Source :- SIRAJLIVE NEWS
കോഴിക്കോട് | വടകര ലോകസഭാ തിരഞ്ഞെടുപ്പിലെ കാഫിര്‍ സ്ക്രീന്‍ ഷോട്ട് കേസില്‍ യു ഡി എഫ് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘ (എസ് ഐ ടി)ത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വി പി ദുല്‍ഖിഫില്‍.
എസ് ഐ ടിയില്‍ ഭൂരിഭാഗം ഉദ്യോഗസ്ഥരും സി പി എം ആഭിമുഖ്യമുള്ളവരാണെന്ന് അദ്ദേഹം ആഭ്യന്തര മന്ത്രിക്ക് പരാതി നല്കി. മേല്‍നോട്ട ചുമതലയുള്ള വടകര റൂറല്‍ എസ് പി നേരത്തെ ഈ കേസ് നേരായ രീതിയില്‍ അന്വഷിക്കാത്ത വ്യക്തിയാണ്. അന്വേഷണ സംഘത്തെ മാറ്റണമെന്നാണ് ആവശ്യം. സംഘത്തിലെ സി ഐയും എസ് ഐമാരും നേരത്തെ സി പി എം ഇംഗിതത്തിനായി പ്രവര്‍ത്തിച്ചവരാണെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപണം ഉന്നയിക്കുന്നുണ്ട്.
കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കെയാണ് പ്രത്യേക അന്വേഷണ സംഘത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്തുവരുന്നത്. സര്‍ക്കാര്‍ എസ് ഐ ടിയെ പ്രഖ്യാപിച്ച് ഇത്രയും ദിവസത്തിനു ശേഷം യൂത്ത് കോണ്‍ഗ്രസ് ആരോപണവുമായി രംഗത്തുവന്നതില്‍ ദുരൂഹതയുണ്ട്. കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഹാജരാകണമെന്നാവശ്യപ്പെട്ട് മൂന്ന് പേര്‍ക്ക് കൂടി പോലീസ് നോട്ടീസ് അയച്ചു. റിബേഷ് രാമകൃഷ്ണന്, മനേഷ്, അതുല്‍ എന്നിവര്‍ക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
വ്യാജ സ്ക്രീന്‍ഷോട്ട് ആദ്യഘട്ടത്തില്‍ ഷെയര്‍ ചെയ്തവരെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. നോട്ടീസ് ലഭിച്ചവര്‍ സ്ക്രീന്‍ഷോട്ട് ഗ്രൂപ്പുകളിലും പേജുകളിലും പങ്കുവെച്ചവരാണെന്നാണ് സൂചന. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ വ്യാജ സന്ദേശത്തിന്റെ ഉറവിടം വ്യക്തമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഇതോടൊപ്പം വ്യാജ സ്ക്രീന്‍ഷോട്ടിന്റെ യഥാര്‍ഥ ഉറവിടവും ഡിജിറ്റല്‍ തെളിവുകളും കണ്ടെത്താന്‍ ഫേസ്ബുക്ക്, വാട്സ്ആപ്പ് എന്നിവയുടെ മാതൃ കമ്പനിയായ മെറ്റയ്ക്ക് വീണ്ടും കത്തയക്കാനും എസ് ഐ ടി തീരുമാനിച്ചിട്ടുണ്ട്.
മുന്‍പ് ലഭിച്ച വിവരങ്ങള്‍ക്ക് പുറമേ കൂടുതല്‍ സാങ്കേതിക വിവരങ്ങള്‍ തേടിയാണ് കമ്പനിയെ വീണ്ടും സമീപിക്കുന്നത്. വടകര മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ കെ ശൈലജയെ ‘കാഫിര്‍’ എന്ന് ചിത്രീകരിച്ച്, യു ഡി എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന് വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്ന രീതിയിലുള്ള ഒരു വാട്സാപ്പ് സന്ദേശത്തിന്റെ സ്ക്രീന്‍ഷോട്ടാണ് കേസിനാധാരം.
ഈ സന്ദേശം നിര്‍മ്മിച്ചത് എം എസ് എഫ് നേതാവായ പി കെ മുഹമ്മദ് കാസിം ആണെന്ന രീതിയിലാണ് ആദ്യം പ്രചരിപ്പിക്കപ്പെട്ടത്. എന്നാല്‍, ഈ സന്ദേശം തന്റെ പേരില്‍ വ്യാജമായി നിര്‍മ്മിച്ചതാണെന്ന് കാണിച്ച് കാസിം കേരള ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് നടത്തിയ പോലീസ് അന്വേഷണത്തില്‍ ഈ സ്ക്രീന്‍ഷോട്ട് കാസിം നിര്‍മ്മിച്ചതല്ലെന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. എന്നാല്‍ ഈ സ്ക്രീന്‍ഷോട്ടിന്റെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.







