Source :- SIRAJLIVE NEWS
ഒരു വിവാദം ഉണ്ടാക്കിയെടുക്കുക എന്നത് മാധ്യമങ്ങള്‍ക്ക് താരതമ്യേനെ ഏറെ എളുപ്പമുള്ള കാര്യമാണ്. വിഷയം സ്ത്രീ സ്വാതന്ത്ര്യവും പ്രധാന ലക്ഷ്യം കാന്തപുരം ഉസ്താദും ആകുമ്പോള്‍ പ്രത്യേകിച്ചും. കാഴ്ചക്കാര്‍ കൂടും. സ്വാഭാവികമായും വലിയ അധ്വാനമില്ലാതെ തന്നെ ടി ആര്‍ പി റേറ്റ് കൂട്ടാം. വേണമെങ്കില്‍ അല്‍പ്പം വംശീയത ആകാം. ന്യൂസ് റൂമിലിരുന്ന് വര്‍ഗീയത പറയാം.
ഇസ്‌ലാമിനെക്കുറിച്ചും മുസ്‌ലിം സമുദായത്തെക്കുറിച്ചും സൗകര്യപൂര്‍വം വെറുപ്പ് ഉത്പാദിപ്പിക്കാം. പരിഹസിക്കാം. കടന്നാക്രമിക്കാം. ഈ സമുദായത്തെ ഒന്ന് നന്നാക്കിയെടുക്കാനും വേണമെങ്കില്‍ പുതിയ കാലത്തിനനുസരിച്ച് പരിഷ്‌കരിക്കാനും ഉപദേശങ്ങള്‍ വാരിവിതറാം. ആഴത്തിലുള്ള മതദര്‍ശനങ്ങളെക്കുറിച്ചും ചരിത്രങ്ങളെക്കുറിച്ചും ഡെസ്‌കില്‍ വന്നിരുന്ന് വിക്കിപീഡിയ നോക്കി തോന്നിയതെന്തും വിളിച്ചു പറയാം. അതിനുമപ്പുറം എന്തൊക്കെയാണ് നിലവിലെ വിവാദത്തില്‍ നിന്ന് മാധ്യമങ്ങളും പ്രേക്ഷകരും മനസ്സിലാക്കേണ്ട പാഠങ്ങള്‍?
കാന്തപുരം ഉസ്താദുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടാഴ്ചക്കാലമായി മാധ്യമങ്ങളില്‍ മലയാളികള്‍ കണ്ട ബഹളങ്ങള്‍ മാധ്യമങ്ങളുടെ രീതിശാസ്ത്രത്തെക്കുറിച്ചു തന്നെ വീണ്ടുവിചാരം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതാണ്. പ്രൈം ടൈം ചര്‍ച്ചകള്‍ക്ക് ഒരു പൊതുസ്വഭാവമുണ്ടായിരുന്നു.
കടന്നാക്രമണമായിരുന്നു അന്തിച്ചര്‍ച്ചകളുടെ പൊതുസ്വഭാവം. ന്യൂസ് റൂമിലിരുന്ന് ചര്‍ച്ചകള്‍ നയിച്ച അവതാരകരുടെ വംശീയമായ വിദ്വേഷം മിക്ക ചര്‍ച്ചകളിലും കാണാമായിരുന്നു. മുസ്‌ലിം പ്രതിനിധാനങ്ങളോട്, അടയാളങ്ങളോട്, ജീവിത രീതിയോട് ഈ മാധ്യമപ്രവര്‍ത്തകര്‍ വര്‍ഷങ്ങളായി വെച്ചുപുലര്‍ത്തിയ വെറുപ്പിന്റെ നേര്‍ചിത്രങ്ങളായിരുന്നു ചില ചര്‍ച്ചകളുടെയെങ്കിലും ഇന്‍ട്രോകള്‍ എന്ന് പറയാതെ വയ്യ. വാര്‍ത്തകള്‍ അവതരിപ്പിക്കുന്ന രീതിയിലും ചര്‍ച്ചകള്‍ മുന്നോട്ട് പോകുന്നതിന്റെ സ്വഭാവത്തിലുമെല്ലാം മുമ്പില്ലാത്ത വിധം ഓപണായി വംശീയത കടന്നുവന്നു. ഒളിഞ്ഞും തെളിഞ്ഞും വാക്കുകള്‍ക്കിടയിലൂടെ മുമ്പ് പ്രേക്ഷകര്‍ക്ക് ഫീല്‍ ചെയ്തിരുന്ന ഈ വംശീയമായ അവതരണ രീതി ഈ വിവാദത്തില്‍ പക്ഷേ മറനീക്കി പുറത്തുവന്നു. കാര്‍ഡിറക്കി കളിയായിരുന്നു മറ്റൊരു പ്രധാന പരിപാടി.
കാന്തപുരത്തെയും മുസ്‌ലിം സമുദായത്തെയും ഇസ്‌ലാമിനെയും കടന്നാക്രമിക്കുന്ന പരശ്ശതം കാര്‍ഡുകള്‍. ഒരു ദിവസം തന്നെ ഇത്തരം നൂറുകണക്കിന് കാര്‍ഡുകളാണ് തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ മാധ്യങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഇവയിലാണെങ്കില്‍ വസ്തുതകള്‍ നന്നേ കുറവ്. ഒരേ കാര്യം തന്നെ തിരിച്ചും മറിച്ചും വാക്കുകള്‍ മാറ്റി മാറ്റി കാര്‍ഡിറക്കുന്ന ഈ രീതി സത്യത്തില്‍ വളരെ ബോറായിരുന്നു. ഒരു കാര്യം റിപോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ പുലര്‍ത്തേണ്ട വസ്തുനിഷ്ഠത, പ്രതിബദ്ധത, ക്രെഡിബിലിറ്റി തുടങ്ങിയ റിപോര്‍ട്ടിംഗിന്റെ അടിസ്ഥാന മൂല്യങ്ങള്‍ ഒന്നുമില്ലാതെ സോഷ്യല്‍ മീഡിയ കാര്‍ഡുകള്‍ പാറിനടന്നു. ജേര്‍ണലിസം വിദ്യാര്‍ഥികള്‍ക്ക് മലയാള മാധ്യമങ്ങളില്‍ നിന്ന് പഠിക്കാനോ പകര്‍ത്താനോ ഇനിയൊന്നും അവശേഷിക്കുന്നില്ല എന്ന് തെളിയിക്കുന്ന, ആര്‍ക്കോ വേണ്ടി തിളയ്ക്കുന്ന കാര്‍ഡുകള്‍. ഉസ്താദിന്റെ പേരില്‍ ഓരോ കാര്‍ഡിലും തരാതരം വംശീയതയും വിദ്വേഷവും.
ഫീല്‍ഡിലുള്ള റിപോര്‍ട്ടര്‍മാരും അവരെ കവര്‍ ചെയ്യാന്‍ പറഞ്ഞയക്കുന്ന വാര്‍ത്താ ചാനലുകളിലെ ന്യൂസ് എഡിറ്റര്‍മാരും സ്വയം വിചാരണ നടത്തേണ്ട മറ്റൊരു അശ്ലീലമാണ് മൈക്കിന്റെ തെറ്റായ ഉപയോഗം. ബൈറ്റ് എടുക്കുമ്പോള്‍ ആളുകളെ നിര്‍ബന്ധിച്ച് അവരുടെ വായിലേക്ക് മൈക്ക് തള്ളിക്കയറ്റുന്നത് ദയവായി ഒഴിവാക്കണം. സംഗതി കാന്തപുരത്തിനെതിരെ രണ്ട് വാക്ക് പറയിപ്പിക്കാനാണെങ്കിലും ഇങ്ങനെ ആളുകളെ നിര്‍ബന്ധിക്കുന്നത് എന്തിനാണ്. മുന്നിലുള്ള വ്യക്തിയെ ബഹുമാനത്തോടെ സമീപിക്കാന്‍, അവരുടെ ആത്മാഭിമാനം സംരക്ഷിച്ച് ചോദ്യങ്ങള്‍ ചോദിക്കാന്‍, ഉത്തരങ്ങള്‍ ഉണ്ടെങ്കില്‍ അത് ക്ഷമയോടെ കേള്‍ക്കാന്‍ നാം ഇനിയെന്നാണ് പഠിക്കുക? ആളുകളെ നിര്‍ബന്ധിച്ച്, മൈക്കിന് മുമ്പില്‍ സംസാരിപ്പിച്ച് എത്രകാലം നാം വാര്‍ത്തയുണ്ടാക്കും? നിങ്ങള്‍ ഉണ്ടാക്കിയെടുക്കുന്ന വിവാദത്തിനനുസരിച്ച്, നിങ്ങള്‍ സെറ്റ് ചെയ്യുന്ന അജന്‍ഡകള്‍ക്കനുസരിച്ച് എല്ലാവരും മൈക്കിന് മുമ്പില്‍ സംസാരിക്കും എന്നാണോ ഇപ്പോഴും മാധ്യമങ്ങള്‍ വിശ്വസിക്കുന്നത്? ഒരാളുടെ മുമ്പിലേക്ക് മൈക്കുമായി ചെല്ലുമ്പോള്‍ പാലിക്കേണ്ട മിനിമം മര്യാദകള്‍ പണ്ട് ജേര്‍ണലിസം ക്ലാസ്സില്‍ പഠിച്ചത് ഒന്ന് പൊടി തട്ടിയെടുക്കാനെങ്കിലും സമയം കണ്ടെത്തണം.
വിമര്‍ശം തങ്ങള്‍ക്ക് നേരെ വരുമ്പോള്‍ ഭീകരമായ അസഹിഷ്ണുത കാണിക്കുന്ന മാധ്യമങ്ങളെയാണ് ഈ വിവാദത്തിലുടനീളം കാണാന്‍ കഴിഞ്ഞത്. അങ്ങോട്ട് എന്തും ആകാം. എന്തും വിളിച്ചു കൂവാം. വിമര്‍ശനം, അതും വസ്തുതകളുടെ പിന്‍ബലത്തിലുള്ളവ, തങ്ങള്‍ക്ക് നേരെ വരുമ്പോള്‍ അതിനോട് മാധ്യമ പ്രവര്‍ത്തകര്‍ കാണിച്ച മോശം പ്രതികരണം എത്രമേല്‍ ദുര്‍ബലരാണ് പ്രേക്ഷകരുടെ മുന്നിലിരിക്കുന്ന മാധ്യമ സിംഹങ്ങള്‍ എന്ന് വിലയിരുത്താന്‍ സഹായകമായി. മുസ്‌ലിംകള്‍ കഞ്ചാവടിക്കുന്നവരാണെന്നും പെണ്ണ് പിടിക്കുന്നവരാണെന്നും അതിന് ഉസ്താദുമാര്‍ മതത്തിന്റെ പിന്‍ബലം കൊടുക്കുന്നുവെന്നും പറഞ്ഞ മാധ്യമ പ്രവര്‍ത്തക, തനിക്ക് നേരെ വിമര്‍ശം വന്നപ്പോള്‍ എന്നെ സാമൂഹിക മാധ്യമങ്ങളില്‍ ആക്രമിക്കുന്നേ, രക്ഷിക്കണേ, സൈബര്‍ അറ്റാക്ക് നടക്കുന്നേ എന്ന ലൈന്‍. ഇതേ മാധ്യമ പ്രവര്‍ത്തകയുടെ അഭിപ്രായത്തില്‍ മുസ്‌ലിം സ്ത്രീകളോട്, ഔറത്ത് മറക്കല്ലേ ഔറത്ത് മറക്കല്ലേ എന്നാണത്രേ പുരോഹിതന്മാര്‍ പറയുക. എന്തൊരു ജ്ഞാനം. മുസ്‌ലിംകളോട്, അവര്‍ പ്രതിനിധാനം ചെയ്യുന്ന കാര്യങ്ങളോട്, ദര്‍ശനങ്ങളോട്, ചരിത്രത്തോട് എന്തുമാകാം, പക്ഷേ ഞങ്ങളെ ആരും വിമര്‍ശിക്കരുത് എന്ന ധാര്‍ഷ്ട്യം മാധ്യങ്ങള്‍ ഇനിയും വെച്ചുപുലര്‍ത്തരുത് എന്നതായിരിക്കും ഈ വിവാദത്തില്‍ നിന്ന് എല്ലാ മാധ്യമ പ്രവര്‍ത്തകരും പഠിക്കേണ്ട മറ്റൊരു പാഠം.
ഈ വിവാദത്തില്‍ ഭാഗ്യാന്വേഷണവുമായി ചില മുസ്‌ലിം വാര്‍ത്താ ചാനലുകള്‍ മുന്നോട്ട് വരികയുണ്ടായി. അവര്‍ക്ക് പക്ഷേ കലക്കുവെള്ളത്തില്‍ മീന്‍പിടിക്കാന്‍ പോലും കഴിഞ്ഞില്ല എന്നതാണ് വസ്തുത. ഒരേ വാര്‍ത്തക്ക് ഒരു ദിവസം ഏറ്റവും കൂടുതല്‍ കാര്‍ഡുകള്‍ ഇറക്കിയ അവാര്‍ഡ് ഉണ്ടെങ്കില്‍ ഈ ചാനലിന് അതേറ്റു വാങ്ങാവുന്നതാണ്. തങ്ങളുടെ പുരോഗമന പരിവേഷം നേരത്തേ തന്നെ പരമ്പരാഗത സുന്നികള്‍ പൊളിച്ചു കൈയില്‍ കൊടുത്തതാണെങ്കിലും അത് തിരിച്ചു പിടിക്കാനുള്ള നല്ലൊരവസരമാണ് ഇവര്‍ നഷ്ടപ്പെടുത്തിയത്.
ഇസ്‌ലാമിലെ ദാര്‍ശനിക, കര്‍മശാസ്ത്ര വിഷയങ്ങള്‍ ഏറെ ആഴത്തിലുള്ളവയാണ്. മഹാപണ്ഡിതന്മാര്‍ പോലും ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്ന വൈജ്ഞാനിക മേഖലയാണത്.
വിശ്വാസികളായ സ്ത്രീകളുടെ അച്ചടക്കത്തിലും പൊതുരംഗ പ്രവേശത്തിലും കൃത്യമായ നിര്‍ദേശങ്ങള്‍ ഇസ്‌ലാം പഠിപ്പിച്ചിട്ടുണ്ട്. പക്ഷേ അതിന്റെയൊക്കെ “അതോറിറ്റി’ ഞങ്ങളാണെന്ന് മാധ്യമ പ്രവര്‍ത്തകര്‍ തന്നെ ദയനീയമായി പറയുമ്പോള്‍ അതിലെ അല്‍പ്പത്തരം എത്രമേല്‍ വലുതാണ്. നമ്മുടെ മാധ്യമ ചര്‍ച്ചകളില്‍ വിഷയവുമായി ബന്ധപ്പെട്ട അക്കാദമിക ബുദ്ധിജീവികളോ ആന്ത്രപോളജിസ്റ്റുകളോ അല്ലെങ്കില്‍ മതം ആധികാരികമായി പഠിച്ചവരോ പൊതുവേ ഉണ്ടാകാറില്ല എന്നത് തന്നെ ഇത്തരം മാധ്യമ ചര്‍ച്ചകളുടെ പരിമിതിയാണ്. അല്ലെങ്കിലും വിഷയം ആധികാരികമായി പഠിച്ചവരെയല്ലല്ലോ നമ്മുടെ മാധ്യമങ്ങള്‍ക്ക് വേണ്ടത്. മാധ്യമങ്ങള്‍ മനസ്സിലാക്കേണ്ടത് മുസ്‌ലിം സ്ത്രീകള്‍ ഇനിയും മതകീയമായ അച്ചടക്കത്തോടെ, അഭിമാനത്തോടെ ഇവിടെയുണ്ടാകും എന്നതാണ്. മതനിയമങ്ങള്‍ അനുസരിച്ച് ജീവിക്കുന്നത് മാധ്യമങ്ങളെ ബോധ്യപ്പെടുത്തേണ്ട ബാധ്യതയും അവര്‍ക്കില്ല.
ഇത്രയൊക്കെ ബഹളങ്ങള്‍ ഉണ്ടാക്കിയിട്ട് എന്ത് സംഭവിച്ചു എന്ന ആലോചനയും നല്ലതാണ്. തങ്ങളുടെ ഇരട്ടത്താപ്പുകള്‍, വിവാദം കത്തിച്ചു നിര്‍ത്താനുള്ള ശ്രമങ്ങള്‍, ഒരു സമുദായത്തോടുള്ള വംശീയതയും വെറുപ്പും, മതത്തെക്കുറിച്ചുള്ള അജ്ഞത, വസ്തുതകള്‍ ഒന്നുപോലും പരിഗണിക്കാതെ വിവാദം സൃഷ്ടിക്കാനുള്ള ബലഹീനമായ നീക്കങ്ങള്‍, സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചും തുല്യനീതിയെക്കുറിച്ചും തങ്ങള്‍ വെച്ചുപുലര്‍ത്തുന്ന തെറ്റായ ധാരണകള്‍ – ഇതെല്ലാം പ്രേക്ഷകര്‍ക്ക് മുമ്പില്‍ വ്യക്തതയോടെ വെളിപ്പെട്ടു എന്നതാണ് ഈ വിവാദത്തില്‍ മാധ്യങ്ങള്‍/മാധ്യമ പ്രവര്‍ത്തകര്‍ നേരിട്ട നഷ്ടങ്ങള്‍. ഇത്തരം കാര്യങ്ങള്‍ തിരുത്തുമെന്ന വ്യാമോഹമൊന്നും പ്രേക്ഷകര്‍ക്കില്ല. എങ്കിലും ഇനിയും നമ്മള്‍ ന്യൂസ് റൂമില്‍, ഗ്രൗണ്ടില്‍ നിങ്ങളെ കാണും. പക്ഷേ, അപ്പോഴേക്കും പ്രേക്ഷകര്‍ ഏറെ മുന്നോട്ട് പോയിട്ടുണ്ടാകും. അപ്പോഴും മൈക്കും പിടിച്ച് ഓട്ടത്തിലായിരിക്കും നിങ്ങള്‍, മാധ്യമ പ്രവര്‍ത്തകര്‍.
(ടൈംസ് ഗ്രൂപ്പിന്റെ ബെന്നറ്റ് സര്‍വകലാശാലയില്‍ മീഡിയ മാനേജ്മെന്റ് വിഭാഗത്തില്‍ പി എച്ച് ഡി സ്‌കോളറാണ് ലേഖകന്‍)
Content Highlights:
An in-depth analysis exposes how Malayalam media outlets generate manufactured controversies targeting Kanthapuram AP Aboobacker Musliyar for TRP ratings. The commentary highlights systemic Islamophobia, unethical reporting, and card journalism used by newsrooms to misrepresent Muslim identity.




