Home rss national malayalam പുതിയ വാർത്ത നിസ്സാരരല്ല ശലഭങ്ങൾ

നിസ്സാരരല്ല ശലഭങ്ങൾ

5
0

Source :- SIRAJLIVE NEWS

രാവിലെ ജനാലയിൽ മഞ്ഞ നിറമുള്ള ഒരു ലൈം ബട്ടർഫ്ലൈ വന്നിരുന്നാൽ കുഞ്ഞുങ്ങൾ സന്തോഷം കൊണ്ട് ഓടിയെത്തുന്നു. സ്കൂളിലെ പൂന്തോട്ടത്തിൽ കിലുക്കിച്ചെടികൾ നട്ട് പൂമ്പാറ്റകൾക്കായി കാത്തിരിക്കുന്നവരുണ്ടാവില്ലേ? പൂമ്പാറ്റകളില്ലെങ്കിൽ ഇതെല്ലാം മായുകയാകും. പ്രകൃതി നിറച്ചാർത്ത് മാഞ്ഞ് ചന്തമില്ലാതെയാകും. പൂക്കൾ ഉണ്ടാവും. പക്ഷേ, പരാഗണം… തേനീച്ചയുണ്ട്, കാറ്റുണ്ട്. എന്നിട്ടും പല കാട്ടുപൂക്കളും നിശബ്ദമായി കൊഴിഞ്ഞു തീരും.

പുഴക്കരയിലെ വെള്ളത്തിനു മുകളിൽ നൃത്തം ചെയ്യുന്ന പൂമ്പാറ്റകളെ കാണാത്ത നരച്ച ഒരു വേനൽ !
മഴക്കു ശേഷം ഇലയിൽ വന്നിരുന്ന നീലക്കടുവ ശലഭത്തിന്റെ നനഞ്ഞ ചിറകുകൾ കാണാത്ത ഉച്ചകൾ! പൂമ്പാറ്റ പോയാൽ പ്രകൃതിയിൽ അതിന്റെ കുറവ് മാത്രമല്ല നമ്മുടെ ഉള്ളിലെ സന്തോഷത്തിന്റെ ഒരു ചെറു കഷ്ണം കൂടി ഇല്ലാതാവുകയായിരിക്കും. ചെടി നടുമ്പോൾ ഒപ്പം കടുത്ത വിഷം കൂടിയാണ് ഒപ്പം കൂട്ടുന്നത്. വിഷം ഒഴിച്ചില്ലെങ്കിൽ പൂമ്പാറ്റകൾ ഭൂമിയിൽ ജീവനോടെയുണ്ടാവുമോ?

ഭൂമിയിൽ നിന്നും പൂമ്പാറ്റകളുടെ പല വിഭാഗങ്ങളും വംശനാശത്തിലേക്ക് കടന്നിരിക്കുകയാണ്. മെല്ലെ മെല്ലെ ശേഷിക്കുന്നവയും ഓർമകളിലേക്ക് ചേക്കേറും. പക്ഷേ, ശലഭങ്ങളെ പ്രകൃതിയിൽ നിന്ന് പോകാനനുവദിക്കാതെ പിടിച്ചു നിർത്താൻ ലോകം മുഴുവൻ ബട്ടർഫ്ലൈ പാർക്കുകൾ ഉയരുകയാണ്. ടൂറിസത്തിന്റെ മികവിൽ മയങ്ങി പൂമ്പാറ്റകൾ വിലസുമ്പോഴും ഈ വർണച്ചിറകടി നിലനിർത്താൻ ലോകം പെടാപ്പാട് പെടുകയാണ്.
പകല്‍ പറക്കുന്ന, നിറഭംഗിയില്‍ ആരും നോക്കിനിന്നുപോകുന്ന ചിത്രശലഭങ്ങള്‍ പ്രകൃതിയുടെ അഴക് കൂട്ടുന്നവയാണ്. ഒരിക്കലും ഇവ വംശനാശത്തിലേക്ക് കടക്കുമെന്ന് നമുക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല.
ആന, കടുവ, കുറുക്കന്‍ തുടങ്ങിയവയെല്ലാം വംശനാശഭീഷണിയിലാണെന്ന് പറഞ്ഞാല്‍ നമ്മള്‍ തലകുലുക്കി സമ്മതിക്കും. പക്ഷേ ശലഭത്തിന്റെ കാര്യത്തിലേക്ക് വരുമ്പോള്‍ സംഗതി മാറും. ഏയ്… ഇല്ല… തറപ്പിച്ച് പറയും. പക്ഷേ വസ്തുത മറ്റൊന്നാണ്.

കടുത്ത കാലാവസ്ഥാ വ്യതിയാനവും ആവാസ വ്യവസ്ഥതയുടെ തകർച്ചയും കാരണം ലോകമെമ്പാടുമുള്ള ചിത്രശലഭങ്ങൾ കടുത്ത വംശനാശ ഭീഷണി നേരിടുകയാണ്. മരങ്ങളും ചെടികളും നഷ്ടപ്പെടുമ്പോൾ വലിയ ജീവികളെ മാത്രമല്ല പൂമ്പാറ്റകളെയും അത് ബാധിക്കുന്നു. അമിത കീടനാശിനി ഉപയോഗങ്ങൾ, കൃഷിയിടങ്ങളിലും മറ്റും പ്രയോഗിക്കുന്ന രാസവസ്തുക്കൾ ഇവയുടെ ജീവന് വലിയ ഭീഷണിയാകുകയാണ്. താപനിലയിലുള്ള ഏറ്റക്കുറച്ചിലുകളായി കടുത്ത ചൂടും വരൾച്ചയും മഴയിലെ മാറ്റങ്ങളും ശലഭങ്ങളുടെ വളർച്ചയെ ശരിക്കും ബാധിക്കുന്നു. ആഗോളതലത്തിൽ ഇക്കാര്യം ചർച്ചാ വിഷയമായി. ശാസ്ത്രലോകത്തിന് പൂമ്പാറ്റകൾ നിസ്സാരരല്ല.
ലോകമെമ്പാടും ബട്ടർ ഫ്ലൈ പാർക്കുകൾ വരികയാണ്. പ്രകൃതിയുടെ പറക്കുന്ന വർണം ആസ്വദിപ്പിക്കാനായി ഇനി നമുക്ക് പൂമ്പാറ്റ പാർക്കുകളിലേക്ക് ചേക്കേറേണ്ടി വരും. പുതിയ കാലത്തിന്റെ കാഴ്ചകൾ ചുറ്റിലും തിരഞ്ഞല്ല, വൈവിധ്യമുള്ള ഒരിടത്തു ചെന്ന് നിന്ന് ആസ്വദിച്ചു മടങ്ങേണ്ടതിലേക്കാണ് കാലം ചെന്നെത്തിക്കുന്നത്.

വരുന്നു പൂമ്പാറ്റ പാർക്കുകൾ

വംശനാശത്തിനടിപ്പെടുന്ന ശലഭങ്ങളെയും അവയുടെ ആവാസവ്യവസ്ഥയെയും സംരക്ഷിക്കുകയാണ് പ്രധാനമായും പാർക്കു കൊണ്ട് ഉദ്ദേശിക്കുന്നത്. പൂമ്പാറ്റക്ക് ആവശ്യമായ ഒരു സമ്പൂർണ ആവാസവ്യവസ്ഥയായിരിക്കും ഒരോ പാർക്കും വിഭാവനം ചെയ്യുന്നത്. പൂക്കളിൽ നിന്ന് പൂക്കളിലേക്ക് പറന്ന് സസ്യങ്ങളിൽ പരാഗണം നടത്തുവാനും ഇത് സഹായിക്കുന്നു.

ഓരോ ബട്ടർഫ്ലൈ പാർക്കും ഓരോ മിനി സാങ്ച്വറി പോലെ വിലപ്പെട്ടതാക്കാനുള്ള പ്രയത്നത്തിലാണ് മിക്ക രാജ്യങ്ങളും അവിടുത്തെ പ്രകൃതി സ്നേഹികളും. മനസ്സിന് സന്തോഷം നൽകുന്ന മനോഹരമായ കാഴ്ചകളിലൂടെ പരിസ്ഥിതി ടൂറിസത്തെ വളർത്തുകയാണ് മിക്ക ബട്ടർഫ്ലൈ പാർക്കുകളും.

ആസ്ത്രേലിയയിലെ ക്വീൻസ്‌ലാൻഡ്

കുരാണ്ട ഗ്രാമത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ആസ്ത്രേലിയയിലെ ഏറ്റവും വലിയ ശലഭ ഉദ്യാനം. ആയിരക്കണക്കിന് ശലഭങ്ങളെ കാണാം. ആസ്ത്രേലിയയിലെ ശ്രദ്ധേയമാവുന്ന ഒരു ടൂറിസ്റ്റ് സ്പോട്ട് കൂടിയാണിത്.
ക്വീന്‍സ് ലാൻഡിന്റെ എക്സിപീരിയന്‍സ് ലോകത്ത് എവിടെയും കിട്ടില്ലെന്നാണ് പറയുന്നത്. 1500 ലധികം ട്രോപ്പിക്കല്‍ ശലഭങ്ങള്‍ ഉണ്ട് ഇവിടെ. ആയിരക്കണക്കിന് കാറ്റര്‍ പില്ലറുകളെ വളര്‍ത്തുന്നതും നേരിട്ട് കാണാം. ഗ്ലാസ്സിലൂടെ പൂമ്പാറ്റയുടെ ജീവിതചക്രം നേരിട്ട് ദര്‍ശിക്കാം. ഹെര്‍ക്കുലസ് മോത്ത് പോലുള്ള ഏറ്റവും വലിയ നിശാശലഭങ്ങളില്‍ ഒന്നായ ഇവയെ നേരിട്ട് കാണാം.

മറക്കാനാകാത്ത എക്സ്പീരിയന്‍സുകള്‍ തരുന്ന യു വി റൂമുകള്‍ പൂമ്പാറ്റയുടെ കണ്ണിലൂടെ ലോകത്തെ കാണിക്കുന്ന വിധം സൃഷ്ടിക്കുന്നു. ലോകത്തെ അപൂര്‍വ പൂമ്പാറ്റ മ്യൂസിയം, അവിടുത്തെ അപൂര്‍വം കളക്്ഷനുകള്‍ നമ്മെ ശരിക്കും ഞെട്ടിക്കും. മഴക്കാലത്തും തുറന്നിരിക്കും. ചുവപ്പോ വെള്ളയോ പിങ്കോ വസ്ത്രം ധരിച്ച് ചെല്ലുകയാണെങ്കില്‍ ശലഭങ്ങള്‍ നിങ്ങളുടെ ശരീരത്തില്‍ വന്നിരിക്കുമെന്ന് അവിടുത്തെ വീഡിയോകളിലൂടെ കാണിച്ച് തരുന്നു.

യു എസിലെ ഫ്ലോറിഡ ബട്ടര്‍ഫ്ലൈ പാര്‍ക്ക്

1988 ല്‍ തുറന്ന ഇത് ലോകത്തിലെ ഏറ്റവും വലുതാണ്. ഇരുപതിനായിരത്തിലധികം ശലഭങ്ങള്‍ ഇവിടെ ഉണ്ട്.
അഞ്ച് ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള പൂമ്പാറ്റകള്‍ക്ക് പുറമെ ലോകത്തിലെ ഏറ്റവും വലിയ പാഷന്‍ ഫ്ലവര്‍ കളക്്ഷനും ഇവിടെയാണ്. ചെറു ജീവികളുടെ ഒരു കേന്ദ്രം ഇവിടെ കാണാം.

ബോണ്‍ഹോം ബട്ടര്‍ഫ്ലൈ പാര്‍ക്ക് (ഡെന്‍മാര്‍ക്ക് )

ഒരു ദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്താണിത്. ആയിരം ട്രോപ്പിക്കല്‍ പൂമ്പാറ്റകള്‍ ഉണ്ട്. ചൂടും ഈര്‍പ്പവുമുള്ള മഴക്കാട് ആയതുകൊണ്ട് വ്യത്യസ്ത കാലാവസ്ഥകള്‍ അനുഭവപ്പെടും. വെള്ളച്ചാട്ടവും തടാകവും പൂക്കളും ചെടികളും കൊണ്ട് സമ്പന്നമാണ് ഇത്. മ്യൂസിയവും ട്രോപ്പിക്കല്‍ ഹൗസും തൊട്ടടുത്ത ബാല്‍ക്ക ബീച്ചും ശലഭോദ്യാനത്തോടനുബന്ധിച്ച് തന്നെയാണ്.

ഇന്ത്യയില്‍

തമിഴ്നാട്ടിലെ ട്രിച്ചിയിലെ ട്രോപ്പിക്കല്‍ ബട്ടര്‍ഫ്ലൈ കണ്‍സര്‍വേറ്ററി ആണ് ഏഷ്യയിലേയും ഇന്ത്യയിലേയും ഏറ്റവും വലിയ ശലഭോദ്യാനം. ശ്രീരംഗത്തെ രണ്ട് നദികള്‍ക്കിടയില്‍ 35 ഏക്കറിലധികം വിസ്തൃതിയിലാണിത്. ഗ്ലാസ്സ് ഹൗസ്, ശലഭനിരീക്ഷണത്തിനായി ചെറു നടപ്പാതകള്‍, നക്ഷത്രവനം എന്നിവ ട്രിച്ചി ബട്ടര്‍ഫ്ലൈ പാര്‍ക്കിന്റെ ആകര്‍ഷണങ്ങളാണ്.

കേരളത്തില്‍

കേരളത്തിലെ ഏറ്റവും വലിയ ശലഭോദ്യാനം കൊല്ലത്തെ തെന്മല ഇക്കോ ടൂറിസത്തില്‍ ഉള്‍പ്പെടുന്നതാണ്. ഏഷ്യയിലെ തന്നെ ആദ്യത്തെ ഇക്കോ ഫ്രണ്ട്‌ലി ശലഭ സഫാരി പാര്‍ക്കും ഇതാണ്.
ഏഴര ഏക്കറോളം വിസ്തൃതിയുണ്ട്. നൂറിലധികം വിവിധ പൂമ്പാറ്റകളെ കാണാം. അതിരപ്പിള്ളിക്ക് സമീപമുള്ള തുമ്പൂര്‍ മൂഴിയിലും തട്ടേക്കാട് പക്ഷി സക്ഷേതത്തിലും പൂമ്പാറ്റ പാര്‍ക്കുകള്‍ ഉണ്ട്.

Content Highlights:
Butterfly species worldwide face severe threats of extinction due to climate change, habitat loss, and excessive pesticide use. To protect these essential pollinators and preserve biodiversity, butterfly parks are rapidly emerging across the globe as key eco-tourism destinations. Famous sanctuaries like Australia’s Kuranda, USA’s Butterfly World, and Kerala’s Thenmala offer safe habitats while educating visitors.