Source :- EVARTHA NEWS
യുകെ സന്ദർശനത്തിനിടെ ഏകദേശം 12,300 കോടി രൂപയുടെ നാല് പ്രധാന നിക്ഷേപ കരാറുകളിൽ ഒപ്പുവെച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. സംസ്ഥാനത്ത് ഏകദേശം 9,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് കരാറുകൾ. പ്രമുഖ വാഹന ഘടക നിർമാതാക്കളായ സംവർദ്ധന മാത്‌സൺ ഇന്റർനാഷണലുമായി ഒപ്പുവെച്ച 11,000 കോടി രൂപയുടെ നിക്ഷേപ പദ്ധതിയാണ് ഇതിൽ ഏറ്റവും വലുത്.
ഡിസൈൻ, എൻജിനീയറിങ്, മാനുഫാക്ചറിങ്, ലോജിസ്റ്റിക്സ് മേഖലകളിലായി ഏകദേശം 7,000 തൊഴിലവസരങ്ങൾ പദ്ധതിയിലൂടെ സൃഷ്ടിക്കുമെന്നാണ് റിപ്പോർട്ട്. ചെന്നൈയിൽ പുതുതായി വികസിപ്പിക്കുന്ന ജിസിസി കൊറിഡോറിൽ ഗ്ലോബൽ കാപ്പബിലിറ്റി സെന്റർ (GCC) സ്ഥാപിക്കുന്നതിനായി പ്രമുഖ ബ്രിട്ടീഷ് കമ്പനിയുമായി 1,000 കോടി രൂപയുടെ ധാരണാപത്രത്തിലും മുഖ്യമന്ത്രി ഒപ്പുവെച്ചു. ഏണസ്റ്റ് & യങ് (Ernst & Young) മുഖേന നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ ഏകദേശം 2,000 ഉയർന്ന നിലവാരത്തിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.
സ്വീഡൻ ആസ്ഥാനമായ സിഗ്മ ടെക്നോളജി ഗ്രൂപ്പ് ചെന്നൈയിലും തിരുച്ചിറപ്പള്ളിയിലും ജിസിസി സെന്ററുകൾ വികസിപ്പിക്കുന്നതിലൂടെ 600 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. തിരുവള്ളൂരിൽ വിൽസൺ പവർ സൊല്യൂഷൻസ് നടത്തുന്ന 300 കോടി രൂപയുടെ നിക്ഷേപത്തിലൂടെ 400 തൊഴിലവസരങ്ങൾ കൂടി ലഭിക്കുമെന്നാണ് റിപ്പോർട്ട്.
യൂറോപ്യൻ കമ്പനികളിൽനിന്ന് തമിഴ്‌നാട്ടിലേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിജയ് യുകെ സന്ദർശിച്ചത്. അഡ്വാൻസ്ഡ് മാനുഫാക്ചറിങ്, ഓട്ടോമൊബൈൽ, ഇലക്ട്രിക് വാഹനങ്ങൾ, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകൾക്ക് സംസ്ഥാന സർക്കാർ കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്. തമിഴ്‌നാടിനെ ഏഷ്യയിലെ തന്നെ പ്രധാന നിക്ഷേപ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും സർക്കാർ വ്യക്തമാക്കുന്നു.
ഇതിനുപുറമെ, തമിഴ്‌നാട്ടിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള മോട്ടോർ സ്പോർട്സ് സിറ്റി വികസിപ്പിക്കുന്നതിന്റെ ഭാഗമായി സിൽവർസ്റ്റോൺ റേസിങ് സർക്യൂട്ടും വിജയ് സന്ദർശിച്ചു.
അതേസമയം, മുഖ്യമന്ത്രിയുടെ യുകെ സന്ദർശനവുമായി ബന്ധപ്പെട്ട വിവരങ്ങളും കൂടിക്കാഴ്ചകളുടെ വിശദാംശങ്ങളും മുൻകൂട്ടി പുറത്തുവിടാത്തതിനെതിരെ പ്രതിപക്ഷം രൂക്ഷ വിമർശനവുമായി രംഗത്തെത്തി. എന്നാൽ മറ്റ് സംസ്ഥാനങ്ങളുമായി ശക്തമായ നിക്ഷേപ മത്സരം നിലനിൽക്കുന്നതിനാലാണ് യാത്രയുടെ വിശദാംശങ്ങൾ മുൻകൂട്ടി പുറത്തുവിടാതിരുന്നതെന്ന് ടി.വി.കെ വക്താവ് പി. സത്യകുമാർ വ്യക്തമാക്കി. ധാരണാപത്രങ്ങളിൽ ഒപ്പുവെക്കുന്ന മുറയ്ക്ക് നിക്ഷേപ വിവരങ്ങൾ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.



