Source :- SIRAJLIVE NEWS
പാർലിമെന്റ് പാസ്സാക്കിയ ജനന- മരണ രജിസ്ട്രേഷന്‍ ഭേദഗതി ബില്ല് രാജ്യത്തെ സാധാരണ പൗരന്മാര്‍ക്ക് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതാണ്. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ നടന്ന പോലീസ് അതിക്രമത്തില്‍ അമിത് ഷായുടെ മറുപടി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെ, ഒരു ചര്‍ച്ചയും നടക്കാതെയാണ് കഴിഞ്ഞ വെള്ളിയാഴ്ച രാജ്യത്തെ ലക്ഷക്കണക്കിന് സാധാരണ മനുഷ്യരെ ബാധിക്കുന്ന സുപ്രധാന നിയമം ലോക്്സഭ ശബ്ദ വോട്ടോടെ ചുട്ടെടുത്തത്. 1969ലെ ജനന -മരണ രജിസ്ട്രേഷന്‍ നിയമത്തില്‍ കൂടുതല്‍ ഭേദഗതി വരുത്തുന്നതാണ് ബില്ല്. ജനന- മരണ രജിസ്ട്രേഷനുകള്‍ രണ്ട് വര്‍ഷത്തില്‍ കൂടുതലാണെങ്കില്‍, രജിസ്ട്രേഷന് ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ (ജെ എം എഫ് സി) ഉത്തരവ് ആവശ്യമാണെന്ന നിബന്ധന വെക്കുന്നതാണ് ബില്ല്. നിലവിലെ നിയമപ്രകാരം, ഒരു ജനനമോ മരണമോ സംഭവിച്ച് ഒരു വര്‍ഷത്തിന് ശേഷമാണ് രജിസ്റ്റര്‍ ചെയ്യുന്നതെങ്കില്‍ ജില്ലാ മജിസ്ട്രേറ്റ്, സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ്, അല്ലെങ്കില്‍ ജില്ലാ മജിസ്ട്രേറ്റ് അധികാരപ്പെടുത്തിയ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് എന്നിവരില്‍ നിന്ന് ഉത്തരവ് ലഭിച്ചതിനു ശേഷം രജിസ്റ്റര്‍ ചെയ്യാമെന്നാണ്. വിശദാംശങ്ങള്‍ പരിശോധിച്ച് നിശ്ചിത ഫീസ് അടച്ചതിന് ശേഷമാണ് ഉത്തരവ് പുറപ്പെടുവിക്കുന്നത്. പുതിയ ബില്ലില്‍ രണ്ട് വര്‍ഷത്തില്‍ കൂടുതലുള്ള ജനന- മരണ രജിസ്ട്രേഷനുകള്‍ക്ക് ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ ഉത്തരവ് കൂടി ആവശ്യമായി വരും. ബില്ല് രാജ്യസഭയും പാസ്സാക്കിയതിനാൽ രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ നിയമമായി മാറും.
വലിയൊരു ശതമാനം ജനങ്ങള്‍ ഇപ്പോഴും ദരിദ്രരും നിരക്ഷരരുമായി കഴിയുന്ന രാജ്യത്ത് ഇത്തരമൊരു പരിഷ്‌കരണം വലിയ പ്രതിസന്ധി വിളിച്ചുവരുത്തും. ജനന- മരണ രജിസ്ട്രേഷനിലെ കാലതാമസത്തിലെ തീരുമാനങ്ങള്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റുകളിലേക്ക് മാറ്റുന്നത് പ്രക്രിയയെ കൂടുതല്‍ നിഷ്പക്ഷമാക്കുകയും രാഷ്ട്രീയ പക്ഷപാതപരമായ ആരോപണങ്ങള്‍ കുറയ്ക്കുകയും ചെയ്യുമെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. കോടതികള്‍ വഴിയുള്ള തീരുമാനത്തില്‍ പക്ഷപാതിത്വം കുറയുമെന്നതും നിഷ്പക്ഷമാകുമെന്നതും ഒരര്‍ഥത്തില്‍ ശരിയാണ്. എന്നാല്‍, കോടതി നടപടിക്രമങ്ങള്‍ സാധാരണയായി മന്ദഗതിയിലുള്ളതും കൂടുതല്‍ ചെലവേറിയതുമായതിനാല്‍ ദരിദ്രരോ പിന്നാക്കം നില്‍ക്കുന്നവരോ ആയ ആളുകള്‍ക്ക് ഇത്തരം രജിസ്ട്രേഷനുകള്‍ ലഭ്യമാകുന്നത് ബുദ്ധിമുട്ടായിത്തീരും. ഉദ്യോഗസ്ഥരുടെ തെറ്റായ തീരുമാനങ്ങള്‍ ചോദ്യം ചെയ്യുന്നതിന് നിലവിലെ രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ച് തന്നെ പൗരന്മാര്‍ക്ക് കോടതിയെ സമീപിക്കാനുള്ള അവസരമുണ്ടെന്നിരിക്കെ കോടതി വഴി നിഷ്പക്ഷ തീരുമാനമുണ്ടാകുമെന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കാനാകുന്നതല്ല.
വ്യാജ രജിസ്ട്രേഷനുകള്‍ തടയുന്നതിനാണ് രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ കാലതാമസമുള്ള ജനന- മരണ രജിസ്ട്രേഷനുകള്‍ ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ മുന്നിലേക്ക് എത്തിക്കുന്നത് എന്നതാണ് ബില്ലിനെ ന്യായീകരിക്കുന്നവരുടെ മറ്റൊരു വാദം. എന്നാല്‍, രജിസ്ട്രേഷന്‍ വൈകിയതിന് ആവശ്യമായ കാരണങ്ങള്‍ ആവശ്യപ്പെടുകയാണ് യഥാര്‍ഥത്തില്‍ ഭേദഗതിയിലൂടെ ചെയ്യേണ്ടിയിരുന്നത്. കോടതികളിലേക്ക് എത്തിക്കുന്നതിനു പകരം രജിസ്ട്രേഷന്‍ വൈകിയതിനുള്ള കാരണങ്ങള്‍ രജിസ്ട്രേഷന്‍ നടത്തുന്ന ഉദ്യോഗസ്ഥനെ ബോധ്യപ്പെടുത്താന്‍ അപേക്ഷകനോട് ആവശ്യപ്പെടുന്ന ഭേദഗതികള്‍ സര്‍ക്കാറിന് നിര്‍ദേശിക്കാമായിരുന്നു. തുടര്‍ന്ന് അപേക്ഷ നിരസിക്കപ്പെടുന്ന പക്ഷം അപേക്ഷകന് കോടതിയെ സമീപിക്കാനുള്ള അവസരവും നല്‍കാമായിരുന്നു. മറ്റൊരു കാര്യം, രണ്ട് വര്‍ഷത്തില്‍ കൂടുതലുള്ള കാലതാമസം പ്രത്യേകിച്ച് അപകടകരമാണെന്ന് കണക്കാക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. ഈ നിര്‍ദിഷ്ട സമയപരിധി ന്യായീകരിക്കുന്നതിന് സര്‍ക്കാര്‍ കാരണം മുന്നോട്ടുവെച്ചിട്ടുമില്ല. ഒരു വര്‍ഷത്തിന് ശേഷമാണ് രജിസ്റ്റര്‍ ചെയ്യുന്നതെങ്കില്‍ ജില്ലാ മജിസ്ട്രേറ്റ്, സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ്, അല്ലെങ്കില്‍ ജില്ലാ മജിസ്ട്രേറ്റ് അധികാരപ്പെടുത്തിയ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് എന്നിവരില്‍ നിന്ന് ഉത്തരവ് ലഭിച്ചതിനു ശേഷം രജിസ്റ്റര്‍ ചെയ്യാമെന്ന നിലവിലെ വ്യവസ്ഥ പുതിയ ബില്ലിലും നില്‍ക്കുന്നുണ്ട്. ഒരു വര്‍ഷത്തെ കാലതാമസത്തിനില്ലാത്ത പ്രശ്നം രണ്ട് വര്‍ഷത്തില്‍ കൂടുതലാകുമ്പോള്‍ എങ്ങനെയാണ് വരുന്നതെന്ന് സര്‍ക്കാര്‍ വിശദീകരിക്കേണ്ടതുണ്ട്.
രാജ്യത്ത് പല കാരണങ്ങളാലാണ് ജനന- മരണ രജിസ്ട്രേഷന്‍ വൈകുന്നത്. ഒന്നാമത്തെ കാരണം നിരക്ഷരതയാണ്. രാജ്യത്തിന്റെ വിദൂര ഗ്രാമങ്ങളില്‍ താമസിക്കുന്ന പലര്‍ക്കും ഇപ്പോഴും ജനനവും മരണവും രജിസ്റ്റര്‍ ചെയ്യപ്പെടേണ്ടതുണ്ടെന്ന അറിവില്ല. പലപ്പോഴും പ്രത്യേക ആവശ്യങ്ങള്‍ക്കായി ജനന- മരണ സര്‍ട്ടിഫിക്കറ്റുകള്‍ വേണ്ടി വരുമ്പോഴാണ് പൗരന്മാര്‍ ഇത് തേടി ചെല്ലുന്നത്. ജനന- മരണ രജിസ്ട്രേഷന്‍ വ്യാപകമാക്കുന്നതിന് സര്‍ക്കാര്‍ കൂടുതല്‍ പ്രചാരണം നല്‍കുകയും ആശുപത്രികള്‍ വഴി ജനന- മരണ രജിസ്ട്രേഷന് കൂടുതല്‍ ശ്രദ്ധചെലുത്തുകയും ചെയ്യണം. രാജ്യത്ത് നിന്ന് മറ്റു രാഷ്ട്രങ്ങളിലേക്ക് കുടിയേറിയവരാണ് ഇത്തരം രജിസ്ട്രേഷന്‍ വൈകിപ്പിക്കുന്ന മറ്റൊരു കൂട്ടര്‍. ഇത്തരക്കാര്‍ക്ക് അതത് രാജ്യങ്ങളിലെ ഇന്ത്യന്‍ മിഷനുകള്‍ വഴി നിലവില്‍ നല്‍കിക്കൊണ്ടിരിക്കുന്ന സൗകര്യം കൂടുതല്‍ കാര്യക്ഷമവും ലളിതവുമാക്കി കൊടുക്കുക എന്നതാണ് രജിസ്ട്രേഷന്‍ കാലതാമസം പരിഹരിക്കുന്നതിനുള്ള പോംവഴി. യഥാര്‍ഥ പൗരന്മാര്‍ക്ക് അവരുടെ രേഖകള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിന് സൗകര്യമൊരുക്കുകയും വ്യാജ രജിസ്ട്രേഷനുകള്‍ തടയുന്നതിന് വൈകി രജിസ്റ്റര്‍ ചെയ്യുന്നതിന്റെ കാരണം വിശദീകരിക്കാന്‍ ആവശ്യപ്പെടുകയുമാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. പുതിയ ഭേദഗതി, വൈകി രജിസ്റ്റര്‍ ചെയ്യുന്ന ദുര്‍ബല പശ്ചാത്തലങ്ങളില്‍ നിന്നുള്ളവര്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയടക്കം വിളിച്ചുവരുത്തുന്നതാണ്.



