Home rss national malayalam പുതിയ വാർത്ത ജീവിതത്തെ മാറ്റിയെഴുതുന്ന ശാസ്ത്രം

ജീവിതത്തെ മാറ്റിയെഴുതുന്ന ശാസ്ത്രം

5
0

Source :- SIRAJLIVE NEWS

പ്രകൃതിയെ നിയന്ത്രിക്കാനും ജീവിതത്തെ മെച്ചപ്പെടുത്താനുമുള്ള മനുഷ്യന്റെ പ്രയത്‌നം എല്ലാ കാലത്തുമുണ്ടായിട്ടുണ്ട്. അത്തരം പ്രയത്‌നങ്ങളുടെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നാണ് ജനിതക എൻജിനീയറിംഗ്. ജീനുകളെ കൈകാര്യം ചെയ്യുന്ന വിദ്യ എന്ന് വേണമെങ്കിൽ ഇതിനെ നമുക്ക് ലളിതമായി പറയാം. ജീവികളുടെ ജനിതക ഘടനയിൽ (ഡി എൻ എ) കൃത്രിമമായി മാറ്റം വരുത്തി ആവശ്യമുള്ള ഗുണങ്ങൾ ഉണ്ടാക്കിയെടുക്കുന്ന സാങ്കേതിക വിദ്യയാണ് ജനിതക എൻജിനീയറിംഗ്. എല്ലാ ജീവികളിലും സ്വഭാവങ്ങൾ നിർണയിക്കുന്നത് ജീനുകൾ ആണെന്ന കാര്യം നമുക്ക് പരിചിതമാണല്ലോ. ഡി എൻ എ ആണ് ഈ ജീനുകളുടെ വാഹകൻ. ജനിതക എൻജിനീയറിംഗിൽ ശാസ്ത്രജ്ഞർ ഒരു ജീവിയിൽ നിന്ന് ആവശ്യമുള്ള ജീൻ മുറിച്ചെടുത്ത് മറ്റൊരു ജീവിയുടെ ഡി എൻ എയിലേക്ക് കൂട്ടിച്ചേർക്കുന്നു. ഇങ്ങനെ ഉണ്ടാകുന്ന ജീവിയെ ട്രാൻസ്‌ജെനിക് ജീവി എന്ന് വിളിക്കുന്നു. ഉദാഹരണത്തിന് ഒരു ബാക്ടീരിയയിൽ ഇൻസുലിൻ ഉണ്ടാക്കാനുള്ള മനുഷ്യന്റെ ജീൻ കയറ്റിയാൽ ആ ബാക്ടീരിയ ഇൻസുലിൻ ഉത്പാദിപ്പിക്കും. ഇൻസുലിൻ ഉത്പാദനം, രോഗപ്രതിരോധ ശേഷിയുള്ള സസ്യങ്ങൾ, ജീൻ ചികിത്സ എന്നിവയെല്ലാം ഇതിന്റെ പ്രധാന ലക്ഷ്യങ്ങളാണ്.

പ്രധാന ഘട്ടങ്ങൾ

ആവശ്യമുള്ള സ്വഭാവം നൽകുന്ന ജീൻ കണ്ടുപിടിക്കുന്നു. ഡി എൻ എയിൽ നിന്ന് ആ ജീൻ മുറിച്ചെടുക്കും. ഇതിനായി കത്രിക പോലുള്ള ഒരു തരം എൻസൈമുകൾ ആണ് ഉപയോഗിക്കുന്നത്. മുറിച്ചെടുത്ത ജീൻ മറ്റൊരു ഡി എൻ എ വളയത്തിലേക്ക് കൂട്ടിച്ചേർക്കും. ഇതാണ് വെക്ടർ. ഈ വെക്ടർ ബാക്ടീരിയ പോലുള്ള ആതിഥേയ കോശത്തിലേക്ക് കടത്തുന്നു. പുതിയ ജീൻ ആ കോശത്തിൽ പ്രവർത്തിച്ച് ആവശ്യമുള്ള ഉത്പന്നം ഉണ്ടാക്കുന്നു.

പ്രയോജനങ്ങൾ

വൈദ്യശാസ്ത്രരംഗത്ത് ഉൾപ്പെടെ വലിയ നേട്ടങ്ങളാണ് ജനിതക എൻജിനീയറിംഗിലൂടെ സാധ്യമാക്കുന്നത്. പ്രമേഹരോഗികൾക്ക് ആവശ്യമായ ഇൻസുലിൻ ബാക്ടീരിയ ഉപയോഗിച്ച് വൻതോതിൽ ഉത്പാദിപ്പിക്കുന്നുണ്ട്. ഹെപ്പറ്റൈറ്റിസ്-ബി വാക്‌സിൻ ജനിതക എൻജിനീയറിംഗ് വഴിയാണ് നിർമിക്കുന്നത്. ജനിതക രോഗങ്ങൾക്ക് ചികിത്സ കണ്ടെത്താൻ ശാസ്ത്രത്തിലൂടെ സഹായിക്കുന്നു. വിളവുകൂടിയതും രോഗങ്ങളെ പ്രതിരോധിക്കാൻ കഴിയുന്നതുമായ കാർഷിക വിളകൾ ഉണ്ടാക്കുന്നു. കീടങ്ങളെ ചെറുക്കുന്ന ജീൻ കയറ്റിയ പരുത്തി ഉത്പാദനത്തിലൂടെ കീടനാശിനിയുടെ ഉപയോഗം കുറക്കുന്നു.

വരൾച്ചയെയും രോഗങ്ങളെയും പ്രതിരോധിക്കുന്ന വിളകൾ ഉണ്ടാക്കുന്നു. സസ്യങ്ങളിലും മൃഗങ്ങളിലും മറ്റ് ജീവികളിലും പ്രത്യേക സ്വഭാവസവിശേഷതകൾ പ്രകടിപ്പിക്കുന്ന ജീൻ ശ്രേണികളെ കൈകാര്യം ചെയ്യുന്നതിനായി ജനിതക പുനഃസംയോജന സാങ്കേതിക വിദ്യകൾ ജനിതക എൻജിനീയർമാർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. വിവിധ ജീവികളുടെ ഡി എൻ എ ശ്രേണിയിലെ നിർദിഷ്ട ജീനുകളുടെ സ്ഥാനങ്ങളും പ്രവർത്തനങ്ങളും തിരിച്ചറിയാൻ എൻജിനീയർമാരും ശാസ്ത്രജ്ഞരും ഒരുമിച്ച് പ്രവർത്തിക്കുന്നു.

ഓരോ ജീനും തരംതിരിച്ചുകഴിഞ്ഞാൽ, കൂടുതൽ അളവിൽ മാംസം ഉത്പാദിപ്പിക്കുന്ന പശുക്കൾ, ഇന്ധനം, പ്ലാസ്റ്റിക് എന്നിവ ഉത്പാദിപ്പിക്കുന്ന ബാക്ടീരിയകൾ, കീടങ്ങളെ പ്രതിരോധിക്കുന്ന വിളകൾ എന്നിവ പോലുള്ള ഗുണങ്ങൾ നൽകുന്ന ജീവികളെ സൃഷ്ടിക്കുന്നതിന് ജനിതക എൻജിനീയറിംഗിലൂടെ സാധ്യമാകുന്നു. അങ്ങനെ ഒട്ടേറെ നേട്ടങ്ങൾ ജനിതക എൻജിനീയറിംഗിലൂടെ കൈവരിക്കുമ്പോഴും ആശങ്കകളുമുണ്ട്. ജനിതകമാറ്റം വരുത്തിയ വിളകൾ പ്രകൃതിയിലെ മറ്റ് ജീവികളെ പ്രതികൂലമായി ബാധിക്കുമോ? തുടങ്ങിയ സംശയം ഉയരുന്നുണ്ട്.

Content Highlights:
Genetic engineering involves altering the DNA of organisms to introduce desired traits and create transgenic organisms. Key applications include mass insulin production, disease-resistant crops, and gene therapy. Despite significant health and agricultural benefits, concerns about ecological impacts persist.