ന നിലയിലെ അഞ്ച് ഐ.പി.എല് കിരീടനേട്ടങ്ങളും, ക്യാപ്റ്റനായും ബാറ്ററായും 2024-ലെ ട്വന്റി-20 ലോകകപ്പിലും ഐ.സി.സി ചാമ്പ്യന്സ് ട്രോഫിയിലുമുള്ള നിര്ണായക പ്രകടനങ്ങളും കടുത്ത സമ്മര്ദ്ദഘട്ടങ്ങളില് ‘ഹിറ്റ്മാന്’ എത്രത്തോളം ശോഭിക്കുന്നു എന്നതിന്റെ തെളിവാണ്.
‘ഒരു മത്സരം കളിക്കുന്നതിന് മുന്പ് ഞാന് എന്റെ തയ്യാറെടുപ്പുകളില് വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കാറുണ്ട്. അതിനാല് ആര്ക്കെങ്കിലും എതിരെ കളിക്കാന് ഗ്രൗണ്ടില് ഇറങ്ങുമ്പോള്, ഇന്ന് ഞാന് ഗ്രൗണ്ടില് ചെയ്യാന് ഉദ്ദേശിക്കുന്ന കാര്യം തെറ്റിപ്പോകില്ല എന്ന വലിയ ആത്മവിശ്വാസം എനിക്ക് ഉള്ളിലുണ്ടാകും. ആ ഒരു ഉറപ്പ് എപ്പോഴും കാണും. നമ്മള് പരീക്ഷ എഴുതാന് പോകുമ്പോള് നന്നായി പഠിച്ചിട്ട് പോകണം എന്ന് പറയുന്നതുപോലെയാണിത്. ചെറുപ്പം മുതലേ എന്നെ സംബന്ധിച്ച് നന്നായി തയ്യാറെടുക്കുക എന്നതായിരുന്നു പ്രധാനം. എതിരാളികള് ആര്, ബൗളര്മാര് ആരൊക്കെയാണ്, അവര് എവിടെയാണ് പന്ത് എറിയുന്നത്, എന്നെ പുറത്താക്കാന് അവര് എവിടെയാണ് നോക്കുന്നത് – ഇതൊക്കെ എന്നെ സംബന്ധിച്ചിടത്തോളം പഠനമാണ്’ -രോഹിത് പറഞ്ഞു.
ഓരോ കളിക്കാരനും കളിയെ സമീപിക്കാനും തയ്യാറെടുക്കാനും തങ്ങളുടേതായ വഴികളുണ്ടെന്നും ഹിറ്റ്മാന് പറഞ്ഞു. ‘എല്ലാ ക്രിക്കറ്റര്മാര്ക്കും അവരുടേതായ രീതികളുണ്ടെന്ന് ഞാന് പറയാന് ആഗ്രഹിക്കുന്നു. അവര് അവരുടേതായ രീതിയില് തയ്യാറെടുക്കുകയും ചിന്തിക്കുകയും ചെയ്യുന്നു. ഇപ്പോള് ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നവരും മുമ്പ് കളിച്ചവരുമെല്ലാം അവരുടേതായ രീതിയില് കളിച്ച്, തയ്യാറെടുത്ത്, രാജ്യത്തിന് വേണ്ടി എന്തൊക്കെ ചെയ്തോ അതെല്ലാം ചെയ്തിട്ടുണ്ട്. അതിനാല് ഒരു രീതിയും ശരിയോ തെറ്റോ അല്ല, നിങ്ങളുടെ സ്വന്തം വഴി നിങ്ങള് കണ്ടെത്തുക മാത്രമാണ് വേണ്ടത്’ രോഹിത് പറഞ്ഞു.

