Home rss national malayalam പുതിയ വാർത്ത കൂടെ

കൂടെ

6
0

Source :- SIRAJLIVE NEWS

അച്ഛന്റെ അസുഖ വിവരം അറിയാനായി ഫോണിൽ വിളിക്കുമ്പോൾ മകന്റെ സ്വരത്തിൽ വേവലാതിയോ അമർഷമോ ഉണ്ടായിരുന്നില്ല. കുറച്ച് ദിവസം മുന്പ് അമ്മ ഛർദിച്ച് അവശയായിട്ടും അച്ഛൻ നോക്കിയില്ലെന്ന് പറഞ്ഞ് ഫോണിൽ വിളിച്ചപ്പോളെന്ത് അമർഷമായിരുന്നു അവന്. മകന്റെ അമർഷഭാരത്താൽ കൈയിലിരുന്ന ഫോൺ പൊട്ടിത്തെറിക്കുമെന്ന് തോന്നി. “ഞാൻ കൂടെ സ്ഥലത്തില്ലാത്തതാണെന്ന് അറിയില്ലേ? അമ്മയ്ക്കെന്തെങ്കിലും സംഭവിച്ചാലോ….’ എന്നൊക്കെയായി മകൻ.

തിന്ന് പരിചയമില്ലാത്തതെന്തോ കഴിച്ചിട്ടാണന്ന് അമ്മ ഛർദ്ദിച്ചത്. അത് കഴിക്കും മുന്പ് കഴിക്കരുതെന്ന് അയാളവരെ വിലക്കിയിരുന്നതാണ്. ഇതൊക്കെ മകനോട് പറഞ്ഞാലും അവനതൊന്നും വിശ്വസിക്കില്ല. അമ്മ പറയുന്നതാ അവന് വേദവാക്യം. അമ്മയും മകനും ഒറ്റ ഗ്രൂപ്പാണ്. അയാൾ എതിർചേരിയിൽ തനിയേയും.
പറഞ്ഞിട്ട് കാര്യമില്ല.

മകൻ കൺ തുറന്ന നിമിഷം മുതൽ ഇന്നേവരെ അമ്മയാണവന്റെയെല്ലാം. അതീ ആൺകുട്ടികളൊക്കെ അങ്ങ
നെയാ… ഏത് തെറ്റിന്റെ ആഴങ്ങളിൽ പതിച്ചാലും അമ്മ അവരോട് ക്ഷമിക്കും. അച്ഛന്മാർക്ക് അങ്ങനെ കഴിയില്ലല്ലോ. ഒരു സുഹൃത്ത് ഒരിക്കൽ പറഞ്ഞിരുന്നതെത്രയോ സത്യമാണ്. തനിക്കൊരു മകളാണുണ്ടായിരുന്നതെങ്കിൽ ഇത്രയേറെ വ്യസനപ്പെടേണ്ടിവരില്ലായിരുന്നുവെന്ന്.

ഈ കാലത്ത് മകനായാലും മകളായാലും കണക്കാണെന്ന് പറയുന്നവരുമുണ്ട്…
ഏതാവും സത്യം.
രണ്ടും സത്യമാകും.

*****

നഗര സിഗ്നലിൽ താത്കാലികമായി ജീവനൊഴിഞ്ഞ് കിടന്ന ഒരു സ്വകാര്യ ബസിൽ സ്കൂൾ വിട്ട് വരുന്ന ആൺകുട്ടി…..
അവന്റെ മൊബൈൽ ഇപ്പോൾ ആറോ ഏഴോ പ്രാവശ്യമായി ശബ്ദിക്കുന്നു.
അയാൾ കാതോർത്തപ്പോൾ അമ്മയാണ് ഫോണിൽ….
“മനു എവിടെയെത്തി….’

“അമ്മേ ഞാനിപ്പോഴെത്തും. ഇന്ന് സ്പെഷ്യൽ ക്ലാസ്സുണ്ടായിരുന്നു. പിന്നെ ഇത് സിറ്റിയാ. ഇവിടെ സിഗ്നലുണ്ട്. ബ്ലോക്കുണ്ട്. അപ്പോ അതിന്റെതായ താമസവുമുണ്ടാകും….’
“മനു മോനേ അവിടെയും ഇവിടെയുമൊന്നും കറങ്ങിനടക്കാതെ വേഗം വീട്ടിലോട്ട് വരണേ…’
“വരാം അമ്മേ….’

വീണ്ടും അമ്മ അവനെ ഫോണിൽ വിളിക്കുന്നു.
“അമ്മേ എന്നെ ഇങ്ങനെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്താതെ….. അമ്മയ്ക്ക് കാര്യങ്ങൾ പറഞ്ഞിട്ട് മനസ്സിലാവുന്നില്ലേ..’

അപ്പോഴവർ പറയുന്നതിങ്ങനെ….
“മനു നീ എനിക്കൊരൊറ്റ കുട്ടിയാ…..അപ്പോ അതിന്റെതായ ആശങ്കകളുണ്ടാകും. അതറിയണമെങ്കിൽ നീയൊരു അമ്മയാകണം…’

“സോറി അമ്മേ…’
എന്ന് പറഞ്ഞ് അടുത്ത് നിന്നവരിലേക്ക് നിസ്സഹായത നിറഞ്ഞ മുഖമയക്കുമ്പോൾ അവന്റെ കണ്ണുകളിൽ കണ്ണീരിൻ നനവുണ്ടായിരുന്നു……

Content Highlights:
A touching story portraying the delicate dynamics within a family, focusing on a son’s strong bond with his mother. It highlights the silent distance felt by a father and the deep anxiety of a mother for her only child. The narrative sensitively depicts the emotional realities of everyday life.