Source :- SIRAJLIVE NEWS
ഒരിടത്ത് മഞ്ഞുമലകൾ… മറ്റൊരിടത്ത് വിശാലമായ മരുഭൂമി… എവിടെയോ കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന തേയിലത്തോട്ടങ്ങൾ… മറ്റൊരിടത്ത് പച്ചപ്പ് നിറഞ്ഞ കായലുകൾ. ഭാഷ മാറും, ഭക്ഷണം മാറും, വസ്ത്രം മാറും. ഒരു രാജ്യത്തിനുള്ളിൽ ഇത്രയും വ്യത്യസ്ത ലോകങ്ങൾ ഉണ്ടാകുമോ? പക്ഷേ ഒരു കാര്യം മാത്രം മാറില്ല- നമ്മൾ എല്ലാവരും ഇന്ത്യക്കാരാണ്!
നമ്മുടെ രാജ്യത്തെ കൂടുതൽ എളുപ്പത്തിൽ ഭരിക്കാനും ഓരോ പ്രദേശത്തെയും കാര്യങ്ങൾ കാര്യക്ഷമമായി നടത്താനുമാണ് ഇന്ത്യയെ 28 സംസ്ഥാനങ്ങളായും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളായും തിരിച്ചിരിക്കുന്നതെന്ന് നിങ്ങൾ ഇതിനകം പഠിച്ചു കാണുമല്ലോ. ചെറിയ ക്ലാസ്സിലുള്ളവരാണെങ്കിൽ വരും വർഷങ്ങളിൽ പഠിക്കും, പേടിക്കേണ്ട!
ഇനി നമുക്ക് ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലൂടെ ഒരു ചെറിയ യാത്ര പോയാലോ?
മഞ്ഞുമലകളുടെ നാട്ടിലേക്ക്…
വടക്കോട്ട് പോയാൽ ജമ്മു കശ്മീർ പോലുള്ള പ്രദേശങ്ങളിൽ മനോഹര മലനിരകളും മഞ്ഞുമൂടിയ കാഴ്ചകളും കാണാം. ഹിമാചൽ പ്രദേശിലും ഉയരം കൂടിയ മലകളും തണുത്ത കാലാവസ്ഥയും മനോഹരമായ താഴ്‌വാരകളും കാണാം.
മണലിന്റെ ലോകം
ഇനി പടിഞ്ഞാറോട്ട് പോയാലോ? അവിടെ കാണാം രാജസ്ഥാൻ! വിശാലമായ താർ മരുഭൂമി, ഒട്ടകങ്ങൾ, വലിയ കോട്ടകൾ, കൊട്ടാരങ്ങൾ… രാജസ്ഥാനിലെ കാഴ്ചകൾ ശരിക്കും ഒരു പഴയ രാജകഥയെ ഓർമിപ്പിക്കും.
ചായയുടെ സുഗന്ധമുള്ള നാട്
വടക്കുകിഴക്കൻ ഇന്ത്യയിലെ അസം ചായത്തോട്ടങ്ങൾക്ക് ഏറെ പ്രശസ്തമാണ്. പച്ചനിറത്തിൽ പരന്നുകിടക്കുന്ന ചായത്തോട്ടങ്ങൾ കാണാൻ തന്നെ മനോഹരമാണ്.
ചരിത്രം പറയുന്ന സ്ഥലങ്ങൾ
ഉത്തർപ്രദേശിലെ ആഗ്രയിലാണ് ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹൽ സ്ഥിതി ചെയ്യുന്നത്. ഇന്ത്യയുടെ ചരിത്രത്തിലും സംസ്കാരത്തിലും പ്രധാന സ്ഥാനമുള്ള നിരവധി സ്ഥലങ്ങൾ ഈ സംസ്ഥാനത്തുണ്ട്.
നമ്മുടെ സ്വന്തം കേരളം
പച്ചപ്പ്, കായലുകൾ, തെങ്ങിൻതോപ്പുകൾ, മലനിരകൾ, കടൽത്തീരം… പ്രകൃതിയുടെ പല ഭാവങ്ങളും ഒരുമിച്ച് കാണാൻ കഴിയുന്ന നാടാണ് കേരളം. അതുകൊണ്ടുതന്നെയാണ് കേരളത്തെ “ദൈവത്തിന്റെ സ്വന്തം നാട്’ എന്ന് വിളിക്കുന്നത്.
കേരളത്തിലെ അപ്പം, പുട്ട്, ദോശ, സദ്യ എന്നിവ പോലെ ഓരോ സംസ്ഥാനത്തിനും അതിന്റേതായ രുചികളുണ്ട്. വടക്കേ ഇന്ത്യയിൽ ചപ്പാത്തിയും പൂരിയും പോലുള്ള ഭക്ഷണങ്ങൾ സാധാരണമാണ്. അതായത് ഇന്ത്യയിലൂടെ യാത്ര ചെയ്യുമ്പോൾ കാഴ്ചകൾക്കൊപ്പം രുചികളും മാറിക്കൊണ്ടേയിരിക്കും!
താഴെയുള്ള സൂചനകൾ വായിക്കുക. ഏത് സംസ്ഥാനമാണെന്ന് കണ്ടെത്തി ഭൂപടത്തിൽ അടയാളപ്പെടുത്തുക
സൂചന 1. “ദൈവത്തിന്റെ സ്വന്തം നാട്’ എന്നറിയപ്പെടുന്ന സംസ്ഥാനം?
സൂചന 2. താർ മരുഭൂമിയും ഒട്ടകങ്ങളും വലിയ കോട്ടകളാലും പ്രശസ്തമായ സംസ്ഥാനം?
സൂചന 3. ലോകപ്രശസ്തമായ താജ്മഹൽ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
സൂചന 4. ചായത്തോട്ടങ്ങൾക്ക് ഏറെ പ്രശസ്തമായ വടക്കുകിഴക്കൻ സംസ്ഥാനം?
സൂചന 5.”അഞ്ച് നദികളുടെ നാട്’ എന്നറിയപ്പെടുന്ന സംസ്ഥാനം?
ഇനി ഒരു ചെറിയ ക്വിസ്!
1. ഭാഷാടിസ്ഥാനത്തിൽ രൂപവത്കരിക്കപ്പെട്ട സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം
2. വിസ്തീർണത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം?
3. വിസ്തീർണത്തിൽ ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം?
4. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനം?
5. “ആപ്പിളുകളുടെ നാട്’ എന്നറിയപ്പെടുന്ന സംസ്ഥാനം?
ഉത്തരങ്ങൾ യഥാക്രമം
1.ആന്ധ്രാപ്രദേശ് 2.രാജസ്ഥാൻ
3.ഗോവ
4.ഉത്തർപ്രദേശ്
5. ഹിമാചൽ പ്രദേശ്
Content Highlights:
India is a diverse nation divided into 28 states and eight union territories for efficient administration. From the snow-capped mountains of Jammu & Kashmir to the Thar desert in Rajasthan, tea gardens of Assam, and Kerala backwaters, each region boasts unique landscapes, history, and cuisine.



