Home rss national malayalam പുതിയ വാർത്ത കുവൈത്തിന് നേരെ ഇറാന്റെ ആക്രമണങ്ങള്‍; വിഷയം സ്‌കൂള്‍ ചരിത്രപാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി വിദ്യാഭ്യാസ മന്ത്രാലയം

കുവൈത്തിന് നേരെ ഇറാന്റെ ആക്രമണങ്ങള്‍; വിഷയം സ്‌കൂള്‍ ചരിത്രപാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി വിദ്യാഭ്യാസ മന്ത്രാലയം

4
0

Source :- SIRAJLIVE NEWS

കുവൈത്ത് സിറ്റി | കുവൈത്തിനു നേരെ ഇറാന്‍ ഈ വര്‍ഷം അഴിച്ചുവിട്ട ആക്രമണങ്ങളെക്കുറിച്ചും ഇതിനെതിരെ കൈക്കൊണ്ട നടപടികള്‍ സംബന്ധിച്ചുമുള്ള പാഠഭാഗങ്ങള്‍ സ്‌കൂള്‍ ചരിത്ര പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി വിദ്യാഭ്യാസ മന്ത്രാലയം. ഈ അധ്യയന വര്‍ഷത്തെ പത്താം ക്ലാസ്സ് ചരിത്ര പാഠപുസ്തകത്തിലാണ് വിഷയം ഉള്‍പ്പെടുത്തിയത്. പുതുതലമുറയില്‍ ദേശീയബോധവും, രാജ്യത്തോടുള്ള വിശ്വസ്തതയും ഐക്യവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ പാഠ്യപദ്ധതി ഉള്‍പ്പെടുത്തിയത്.

‘കുവൈത്ത്: യാത്രയും അസ്തിത്വവും’ എന്ന ചരിത്ര പുസ്തകത്തിലെ 56- 57 പേജുകളിലാണ് ഇറാന്‍ കുവൈത്തിന് നേരെ അഴിച്ചുവിട്ട ആക്രമണവും അതിന്റെ പ്രത്യാഘാതങ്ങളും സംബന്ധിച്ച് കുവൈത്തിന്റെ നിലപാടുകള്‍ വിശദീകരിക്കുന്നത്. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാന്‍ കുവൈത്തിലെ പ്രധാന സര്‍ക്കാര്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കും ജനവാസ മേഖലകള്‍ക്കും നേരെ ആക്രമണം നടത്തിയതായും കുവൈത്തിന്റെ വൈദ്യുതി ഉത്പാദന നിലയങ്ങള്‍, ജലശുദ്ധീകരണ വിതരണ കേന്ദ്രങ്ങള്‍, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം, പബ്ലിക് ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ സോഷ്യല്‍ സെക്യൂരിറ്റി കെട്ടിടം, മന്ത്രാലയ സമുച്ചയം തുടങ്ങിയവയെല്ലാം ആക്രമണത്തില്‍ ഇറാന്‍ ലക്ഷ്യമിട്ടതായും ചരിത്രപുസ്തകത്തില്‍ വിശദീകരിക്കുന്നു.

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറാന്‍ നടത്തിയ ആക്രമണത്തിന്റെ പ്രത്യാഘാതങ്ങള്‍ വ്യക്തമാക്കുന്ന ചിത്രവും പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷക്കുമെതിരായ ലംഘനമായാണ് ആക്രമണങ്ങളെ പുസ്തകം വിശേഷിപ്പിച്ചിരിക്കുന്നത്. ഈ ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കുകയും സ്വന്തം ഭൂപ്രദേശം സംരക്ഷിക്കാനുള്ള അവകാശത്തില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തതായും പുസ്തകം വ്യക്തമാക്കുന്നുണ്ട്. മേഖലയുടെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായുള്ള നയതന്ത്ര നീക്കങ്ങളും തുടര്‍ന്ന് പ്രതിസന്ധികള്‍ക്കിടയിലും അമീര്‍ ശൈഖ് മിഷ് അല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ നടത്തിയ നേതൃത്വപരമായ പങ്കും പുസ്തകം എടുത്തുപറയുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സജ്ജീകരണം ശക്തിപ്പെടുത്തുന്നതിനും പ്രതിസന്ധികള്‍ കൈകാര്യം ചെയ്യുന്നതിനും അമീര്‍ സ്വീകരിച്ച നേതൃപരമായ നടപടികളും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു.

മേഖലയില്‍ രൂപപ്പെട്ട സംഘര്‍ഷത്തില്‍ കുവൈത്ത് ഒരിക്കലും കക്ഷിയായിരുന്നില്ലെന്ന കാര്യവും പുസ്തകത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്. സഹോദര സൗഹൃദ രാജ്യങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും അമീര്‍ നടത്തിയ ആശയവിനിമയ ചര്‍ച്ചകളും പാഠപുസ്തകത്തില്‍ പരാമര്‍ശിക്കുന്നു. രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കുകയും അന്താരാഷ്ട്ര നിയമം പാലിക്കുകയും വേണമെന്ന് തന്നെയാണ് കുവൈത്തിന്റെ ഉറച്ച നിലപാട്. ഏതെങ്കിലും രാജ്യത്തിനെതിരായ ആക്രമണത്തിന് കുവൈത്തിന്റെ കര വ്യോമ സമുദ്ര അതിര്‍ത്തികള്‍ ഉപയോഗിക്കാന്‍ ഒരിക്കലും അനുവദിക്കില്ലെന്നതും ചരിത്ര പുസ്തകത്തില്‍ വ്യക്തമാക്കുന്നു. ദേശീയ ഐക്യത്തിന്റെയും ഭരണകൂടവും ജനങ്ങളും തമ്മിലുള്ള കൂട്ടായ്മയുടെയും പ്രാധാന്യം വിളിച്ചോതുന്നതുമാണ് ഈ പ്രതിസന്ധി. കുവൈത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതില്‍ രാജ്യത്തെ വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ സന്നദ്ധത ഈ പ്രതിസന്ധിയിലൂടെ രാജ്യം തെളിയിച്ചിട്ടുണ്ട്. അതോടൊപ്പം സംവാദം, സംഘര്‍ഷം കുറക്കല്‍, അന്താരാഷ്ട്ര നിയമങ്ങളെ മാനിക്കല്‍ എന്നിവയില്‍ അധിഷ്ഠിതമായ കുവൈത്തിന്റെ വിദേശനയം തുടരുമെന്നും പാഠപുസ്തകത്തില്‍ പ്രതിപാദിക്കുന്നു.

Content Highlights:
Kuwait’s Ministry of Education has included historical Iranian attacks against the country in its school history curriculum. The updated textbooks aim to inform students about key security events in national history. The initiative reflects broader updates to the state’s educational standards.