Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

ചെക്ക് കേസിൽ യു.ഡി.എഫ് എംഎൽഎ മാണി സി കാപ്പന് ഒരു വർഷം തടവുശിക്ഷ വിധിച്ച് മുംബൈയിലെ ബോറിവലി കോടതി. കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം വാങ്ങിയെന്ന പരാതിയുമായി ബന്ധപ്പെട്ട നാല് കേസുകളിലാണ് കോടതി വിധി പുറപ്പെടുവിച്ചത്.
ഒരു മാസത്തിനകം 5.3 കോടി രൂപ പലിശ സഹിതം നഷ്ടപരിഹാരമായി നൽകണമെന്നും കോടതി നിർദേശിച്ചു. നിശ്ചിത സമയത്തിനുള്ളിൽ തുക അടച്ചില്ലെങ്കിൽ മൂന്ന് മാസം അധിക തടവുശിക്ഷ അനുഭവിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി നൽകാമെന്ന് വാഗ്ദാനം ചെയ്ത് മൂന്ന് കോടിയിലധികം രൂപ തട്ടിയെടുത്തുവെന്ന ആരോപണത്തെ തുടർന്നാണ് കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടത്. എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ ആരംഭിച്ച കേസ് പിന്നീട് ഹൈക്കോടതിയിലെത്തിയെങ്കിലും നടപടികൾ മുന്നോട്ടുപോയിരുന്നില്ല. തുടർന്ന് മുംബൈ സ്വദേശിയായ വ്യവസായി ദിനേശ് മേനോൻ ബോറിവലി കോടതിയെ സമീപിക്കുകയായിരുന്നു.
2015 മുതൽ തുടരുന്ന നിയമപോരാട്ടത്തിനൊടുവിലാണ് കോടതിയുടെ വിധി. കേസിന്റെ നടപടികൾക്കിടെ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് മാണി സി കാപ്പനെതിരെ ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചിരുന്നു.
അതേസമയം, വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് മാണി സി കാപ്പൻ പ്രതികരിച്ചു. കേസ് ഗൂഢാലോചനയുടെ ഭാഗമാണെന്നും ആർക്കും പണം നൽകാനില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ വാദങ്ങൾ കേൾക്കാതെയാണ് കോടതി വിധി പുറപ്പെടുവിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
ഒരു വർഷം മാത്രമാണ് തടവുശിക്ഷയായതിനാൽ നിലവിലെ നിയമപ്രകാരം എംഎൽഎ സ്ഥാനത്തിന് അയോഗ്യത ബാധകമാകില്ല. എന്നാൽ കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന മാണി സി കാപ്പന്റെ പ്രഖ്യാപനത്തോടെ കേസിലെ തുടർ നിയമനടപടികൾക്ക് കൂടുതൽ പ്രാധാന്യം കൈവന്നിരിക്കുകയാണ്.

