Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി | സൗത്ത് ഡല്‍ഹിയിലെ മാളവ്യ നഗറില്‍ ഹോട്ടലില്‍ ഉണ്ടായ തീപിടിത്തത്തില്‍ വെന്തു മരിച്ചവരില്‍ ഒരു കുടുംബത്തിലെ എട്ടുപേര്‍. വിവേക് അഗര്‍വാള്‍ (42), ഭാര്യ തരജനി, ഇവരുടെ രണ്ടു പെണ്‍കുട്ടികള്‍, വിവേകിന്റെ അമ്മ പ്രേമലത, വിവേകിന്റെ അമ്മാവന്‍ അശോക് അഗര്‍വാള്‍, വിവേകിന്റെ അമ്മയുടെ സഹോദരി, അവരുടെ ഭര്‍ത്താവ് എന്നിവരാണു മരിച്ചത്.
വിവേകിന്റെ പിതാവ് രാധേ ശ്യാം മാക്‌സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം ഗുരുതരമായതിനെ തുടര്‍ന്നാണ് മറ്റു ബന്ധുക്കളും ഇവിടെ എത്തിയത്.

ബുധനാഴ്ച രാവിലെ ആണ് ഹോട്ടലില്‍ തീ പടര്‍ന്നത്. 21 പേര്‍ മരിച്ച അപകടത്തില്‍ 18 പേര്‍ വിദേശ പൗരന്മാരാണ്. ആഫ്രിക്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ പൗരന്മാരാണ് മരണപ്പെട്ട വിദേശികള്‍. ആറ് മുറികള്‍ക്ക് മാത്രം അനുമതി ഉള്ള ഹോട്ടലില്‍ 24 മുറികളാണ് പ്രവര്‍ത്തിച്ചിരുന്നത്. മാളവ്യ നഗറിലെ ദ പ്രസ് എന്‍ക്ലേവ് റോഡിലുള്ള ഹോട്ടലിനാണ് തീപിടിച്ചത്. ഇതടക്കം നിരവധി ഹോട്ടലുകളും ഗസ്റ്റ് ഹൗസുകളും ഈ മേഖലയിലുണ്ട്. സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നവരാണ് ഹോട്ടലുകളിലെ പ്രധാന താമസക്കാര്‍. ഇതില്‍ വിദേശികളും സ്വദേശികളും ഉള്‍പ്പെടുന്നുണ്ട്. അപകടത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.

ഹോട്ടലിലെ തീപിടുത്തത്തില്‍ പ്രധാന പ്രതിയായ ഹോട്ടല്‍ ഉടമ ലവ്‌കേഷ് ബജാജിനെ ഡല്‍ഹി പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. ഹോട്ടലുടമയെ പ്രതിചേര്‍ത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ അപകടമുണ്ടായ ഉടനെ ഒളിവില്‍ പോയ ഹോട്ടലുടമക്കായി പോലീസ് ലുക്കഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്നും പോലീസ് അറിയിച്ചു. നാല്‍പതോളം പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഏഴു പേരുടെ നില ഗുരുതരമാണ്.