Home rss national malayalam പുതിയ വാർത്ത തിരിച്ചറിയാനാകാത്തവിധം തകർക്കപ്പെട്ട് ഗസ്സ; കരളലിയിക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

തിരിച്ചറിയാനാകാത്തവിധം തകർക്കപ്പെട്ട് ഗസ്സ; കരളലിയിക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

5
0

Source :- SIRAJLIVE NEWS

ഗസ്സ  സിറ്റി| തിരിച്ചറിയാനാകാത്തവിധം തകർക്കപ്പെട്ട ഗസ്സയുടെ കരളലിയിക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്. ഇസ്‌റാഈൽ നടത്തുന്ന വംശഹത്യയുടെ മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ ഉപരോധിക്കപ്പെട്ട ഗസ്സ മുനമ്പിലുടനീളമുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി വെളിപ്പെടുത്തുന്നതാണ് പുതുതായി പുറത്തുവന്ന ഗൂഗിൾ മാപ്‌സ് ഉപഗ്രഹ ചിത്രങ്ങൾ. ഓരോ പ്രദേശങ്ങളും കല്ലും മണ്ണും നിറഞ്ഞ അവശിഷ്ടങ്ങളായി മാറിയതോടെ പ്രധാന റോഡുകളുടെ നേർത്ത അടയാളങ്ങൾ മാത്രമാണിപ്പോൾ അവശേഷിക്കുന്നത്. ഗസ്സയിലെ ഒരു പ്രദേശത്തെ മറ്റൊന്നിൽ നിന്ന് വേർതിരിച്ചറിയാൻ പോലും കഴിയാത്ത വിധത്തിലാണ് നിലവിലെ അവസ്ഥ. കരിഞ്ഞുണങ്ങിപ്പോയ കൃഷിയിടങ്ങളും നൂറ്റാണ്ടുകൾ പഴക്കമുള്ള ആരാധനാലയങ്ങളും തകർക്കപ്പെടുകയോ പൂർണ്ണമായും തുടച്ചുനീക്കപ്പെടുകയോ ചെയ്തിരിക്കുന്നു.

ഏകദേശം ഒരു വർഷം മുമ്പ് വെടിനിർത്തൽ നിലവിൽ വന്നതിനു ശേഷവും ഗസ്സയിലുടനീളം തകർക്കപ്പെട്ട കെട്ടിടങ്ങളുടെ എണ്ണത്തിൽ 9 ശതമാനം വർധനവുണ്ടായതായി യുണൈറ്റഡ് നേഷൻസ് സാറ്റലൈറ്റ് സെന്ററിന്റെ സമീപകാല വിലയിരുത്തലിൽ കണ്ടെത്തി. ഫലസ്തീൻ അഭയാർത്ഥികൾക്കായുള്ള യുഎൻ ഏജൻസിയായ യു എൻ അർ ഡബ്ല്യു എയുടെ കണക്കനുസരിച്ച് ഗസ്സയിലെ കെട്ടിടങ്ങളിൽ 82 ശതമാനത്തോളം ഏകദേശം 2,00,000 കെട്ടിടങ്ങൾ തകർക്കപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടുണ്ട്. ഇതിൽ മൂന്നിൽ രണ്ട് ഭാഗവും പൂർണ്ണമായും നശിച്ചുപോയി.

ഗസ്സയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള നഗരമായ റഫ, ഗാസയിലുടനീളമുള്ള പലായനം ചെയ്ത ഫലസ്തീനികളുടെ പ്രധാന അഭയകേന്ദ്രമായി മാറിയിരുന്നു. 2024 മെയ് മാസത്തിൽ അവിടെ ഇസ്റാഈൽ സൈനിക നടപടികൾ ആരംഭിച്ചതോടെ ഏകദേശം പത്തുലക്ഷത്തോളം ആളുകൾ ആ പ്രദേശം വിട്ടുപോകാൻ നിർബന്ധിതരായി. ഇതിനകം പലതവണ കുടിയൊഴിപ്പിക്കപ്പെട്ടവരിൽ ഭൂരിഭാഗവും റഫയിലെ യു എൻ അർ ഡബ്ല്യു എ അഭയകേന്ദ്രങ്ങൾ ഒഴിഞ്ഞതോടെ, റഫക്ക് തൊട്ടുവടക്കുള്ള ഖാൻ യൂനിസിലേക്കും മധ്യ ഗാസയിലെ ദെയർ അൽ ബലാഹിലേക്കും മാറാൻ നിർബന്ധിതരായി.

പടിഞ്ഞാറൻ റഫയിൽ, ഒരുകാലത്ത് തിങ്ങിപ്പാർത്തിരുന്ന തൽ അസ് സുൽത്താൻ പ്രദേശം പൂർണ്ണമായും തുടച്ചുനീക്കപ്പെട്ട അവസ്ഥയിലാണ്. മുമ്പ് വീടുകൾ നിന്നിരുന്നിടത്ത് മണൽ മാത്രമാണ് അവശേഷിക്കുന്നതെന്ന് ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു. റഫ, ഖാൻ യൂനിസ് ഗവർണറേറ്റുകളുടെ തീരപ്രദേശത്തായി കിടക്കുന്ന ജനവാസം കുറഞ്ഞ മണൽപരപ്പും കൃഷിയിടങ്ങളുമായിരുന്ന അൽ മവാസി പ്രദേശം യുദ്ധത്തിന്റെ തുടക്കത്തിൽ ഇസ്റാഈൽ മാനുഷിക സുരക്ഷിത മേഖലയായി പ്രഖ്യാപിച്ചിരുന്നു.

പലായനം ചെയ്ത ഫലസ്തീനികളോട് അവിടെ അഭയം തേടാനാണ് ഇസ്റാഈൽ ആവശ്യപ്പെട്ടത്. 2024 മെയ് മാസത്തിൽ റഫ നഗരം ആക്രമിക്കാൻ ഇസ്റാഈൽ ഒരുങ്ങിയപ്പോൾ അന്നത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അവർ റഫയിലേക്ക് കടന്നാൽ ഞാൻ അവർക്ക് ആയുധങ്ങൾ നൽകില്ലന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ആ മുന്നറിയിപ്പ് അവഗണിച്ച് ഇസ്റാഈൽ മുന്നോട്ടുപോവുകയും ലക്ഷക്കണക്കിന് ആളുകളെ അൽ മവാസിയിലേക്ക് തള്ളിവിടുകയും ചെയ്തു. അതിനുശേഷം ഈ പ്രദേശത്തും ഇസ്റാഈൽ നിരന്തരം ബോംബാക്രമണം നടത്തി.

ഒരുകാലത്ത് ശൂന്യമായിക്കിടന്ന ഈ പ്രദേശം ഇപ്പോൾ മുഴുവൻ ടെന്റുകൾ നിറഞ്ഞതും മറ്റെങ്ങും പോകാനില്ലാത്ത കുടുംബങ്ങളാൽ വീർപ്പുമുട്ടുന്നതുമാണെന്ന് ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങൾ കാണിക്കുന്നു.

Content Highlights:
New Google Maps satellite images show catastrophic damage across Gaza, where 82% of buildings are damaged or destroyed according to UNRWA. Massive displacement forced over a million people from Rafah into crowded tent zones in Al Mawasi, Khan Younis, and Deir al Balah following ongoing bombardment.