Home rss national malayalam പുതിയ വാർത്ത ദക്ഷിണ ലെബനാനിൽ ഇസ്റാഈൽ വ്യോമാക്രമണം ശക്തമാക്കുന്നു; കുട്ടികളും സ്ത്രീകളും അടക്കം 11 പേർ കൊല്ലപ്പെട്ടു

ദക്ഷിണ ലെബനാനിൽ ഇസ്റാഈൽ വ്യോമാക്രമണം ശക്തമാക്കുന്നു; കുട്ടികളും സ്ത്രീകളും അടക്കം 11 പേർ കൊല്ലപ്പെട്ടു

5
0

Source :- SIRAJLIVE NEWS

ബെയ്റൂത്ത് | ദക്ഷിണ ലെബനനിൽ ഇസ്റാഈൽ നടത്തിയ അതിരൂക്ഷമായ ബോംബാക്രമണങ്ങളിൽ (Israeli Strikes in South Lebanon) മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളും അടക്കം 11 പേർ കൊല്ലപ്പെട്ടതായി ലെബനാൻ അധികൃതർ അറിയിച്ചു. ജൂണിൽ സംഘർഷങ്ങൾ കുറയ്ക്കുന്നതിനായി പ്രഖ്യാപിച്ച ധാരണയ്ക്ക് ശേഷമുള്ള ഏറ്റവും രൂക്ഷമായ ആക്രമണങ്ങളിലൊന്നാണിത്.

നബതിയ ജില്ലയിലെ അൻസാർ ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു വീടിന് നേരെയുണ്ടായ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടതായി ലെബനൻ പ്രധാനമന്ത്രി നവാഫ് സലാം വ്യക്തമാക്കി. കൊല്ലപ്പെട്ടവരിൽ മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. ഭവനരഹിതരായ കുടുംബങ്ങൾ താമസിച്ചിരുന്ന സ്ഥലത്താണ് പുലർച്ചെ 04:30 യോടെ (01:30 ജി എം ടി) ആക്രമണം നടന്നത്. ഗ്രാമത്തിലെ തെരുവുകളിൽ വലിയ പുകപടലങ്ങൾ ഉയരുന്നതും സൈറണുകൾ മുഴങ്ങുന്നതും സോഷ്യൽ മീഡിയ ദൃശ്യങ്ങളിൽ കാണാം.

ശനിയാഴ്ച ഡീർ അൽ സഹ്റാനി പട്ടണത്തിലുണ്ടായ മറ്റൊരു ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിർത്തിക്ക് സമീപമുള്ള ബിന്ത് ജ്ബൈലിലും ഇസ്റാഈൽ സേന വീടുകൾക്ക് നേരെ കനത്ത മെഷീൻ ഗൺ ഫയറിംഗ് നടത്തുകയും നിരവധി വീടുകൾ തകരുകയും ചെയ്തതായി ലെബനൻ വാർത്താ ഏജൻസിയായ എൻ എൻ എ റിപ്പോർട്ട് ചെയ്തു.

അതേസമയം, തങ്ങളുടെ സൈനികർക്കെതിരെ നേരത്തെയുണ്ടായ നടപടിക്ക് മറുപടിയായി ഹിസ്ബുല്ലയുടെ ഭീകര അടിസ്ഥാനസൗകര്യങ്ങൾക്ക് നേരെയാണ് ആക്രമണം നടത്തിയതെന്ന് ഇസ്റാഈൽ ഡിഫൻസ് ഫോഴ്സ് (ഐ ഡി എഫ്) അവകാശപ്പെട്ടു. ദക്ഷിണ ലെബനന്റെ തന്ത്രപ്രധാനമായ അലി അൽ താഹിർ റിഡ്ജ് മേഖലയിലാണ് സംഭവങ്ങൾ നടന്നത്. ഇസ്റാഈൽ പൗരന്മാർക്കും സൈനികർക്കുമുള്ള ഭീഷണികൾ നീക്കം ചെയ്യുന്നത് തുടരുമെന്നും ഐ ഡി എഫ് അറിയിച്ചു.

മാർച്ച് 2 നാണ് ഇസ്റഈലും യു എസും ഇറാനും തമ്മിലുള്ള യുദ്ധത്തിലേക്ക് ലെബനൻ വലിച്ചിഴക്കപ്പെട്ടത്. ഇറാന്റെ പരമോന്നത നേതാവിനെ കൊലപ്പെടുത്തിയ ആക്രമണത്തിന് പ്രതികാരമായി ഹിസ്ബുല്ല ഇസ്റാഈലിലേക്ക് റോക്കറ്റുകൾ അയച്ചതിനെ തുടർന്നായിരുന്നു ഇത്. ഇതിന് മറുപടിയായി ഇസ്റാഈൽ ലെബനനിലുടനീളം ബോംബാക്രമണം നടത്തുകയും ദക്ഷിണ ഭാഗത്തിന്റെ വലിയൊരു പ്രദേശം ആക്രമിച്ചു കീഴടക്കുകയും ചെയ്തു. ലെബനന്റെ അഞ്ച് ശതമാനത്തോളം ഭാഗം ഇപ്പോഴും ഇസ്റാഈൽ സൈനിക നിയന്ത്രണത്തിലാണ്.

ജൂണിലെ വെടിനിർത്തൽ ചട്ടക്കൂട് പ്രകാരം ഹിസ്ബുല്ല ആയുധം വെച്ചൊഴിയാനും ഇസ്റാഈൽ സേന ഘട്ടംഘട്ടമായി പിന്മാറാനും ലെബനൻ സൈന്യത്തെ പ്രദേശത്ത് വിന്യസിക്കാനും നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇസ്റാഈൽ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെ ലെബനൻ പ്രസിഡന്റ് ജോസഫ് ഔൺ ശക്തമായി അപലപിച്ചു. കരാറിൽ പങ്കാളിയല്ലാത്ത ഹിസ്ബുല്ല നേരിട്ടുള്ള ചർച്ചകൾ നിരസിക്കുകയും തങ്ങളുടെ പരമാധികാരം സംരക്ഷിക്കാൻ ഉചിതമായ മറുപടി നൽകുമെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. സെപ്റ്റംബറിൽ ലെബനൻ-ഇസ്റാഈൽ ചർച്ചകളുടെ എട്ടാം റൗണ്ട് നടക്കാനിരിക്കെയാണ് ഈ പുതിയ ആക്രമണങ്ങൾ.

Content Highlights

At least 11 people, including three children and two women, were killed in Israeli strikes in southern Lebanon. Attacks hit displaced families in Ansar and the town of Deir al-Zahrani. Lebanese leaders condemned the strikes, while the IDF claimed targeting Hezbollah infrastructure.