Source :- SIRAJLIVE NEWS
സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് പുതിയ ദിശാബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ രൂപവത്കരിച്ച കിഫ്ബി ഇപ്പോള് സംശയത്തിന്റെ നിഴലിലാണ്. ഭൂമി ഏറ്റെടുക്കലില് സ്ഥാപനം സാമ്പത്തിക ക്രമക്കേടുകള് നടത്തിയതായും സര്ക്കാറിന് വന് സാമ്പത്തിക നഷ്ടമുണ്ടാക്കിയതായും ധനവകുപ്പിന്റെ മേല്നോട്ടം മറികടന്നതായും മുഖ്യമന്ത്രി വി ഡി സതീശന് സഭയുടെ മേശപ്പുറത്ത് വെച്ച വിദഗ്ധ സമിതി റിപോര്ട്ടില് ആരോപിക്കുന്നു. ധനകാര്യ വകുപ്പ് നിശ്ചയിച്ച വായ്പാപരിധി മറികടന്നും ധനകാര്യ വകുപ്പിന്റെ എതിര്പ്പുകള് അവഗണിച്ചുമാണ് കിഫ്ബി വായ്പകള് വാങ്ങിക്കൂട്ടിയതെന്നും സമിതി ചൂണ്ടിക്കാട്ടുകയുണ്ടായി.
സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയും റവന്യൂ വരുമാനത്തിന്റെ സിംഹഭാഗവും ശമ്പളത്തിനും പെന്ഷനും പലിശ തിരിച്ചടവിനുമായി മാറ്റിവെക്കേണ്ടി വരികയും ചെയ്ത സാഹചര്യത്തില്, വികസന പ്രവര്ത്തനങ്ങള്ക്ക് പണം കണ്ടെത്തുന്നതിനാണ് പിണറായി സര്ക്കാര് കിഫ്ബിയെ ആശ്രയിച്ചത്. റോഡുകള്, പാലങ്ങള്, വിദ്യാഭ്യാസ സ്ഥാപനങ്ങള്, ആരോഗ്യ സൗകര്യങ്ങള് തുടങ്ങിയ മേഖലകളില് ദീര്ഘകാല വികസനത്തിനായി അധികവിഭവം കണ്ടെത്തുകയെന്നതായിരുന്നു പ്രധാന ലക്ഷ്യം. വികസന രംഗത്ത് കിഫ്ബി വന് സംഭാവനകള് അര്പ്പിക്കുകയും ചെയ്തു. കേരളത്തിലെ പൊതുവിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങള് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്ന്നതും താലൂക്ക്- ജില്ലാ ആശുപത്രികളില് പുതിയ ബ്ലോക്കുകളും ആധുനിക ഡയാലിസിസ് കേന്ദ്രങ്ങളും സ്ഥാപിതമായതും കിഫ്ബി വഴി അനുവദിച്ച ഫണ്ടുകള് മുഖേനയാണ്. ബജറ്റില് വകയിരുത്തിയ, വര്ഷങ്ങള് നീണ്ടുപോകുമായിരുന്ന പല പദ്ധതികളും കുറഞ്ഞ സമയത്തിനുള്ളില് യാഥാര്ഥ്യമാക്കാന് സാധിച്ചുവെന്നത് കിഫ്ബിയുടെ നേട്ടമാണ്.
എന്നാല് ഇത്തരം സ്ഥാപനങ്ങള് പണം ചെലവഴിക്കുന്നിടത്ത് സാമ്പത്തിക അച്ചടക്കവും സന്തുലിതാവസ്ഥയും പാലിക്കാന് ബാധ്യസ്ഥമാണ്. അതുണ്ടായില്ലെന്നാണ് മുന് ആസൂത്രണ കമ്മീഷന് സെക്രട്ടറി സുധാപിള്ളയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി റിപോര്ട്ട് കുറ്റപ്പെടുത്തുന്നത്. പദ്ധതികള് അനുവദിക്കുന്നതില് ജില്ലകള്ക്കിടയില് അസമത്വം, ചില പ്രദേശങ്ങളില് അധികവില നല്കി ഭൂമി ഏറ്റെടുക്കല്, അനധികൃത നിയമനങ്ങള് തുടങ്ങി നിരവധി ക്രമക്കേടുകളാണ് സമിതി റിപോര്ട്ടിലുള്ളത്. കണ്ണൂരില് ഏറ്റെടുത്ത ആയിരം ഏക്കറോളം ഭൂമിയില് 50 ഏക്കര് മാത്രമാണ് ഉപയോഗിച്ചത്. ഇത് സംസ്ഥാനത്തിന് വന് കടബാധ്യത വരുത്തി വെച്ചു. ആവശ്യകത വിലയിരുത്തി വേണം വികസന പദ്ധതികള്ക്കായി ഭൂമി ഏറ്റെടുക്കുന്നത്. ആവശ്യകത കണക്കിലെടുക്കാതെ ഭൂമി വാങ്ങിക്കൂട്ടുന്നതും വിപണി വിലയേക്കാള് ഉയര്ന്ന വില നല്കുന്നതും നീതീകരിക്കാനാകാത്തതാണ്.
കിഫ്ബി ഇതുവരെ വരുത്തിവെച്ച കടബാധ്യത 32,198.33 കോടി രൂപയാണ്. അടുത്ത ഘട്ടത്തിലേക്ക് ഈയിനത്തില് 22,883 കോടി രൂപ കൂടി ആവശ്യമായി വരും. 2041 വരെയായി ഇതിന്റെ മുതലും പലിശയുമായി 47,532.54 കോടി തിരിച്ചടക്കേണ്ടി വരുമെന്ന കണക്ക് ആശങ്കാജനകമാണ്. വായ്പയെടുത്ത് നടപ്പാക്കുന്ന പദ്ധതികളില് നിന്ന് ഒരു നിശ്ചിത തുകയെങ്കിലും തിരികെ ലഭിച്ചാല് മാത്രമേ തിരിച്ചടവ് സുഗമമാകുകയുള്ളൂ. എന്നാല് വരുമാനദായക പദ്ധതികള്ക്കായി ആകെ ലഭിച്ച ഫണ്ടിന്റെ 20.98 ശതമാനം മാത്രമാണ് കിഫ്ബി വിനിയോഗിച്ചത്. ഇങ്ങനെ നിര്മിച്ച പദ്ധതികളില് മൂന്നെണ്ണം മാത്രമാണ് സ്വന്തം വരുമാനത്തില് നിന്ന് കടം തിരിച്ചടച്ചത്. സമിതിയുടെ കണക്കനുസരിച്ച് 2021-22 മുതല് 2024-25 വരെയുള്ള കാലയളവില് സംസ്ഥാനത്ത് കിഫ്ബിയിലേക്ക് കൈമാറിയ തുകയുടെ 99.4 ശതമാനത്തോളം കിഫ്ബിയുടെ വായ്പകളുടെ മുതലും പലിശയും തിരിച്ചടക്കാനാണ് ഉപയോഗിച്ചത്. പൊതുവരുമാനത്തിന്റെ ഗണ്യഭാഗം അടിസ്ഥാന സൗകര്യങ്ങള്ക്ക് ചെലവഴിക്കുന്നതിനു പകരം പഴയ കടബാധ്യതകള് തീര്ക്കുന്നതിന് വിനിയോഗിക്കുന്ന അവസ്ഥയാണ് ഇതുവഴി വന്നുചേര്ന്നത്. ഇത്തരം സാമ്പത്തിക ക്രമക്കേടുകളുടെ പാപഭാരം വഹിക്കേണ്ടിവരുന്നത് പൊതുജനമാണ്.
സി എ ജിയെ കൊണ്ട് 2016 മുതല് 2026 വരെ കിഫ്ബി വഴി നടത്തിയ പ്രവര്ത്തനങ്ങളുടെ പെര്ഫോംസ് ഓഡിറ്റ് നടത്തണമെന്നാണ് സമിതിയുടെ പ്രധാന ശിപാര്ശ. കിഫ്ബിയുടെ പ്രവര്ത്തനം ഇതേരീതിയില് തുടരരുതെന്നും വിപണിയില് നിന്നുള്ള കിഫ്ബിയുടെ കടമെടുപ്പ് അവസാനിപ്പിക്കണമെന്നും സമിതി നിര്ദേശിക്കുന്നു. സംസ്ഥാന ബജറ്റില് നിന്ന് മോട്ടോര് വാഹന നികുതിയും പെട്രോളിയം സെസ്സും നേരിട്ട് കിഫ്ബി അക്കൗണ്ടിലേക്ക് നല്കുന്ന നിലവിലെ അവസ്ഥ അവസാനിപ്പിക്കണമെന്നും ശിപാര്ശയുണ്ട്. എന്നാല് ഓഡിറ്റ് നടത്തുമ്പോള് അത് കണക്കുകളിലും സാമ്പത്തിക വിനിയോഗം സംബന്ധമായ വിഷയത്തിലും മാത്രം ഒതുങ്ങരുത്.
പദ്ധതികളുടെ നിര്മാണം എത്രത്തോളം പൂര്ത്തിയായി? ജനങ്ങള്ക്ക് ലഭിച്ച പ്രയോജനം എത്രത്തോളം? വായ്പ തിരിച്ചടവിനു പ്രതീക്ഷിച്ച വരുമാനം ലഭ്യമായോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കേണ്ടതുണ്ട്. സംസ്ഥാനത്തിന് വന്ബാധ്യത വരുത്തിവെക്കാനിടയായ ക്രമക്കേടുകള്ക്ക് ഉത്തരവാദികളായവരെ കര്ശന നിയമ നടപടികള്ക്കു വിധേയമാക്കുകയും വേണം. അതേസമയം കിഫ്ബിയെ നിയന്ത്രിക്കുന്ന നടപടികള് സ്ഥാപനം തുടങ്ങിവെച്ച പദ്ധതികളെ ബാധിക്കാനിടയാകരുത്. കിഫ്ബിയുടെ കീഴില് നിര്മാണം ആരംഭിച്ച സ്കൂള് കെട്ടിടങ്ങള്, ആശുപത്രികള്, റോഡുകള്, പാലങ്ങള് തുടങ്ങിയവയുടെ നിര്മാണം പാതിവഴിയില് നിലക്കുന്നത് ജനങ്ങളെ നേരിട്ടുബാധിക്കും.
കിഫ്ബി പ്രവര്ത്തനത്തിലെ അപാകങ്ങളും ക്രമക്കേടുകളും കണ്ടെത്തുന്നതിനപ്പുറം കിഫ്ബിയിലൂടെ കേരളം കൈവരിച്ച ഭൗതിക വികസനത്തെയും സാമൂഹിക മാറ്റത്തെയും കുറിച്ച് വിദഗ്ധര് ഒന്നും പറയാതിരുന്നത് നീതിപരമായോ? കേവല വായ്പ- പലിശ കണക്കുകളില് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം കിഫ്ബിയുടെ നേട്ടങ്ങള് കൂടി കുറഞ്ഞ തോതിലെങ്കിലും സ്പര്ശിച്ചിരുന്നെങ്കില് സമിതി നിരീക്ഷണം ഏകപക്ഷീയമായിപ്പോയെന്ന വിമര്ശം ഒഴിവാക്കാമായിരുന്നു.




