Source :- SIRAJLIVE NEWS

കൊല്‍ക്കത്ത  | തൃണമൂല്‍ കോണ്‍ഗ്രസില്‍ രണ്ടാമനായ അഭിഷേക് ബാനര്‍ജിക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം ഉണ്ടായതിന് പിറകെ , പശ്ചിമ ബംഗാളില്‍ മറ്റൊരു പാര്‍ട്ടി എം പിക്കു നേരെയും സ്വന്തം മണ്ഡലത്തില്‍ വെച്ച് ആക്രമണമുണ്ടായി. ഹൂഗ്ലിയിലെ ചണ്ഡിതലയില്‍ വെച്ച് കല്ല്യാണ്‍ ബാനര്‍ജിയുടെ തലയ്ക്ക് അടിയേല്‍ക്കുകയായിരുന്നു. പോലീസുകാര്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് സംഭവം. അടിയേറ്റയുടന്‍ അദ്ദേഹം തലയില്‍ കൈവെച്ച് നിലത്തേക്ക് വീഴുകയായിരുന്നു.

ശ്രീരാംപൂര്‍ എം പിയായ അദ്ദേഹത്തിന് നേരെ കരിങ്കൊടികളും കള്ളനെന്ന വിളികളുമായാണ് ജനങ്ങള്‍ പ്രതിഷേധിച്ചത്.അതേ സമയം ഇത് തനിക്കെതിരെ ബിജെപി ആസൂത്രണം ചെയ്ത ആക്രമണമാണെന്ന് കല്യാണ്‍ ബാനര്‍ജി ആരോപിച്ചു. എന്നാല്‍ ബി ജെ പി ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല.

തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമുണ്ടായ അക്രമ സംഭവങ്ങളില്‍ പ്രാദേശിക പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനാണ് കല്ല്യാണ്‍ ബാനര്‍ജിയും അനുയായികളും ഇന്ന് രാവിലെ ചണ്ഡിതലയില്‍ എത്തിയത്. ശ്രീരാംപൂര്‍ ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് ചണ്ഡിതല. 2009 മുതല്‍ നാല് തവണ ഈ മണ്ഡലത്തില്‍ നിന്നും വിജയിച്ചയാളാണ് ബാനര്‍ജി.

അദ്ദേഹം ഒരു ട്രക്കിന് സമീപത്തുകൂടി നടന്നുപോകുമ്പോള്‍ പിന്നില്‍ നിന്ന് എന്തോ വന്ന് തലയില്‍ ഇടിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം. ഉടന്‍ തന്നെ അദ്ദേഹം തലയില്‍ പിടിച്ചുകൊണ്ട് നിലത്തുവീഴുകയായിരുന്നു. തന്റെ തലയിലേക്ക് ക്രിക്കറ്റ് ബോളോ കല്ലോ ആണ് എറിഞ്ഞതെന്നും, ഇത് തനിക്കെതിരെയുള്ള ‘വധശ്രമം’ ആണെന്നും ആരോപിച്ചു.തന്റെ ജീവന്‍ രക്ഷിച്ചതിന് കേന്ദ്ര സേനയ്ക്ക് നന്ദി പറഞ്ഞ അദ്ദേഹം, ബംഗാള്‍ പോലീസ് അക്രമം നടക്കുമ്പോള്‍ കാഴ്ചക്കാരായി നോക്കിനില്‍ക്കുകയായിരുന്നുവെന്നും കല്യാണ്‍ ബാനര്‍ജി ആരോപിച്ചു.

സൗത്ത് പര്‍ഗാനാസിലെ സോനാര്‍പൂരില്‍ അക്രമിക്കപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരെ സന്ദര്‍ശിക്കുന്നതിനിടയിലാണ് മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവനായ അഭിഷേക് ബാനര്‍ജി സമാനമായ ജനരോഷം ഇന്നലെ നേരിട്ടത്. അദ്ദേഹത്തിന് നേരെ മുട്ടയും കല്ലുകളും എറിഞ്ഞു.

സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ ക്രിക്കറ്റ് ഹെല്‍മറ്റ് ധരിപ്പിച്ചാണ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. കൊല്‍ക്കത്തയില്‍ തിരിച്ചെത്തിച്ച അദ്ദേഹത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് നിസാര പരിക്കുകള്‍ മാത്രമാണുള്ളതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ഹെല്‍മറ്റ് ധരിച്ചിരുന്നില്ലെങ്കില്‍ അവന്‍ കൊല്ലപ്പെടുമായിരുന്നുവെന്ന് മമത ബാനര്‍ജി പറഞ്ഞിരുന്നു. ഇതിന് പിന്നില്‍ ബിജെപിയാണെന്നും മമത കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച ബിജെപികഴിഞ്ഞ 15 വര്‍ഷത്തെ ഭരണപരാജയത്തിന്റെ ഫലമാണിതെന്നാണ് പ്രതികരിച്ചത്.