Source :- SIRAJLIVE NEWS

ബെംഗളൂരൂ | കര്‍ണാടകത്തില്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സൗജന്യ ബസ് പാസ് അനുവദിക്കാന്‍ മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് ബസ് യാത്ര സൗജന്യമാകും.

സൗജന്യ ബസ് പാസ് വിദ്യാര്‍ഥിനികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയത് നിരവധി പേര്‍ ചോദ്യംചെയ്തുവെന്നും അതിനാലാണ് മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ബസ് പാസ് സൗജന്യമാക്കുന്നതെന്നും ഡി കെ ശിവകുമാര്‍ അറിയിച്ചു.

ഇത് യുവത്വത്തിന്റെ കാലഘട്ടമാണെന്ന് ഡി കെ ശിവകുമാര്‍ പറഞ്ഞു.എല്ലാ വിദ്യാര്‍ഥികള്‍ക്കും യാതൊരു നിരക്കും ഈടാക്കാതെ സൗജന്യ ബസ് പാസ് നല്‍കുകയാണ്. എല്ലാ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും ബസ് പാസ് സൗജന്യമായിരിക്കും. ഇതിനായി വിദ്യാര്‍ഥികള്‍ അപേക്ഷിക്കേണ്ടതുണ്ട്. ഗതാഗത വകുപ്പുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും ഡി കെ ശിവകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

യുവാക്കള്‍ക്കായി ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്നും ശിവകുമാര്‍ പറഞ്ഞു. ഈ നാട്ടിലെ ജനങ്ങള്‍ എന്നില്‍ വലിയ വിശ്വാസമാണ് അര്‍പ്പിച്ചിരിക്കുന്നത്. മുന്‍പ് അവര്‍ എന്നെ വിമര്‍ശിച്ചിട്ടുണ്ടാകാം, അല്ലെങ്കില്‍ പുകഴ്ത്തിയിട്ടുണ്ടാകാം. തനിക്ക് രാഷ്ട്രീയമായ അനുഭവസമ്പത്തിന്റെ പശ്ചാത്തലമുണ്ട്. കഷ്ടപ്പാടുകളും സന്തോഷവും കണ്ടിട്ടുണ്ട്. ചെറുപ്പത്തില്‍ത്തന്നെ അധികാരവും കണ്ടതാണ്. തന്റെ വിശ്വാസം ജനങ്ങളിലാണ് അര്‍പ്പിച്ചിരിക്കുന്നതെന്നും ശിവകുമാര്‍ പറഞ്ഞു. തൊഴില്‍ അന്വേഷിക്കുന്നവര്‍ സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യണം. കമ്പനികളുമായി സംസാരിച്ചു ജോലി നല്‍കുന്നതിന് ക്രമീകരണങ്ങള്‍ ചെയ്യുമെന്നും ഡി കെ ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.

കര്‍ണാടക കോണ്‍ഗ്രസ്സില്‍ ഏറെ നാളത്തെ തര്‍ക്കത്തിനൊടുവില്‍ ഡി കെ ശിവകുമാര്‍ മുഖ്യമന്ത്രിയായതോടെ പി സി സി പ്രസിഡന്റ് പദവിയിലേക്ക് ബി കെ ഹരി പ്രസാദിനെ ഹൈക്കമാന്‍ഡ് നിയോഗിച്ചു. സംഘടന ജന. സെക്രട്ടറി കെ സി വേണു ഗോപാലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കര്‍ണാടക മുഖ്യമന്ത്രിയായി ശിവകുമാറും 13 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് നിയമനം നടന്നത്.

പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ഹരിപ്രസാദ് നിരവധി സംസ്ഥാനങ്ങളില്‍ സംഘടനാ ഉത്തരവാദിത്തങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. നിലവില്‍ അദ്ദേഹം ഹരിയാനയുടെ ചുമതലയുള്ളയാളാണ്. ഉടന്‍ പി സി സി പ്രസിഡന്റിന്റെ ചുമതലയേല്‍ക്കും.