Source :- SIRAJLIVE NEWS

കൈറോ/ ജറൂസലം | ഗസ്സയില്‍ കരയാക്രമണം ശക്തമാക്കി ഇസ്റാഈല്‍. ഗസ്സ മുനമ്പിലെ വടക്ക്, തെക്ക് മേഖലകളിലായി ഇന്നലെ രാവിലെ നടത്തിയ ആക്രമണങ്ങളില്‍ 140 പേര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യ വിഭാഗം അറിയിച്ചു. ഖത്വറില്‍ നടന്ന സമാധാന ചര്‍ച്ചയില്‍ പുരോഗതിയില്ലെന്ന് ഹമാസും ഇസ്റാഈലും വ്യക്തമാക്കിയതിന് പിന്നാലെയാണ് ആക്രമണം കടുപ്പിച്ചത്. ഗസ്സ മുഴുവന്‍ പിടിച്ചെടുക്കുക, ഹമാസിനെ ഉന്മൂലനം ചെയ്യുക എന്നിവ ലക്ഷ്യമിട്ടുള്ള നടപടിയുടെ ഭാഗമായാണ് ആക്രമണം.

ഖാന്‍ യൂനുസിലെ അല്‍ മവാസിയിലുള്ള അഭയാര്‍ഥി ക്യാമ്പില്‍ ഇസ്റാഈല്‍ നടത്തിയ ബോംബാക്രമണത്തില്‍ 36 പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരുക്കേറ്റു. പ്രദേശത്ത് മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. പരുക്കേറ്റവരെ സമീപത്തുള്ള നസ്സര്‍ മെഡിക്കല്‍ കോംപ്ലക്സിലേക്ക് മാറ്റി. ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് 670ലേറെ വ്യോമാക്രമണങ്ങള്‍ നടത്തിയതായി ഇസ്റാഈല്‍ സൈന്യം അറിയിച്ചു.

കഴിഞ്ഞ ഒരാഴ്ചക്കിടെ 464 ഫലസ്തീനികളാണ് ഇസ്റാഈല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. 2023 ഒക്ടോബറില്‍ ഇസ്റാഈല്‍ അധിനിവേശം തുടങ്ങിയത് മുതല്‍ 53,339 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 1.21 ലക്ഷത്തിലധികം പേര്‍ക്കാണ് പരുക്കേറ്റത്.

മൂന്ന് മാസമായി തുടരുന്ന ഇസ്റാഈലിന്റെ സമ്പൂര്‍ണ ഉപരോധത്തെ തുടര്‍ന്ന് ഗസ്സ കൊടുംപട്ടിണിയിലേക്ക് നീങ്ങുന്നതിനിടെയാണ് ആക്രമണം കടുപ്പിക്കുന്നത്. അവശ്യവസ്തുക്കളും മരുന്നും ഉള്‍പ്പെടെ ലഭിക്കാനില്ലാത്ത അവസ്ഥയിലാണ് ഫലസ്തീനികള്‍.

ഖത്വറില്‍ നടന്ന ചര്‍ച്ചയില്‍ പുതിയ വെടിനിര്‍ത്തല്‍ കരാര്‍, ബന്ദികൈമാറ്റം എന്നിവയും ഉള്‍പ്പെട്ടതായി ഇസ്റാഈല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു അറിയിച്ചിരുന്നു. എന്നാല്‍, നിബന്ധനകള്‍ ഹമാസ് നേതൃത്വം തള്ളിയിരുന്നു. സ്വീകാര്യമല്ലാത്ത നിര്‍ദേശങ്ങള്‍ ചര്‍ച്ചയില്‍ മുന്നോട്ടുവെച്ചിട്ടുണ്ടെന്ന് ഹമാസ് നേതൃത്വം അറിയിച്ചു.